Sorry, you need to enable JavaScript to visit this website.

നാദിര്‍ഷായെ ചോദ്യം ചെയ്തു; പള്‍സര്‍ സുനിയെ അറിയില്ലെന്ന് ആവര്‍ത്തിച്ചു

കൊച്ചി- നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിന്റെ അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷായെ പോലീസ് ചോദ്യം ചെയ്തു.ആലുവ പോലീസ് ക്ലബില്‍ രാവിലെ 10.15ന് എത്തിയ നാദില്‍ഷാക്ക്  വൈദ്യപരിശോധന നടത്തിയ ശേഷമാണ് ചോദ്യം ചെയ്തത്. പ്രത്യേകം തയാറാക്കിയ ചോദ്യാവലി ഉപയോഗിച്ചായിരുന്നു ചോദ്യം ചെയ്യല്‍. അറസ്റ്റ് ചെയ്യുമെന്നു ഭീഷണിപ്പെടുത്തിയിട്ടില്ലെന്നു നാദിര്‍ഷാ മാധ്യമങ്ങളോടു പറഞ്ഞു. പള്‍സര്‍ സുനിയെ അറിയില്ലെന്നും  ആവര്‍ത്തിച്ചു.
ഹൈക്കോടതി നിര്‍ദേശിച്ചതനുസരിച്ചു വെള്ളിയാഴ്ച പോലീസ് മുമ്പാകെ ഹാജരായ നാദിര്‍ഷായെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്നു ചോദ്യം ചെയ്തിരുന്നില്ല. ഈ സാഹചര്യത്തില്‍ ഞായറാഴ്ച രാവിലെ 10ന് ആലുവ പൊലീസ് ക്ലബ്ബില്‍ ഹാജരാവാന്‍ നാദിര്‍ഷായോട് അന്വേഷണസംഘം ആവശ്യപ്പെടുകയായിരുന്നു. 'കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍' എന്ന സിനിമയുടെ സെറ്റില്‍വച്ചു തനിക്കു നാദിര്‍ഷാ പണം നല്‍കിയതായി കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ മൊഴി നല്‍കിയിരുന്നു. നാദിര്‍ഷായെ അറസ്റ്റ് ചെയ്യേണ്ട സാഹചര്യമില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
അതിനിടെ, പള്‍സര്‍ സുനി ഹൈക്കോടതിയില്‍ ജാമ്യഹരജി നല്‍കി. കേസില്‍ ഏപ്രില്‍ 17ന് അന്വേഷണ സംഘം ആദ്യ കുറ്റപത്രം നല്‍കിയ സാഹചര്യത്തില്‍ റിമാന്‍ഡ് ഒഴിവാക്കണമെന്നു ജാമ്യാപേക്ഷയില്‍ പറയുന്നു. കേസില്‍ കുടുക്കിയതാണെന്നും കുറ്റകൃത്യത്തില്‍ പങ്കില്ലെന്നും ഹരജിയില്‍ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 17നു തൃശൂരില്‍നിന്നു കൊച്ചിയിലേക്കു കാറില്‍ വരികയായിരുന്ന നടിയെ സുനിയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം ഉപദ്രവിച്ചുവെന്നാണു കേസ്.
 

Latest News