ദോഹ- കോവിഡ് പശ്ചാത്തലത്തിൽ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവർക്കായി കൾച്ചറൽ ഫോറം ഏർപ്പെടുത്തിയ സൗജന്യ ടിക്കറ്റ് പദ്ധതിയിലൂടെ ആദ്യ വ്യക്തിക്കുള്ള ടിക്കറ്റു കൈമാറി. സന്ദർശക വിസയിൽ ഖത്തറിലെത്തിയ രോഗിയായ കൊല്ലം ജില്ലയിലെ മൂന്നാംകുറ്റി സ്വദേശിനിക്കാണ് ആദ്യ ടിക്കറ്റ് നൽകിയത്. സൗജന്യ ടിക്കറ്റ് പദ്ധതിയിലെ ആദ്യ ടിക്കറ്റ് വിതരണോൽഘാടനം അസീം ടെക്‌നോളജീസ് ഫൗണ്ടർ സി.ഇ.ഒ ഷെഫീഖ് കൾച്ചറൽ ഫോറം കൊല്ലം ജില്ലാ പ്രസിഡന്റ് എം. റഷീദിന് നൽകി നിർവഹിച്ചു. ചടങ്ങിൽ ജില്ലാ വൈസ് പ്രസിഡന്റ് ഷിബു ഹംസ പങ്കെടുത്തു. പദ്ധതിയുടെ സഹകാരികളായ അസീം ടെക്‌നോളജീസ് ആണ് 11 ടിക്കറ്റുകൾ സ്‌പോൺസർ ചെയ്യുന്നത്.
കോവിഡ് പശ്ചാതലത്തിൽ ഗൾഫ് രാജ്യങ്ങളിൽനിന്നും നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക് വെൽഫെയർ പാർട്ടി പ്രഖ്യാപിച്ച സൗജന്യ ടിക്കറ്റ് പദ്ധതിയുടെ ഭാഗമായാണ് കൾച്ചറൽ ഫോറം ആദ്യഘട്ടമായി ഖത്തറിലുള്ള പ്രയാസം അനുഭവിക്കുന്ന 50 പേർക്ക് ടിക്കറ്റകൾ സൗജന്യമായി നൽകുന്നത്. എംബസി യാത്രാനുമതി നൽകി യാത്ര തിയ്യതി ലഭിച്ച വരെ മാത്രമാണ് സൗജന്യ ടിക്കറ്റിനായി പരിഗണിക്കുക.