Sorry, you need to enable JavaScript to visit this website.

ലക്ഷണമില്ലാത്ത കോവിഡ് രോഗികളും ധാരാളം; രക്ഷപ്പെടാന്‍ ഒരേയൊരു മാര്‍ഗം

ലോക്ഡൗണ്‍ ഇളവിനെ തുടര്‍ന്ന് ദുബായില്‍ റോഡരികില്‍ ഇരിക്കുന്ന വിദേശികള്‍.

ദുബായ്- ലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തവരിലും കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തീര്‍ത്തും അത്യാവശ്യമുണ്ടെങ്കില്‍ അല്ലാതെ ഒരിക്കലും പുറത്തിറങ്ങരുതെന്ന മുന്നറിയിപ്പുമായി ആരോഗ്യരംഗത്തെ വിദഗ്ധര്‍. കോവിഡ് -19 ന് മരുന്നില്ലെന്ന കാര്യം വിസ്മരിക്കരുതെന്നും ഡോക്ടര്‍മാരും വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.

വൈറസിനെതിരെ ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. അതുകൊണ്ടു തന്നെ രോഗം ബാധിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയാണ് ഏറ്റവും പ്രധാനം. ലക്ഷണങ്ങളൊന്നും പ്രകടിപ്പിക്കാത്ത കോവിഡ് രോഗികള്‍ അവര്‍ അറിയാതെ തന്നെ സമൂഹ വ്യാപനത്തിനു കാരണമാകാം. ഈ സാഹചര്യത്തില്‍ വളരെ അത്യാവശ്യത്തിനു മാത്രം പുറത്തിറങ്ങുകയും ബാക്കി സമയങ്ങളില്‍ വീടുകളില്‍തന്നെ തങ്ങുകയും ചെയ്യുകയെന്ന രീതിയാണ് രോഗത്തില്‍നിന്ന് സുരക്ഷിതനാകാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിക്കുന്നു.

അത്യാവശ്യത്തിനു പുറത്തിറങ്ങിയാലും ആള്‍ക്കൂട്ടമുള്ള സ്ഥലങ്ങളില്‍ പോകാനോ ഒത്തുചേരാനോ പാടില്ല. ഫേസ് മാസ്‌ക് ഉപയോഗിക്കുന്നതിനു പുറമെ, മറ്റുള്ളവരില്‍നിന്ന് ചുരുങ്ങിയത് രണ്ട മീറ്റര്‍ അകലം പാലിക്കുകയും വേണം.

സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന ഇളവുകുള്‍ ചെറുകിട കച്ചവടക്കാരിലടക്കം വലിയ ആത്മവിശ്വാസം പകരാന്‍ സഹായകമായിട്ടുണ്ടെങ്കിലും അവരുടെ ഉത്തരവാദിത്തം മുമ്പത്തേക്കാളും വര്‍ധിച്ചിരിക്കുന്നുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നത്. ഉപഭോക്താക്കള്‍ നിശ്ചിത അകലം പാലിക്കുന്നുണ്ടെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഉറപ്പുവരുത്തണം.
പരമാവധി വീടുകളില്‍തന്നെ ഇരുന്ന് സാധ്യമാകുന്ന ഓണ്‍ലൈന്‍ സര്‍വീസുകള്‍ ഉപയോഗപ്പെടുത്തണമെന്നാണ് നിര്‍ദേശം.

മറ്റുള്ളവരുമായി മുഖാമുഖം സമ്പര്‍ക്കത്തിനുള്ള സാധ്യത പരമാവധി ഒഴിവാക്കണമെന്നാണ് ആസ്റ്റര്‍ ഹോസ്പിറ്റലിലെ ഡോ. സന്ദീപ് നിര്‍ദേശിക്കുന്നത്. തങ്ങള്‍ രോഗികളാണെന്ന് അറിയുന്നതിനുമുമ്പ് രോഗം പടര്‍ത്താനുള്ള സാധ്യതകള്‍ നിലനില്‍ക്കുന്നു. അകത്തായാലും പുറത്തായാലും നിങ്ങളുടെ വീടിനുപുറത്തുള്ളവരുമായി നേരിട്ടുള്ള സമ്പര്‍ക്കം  ഒഴിവാക്കണം. നിങ്ങള്‍ക്കോ അവര്‍ക്കോ കോവിഡ് ലക്ഷണങ്ങളില്ലെങ്കിലും ഈ രീതി പിന്തുടരണമെന്ന് അദ്ദേഹം പറയുന്നു.

 

Latest News