Sorry, you need to enable JavaScript to visit this website.

കേരളം ഇന്നനുഭവിക്കുന്ന സ്വസ്ഥതയുടെ പേരാണ് പ്രവാസി -സാറാ ജോസഫ്

സാറാ ജോസഫ് ചില്ലയുടെ വെർച്വൽ വായന സംവാദ പരിപാടിയിൽ.

റിയാദ് - പ്രവാസിയുടെ പ്രശ്‌നങ്ങൾ കേരളത്തിൽ ജീവിക്കുന്നവരെ വേദനിപ്പിക്കുമെന്നും കേരളം ഇന്നനുഭവിക്കുന്ന സ്വസ്ഥതയുടെ പേരാണ് പ്രവാസിയെന്നും സാറാ ജോസഫ്. എല്ലാകാലത്തും പ്രവാസി അനുഭവിക്കുന്ന സന്തോഷവും ദുഃഖവുമെല്ലാം കേരളീയരുടേതാകുന്നതും അതുകൊണ്ടാണ്. ചില്ലയുടെ പ്രതിവാര വെർച്വൽ വായനാസംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.


കോവിഡ് കാലത്ത് മനുഷ്യർ അവരുടെ ഏകാന്തതയിലേക്ക് ചുരുങ്ങി. പരസ്പരം തൊട്ടാൽ മരിക്കും എന്നുള്ള അവസ്ഥ ഇത്രത്തോളം ഉണ്ടായിട്ടില്ല. മറ്റൊന്നിനും സമയം കാണാതെ മനുഷ്യൻ തന്റെ ആഹഌദങ്ങളിൽ തലതല്ലി ഒഴുകുകയായിരുന്നു. പെട്ടന്നാണ് മനുഷ്യൻ അടച്ചിടപ്പെട്ടത്. ധാരാളം കിട്ടിയ സമയം അവൻ എങ്ങനെ ഉപയോഗിച്ചു എന്നത് പ്രധാനമാണ്. മനസ്സിന്റെ മനസ്സിലേക്ക് നോക്കിയിരിക്കാൻ ഓരോ വ്യക്തിയും പരുവപ്പെട്ടിട്ടുണ്ടാകും. അതേസമയം മനുഷ്യരെ അടച്ചിട്ടപ്പോൾ പ്രകൃതിക്ക് വന്ന പെട്ടെന്നുള്ള മാറ്റങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഈ സമയത്ത് പലതരത്തിലുള്ള തിരിച്ചറിവുകൾ ഉണ്ടാകുന്നുണ്ട്. ചികിത്സാ നീതിയെക്കുറിച്ചുള്ള ചിന്തയാണ് ഇതിൽ പ്രധാനപ്പെട്ടത്. വികസിതം എന്ന് നാം പൊതുവെ കരുതപ്പെടുന്ന രാജ്യങ്ങളിൽ രോഗം വരുന്നവർക്ക് കിട്ടേണ്ട ചികിത്സ അപ്രാപ്യമാണ്. അവിടെ ചികിത്സ കിട്ടാതെ മരിക്കുന്നവർ കൂടിവരുന്നു. ഇവിടെയാണ് നമ്മുടെ നാടിന്റെ പ്രസക്തി. ആരോഗ്യം അവകാശമാണ് എന്ന ചിന്തയിൽ നിന്നാണ് നമ്മുടെ ആരോഗ്യരംഗം കെട്ടിപ്പൊക്കിയത്.
സമൂഹത്തിലെ ലിംഗപരമായ ചോദ്യങ്ങൾ ഉയർത്തികൊണ്ടുവന്നത് ഫെമിനിസ്റ്റ് പ്രസ്ഥാനങ്ങളാണ്. മനുഷ്യരാശിയുടെ പകുതിയോ, അതിലധികമോ ഉള്ളവരുടെ ജീവിതം എങ്ങിനെ അടിച്ചമർത്തപ്പെട്ടതായി എന്നുള്ള ചോദ്യമുയർന്നു. 


പുരുഷകേന്ദ്രീകൃതമായ സമൂഹത്തിൽ ഒട്ടനവധി എതിർപ്പുകൾ അതിജീവിച്ചാണ് പലരും ഈ ചോദ്യങ്ങൾ തുടരെ ചോദിച്ച് മുന്നേറിയത്. ജനാധിപത്യപരമായ തുല്യനീതിക്കും അവകാശങ്ങൾക്കും വേണ്ടിയാണ് ആ പോരാട്ടങ്ങൾ ഇന്നും നടക്കുന്നതെന്ന് തുടർന്ന് നടന്ന സംവാദത്തിൽ സാറാ ജോസഫ് പറഞ്ഞു. അമൃത സുരേഷ്, ബീന ആർ. ചന്ദ്രൻ, സീബ കൂവോട്, ലീന കൊടിയത്ത്, ജുനൈദ് അബൂബക്കർ, അനിത നസീം, ജയചന്ദ്രൻ നെരുവമ്പ്രം, അഖിൽ ഫൈസൽ, ഷംല ചീനിക്കൽ, ഇക്ബാൽ കൊടുങ്ങല്ലൂർ, ബീന, നൗഷാദ് കോർമത്ത്, എം. ഫൈസൽ എന്നിവർ സംസാരിച്ചു. സാറാ ജോസഫിന്റെ 'ഒരു പരമരഹസ്യത്തിന്റെ ഓർമയ്ക്ക്' എന്ന കഥയുടെ വായനയും ചർച്ചയും നടന്നു. വിപിൻ കുമാർ കഥ വായിച്ചു. നജിം കൊച്ചുകലുങ്ക്, അഡ്വ. ആർ. മുരളീധരൻ, റസൂൽ സലാം, സാലു എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

 

 

Latest News