റമദാന്‍ അവസാന പത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. വിശ്വാസികളുടെ മനസ്സും ശരീരവും അവരുടെ സ്രഷ്ടാവിലേക്ക് കൂടുതല്‍ അടുത്ത് വിനയാന്വിതരായി ഈറനണിഞ്ഞ കണ്ണുകളോടെ സര്‍വാപരാധങ്ങളും ഏറ്റുപറഞ്ഞുകൊണ്ട് സ്വയം സമര്‍പ്പിക്കേണ്ട പ്രതീക്ഷയുടെയും കനിവിന്റെയും നാളുകളാണത്. 'അല്ലാഹുമ്മ ഇന്നക അഫ് വുന്‍ തുഹിബുല്‍ അഫ്വ ഫഅഫു അന്നീ' (അല്ലാഹുവെ, നീയാണ് മാപ്പ്, മാപ്പ് നീ ഇഷ്ടപ്പെടുന്നു, എനിക്ക് മാപ്പേകണേ) എന്ന പ്രാര്‍ത്ഥന നിരന്തരമായി ഉരുവിട്ട് കൊണ്ട് ജീവിതത്തിന്റെ വ്യത്യസ്ത സന്ദര്‍ഭങ്ങളില്‍ അറിഞ്ഞും അറിയാതെയും സംഭവിച്ചു പോയ ദോഷങ്ങള്‍ക്ക് മാപ്പ് ലഭിക്കാനായി അല്ലാഹുവിനോട് ആത്മാര്‍ത്ഥമായി വിശ്വാസികള്‍ കരളുരുകി പ്രാര്‍ത്ഥിക്കുന്ന രാപകലുകളാണത്. മുഹമ്മദ് നബി (സ) റമദാനിന്റെ അവസാന രാവുകളെ സജീവമാക്കുന്നതിനു വേണ്ടി മുണ്ടുമുറുക്കിയുടുത്ത് കുടുംബാംഗങ്ങളെ പ്രാര്‍ത്ഥനയ്ക്കായി വിളിച്ചുണര്‍ത്തി പ്രത്യേകമായി ഒരുങ്ങാറുണ്ടായിരുന്നുവെന്ന് ആഇശ (റ) വ്യക്തമാക്കുന്നുണ്ട്. വിധിനിര്‍ണ്ണയത്തിന്റെ ആയിരം വര്‍ണ്ണങ്ങള്‍ വിതറുന്ന ലൈലതുല്‍ ഖദ്ര്‍ എന്ന പുണ്യരാവ് റമദാനിന്റെ അവസാന ദിവസങ്ങളിലാണ് എന്നത് ഈ ദശദിനങ്ങളെ സവിശേഷമാക്കി നിര്‍ത്തുന്നു.
വിശ്വാസികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലൈലതുല്‍ ഖദ്ര്‍ ഒരായിരം സവിശേഷതകള്‍ നിറഞ്ഞതാണ്. വിശുദ്ധ ഖുര്‍ആന്‍ പറയുന്നു: 'നിശ്ചയം, നാം ഇതിനെ (ഖുര്‍ആനിനെ) ലൈലതുല്‍ ഖദ്റില്‍ അവതരിപ്പിച്ചിരിക്കുന്നു. ലൈലതുല്‍ ഖദ്ര്‍ എന്നാല്‍ എന്താണെന്ന് നിനക്കറിയാമോ? ലൈലതുല്‍ ഖദ്ര്‍ ആയിരം മാസങ്ങളേക്കാള്‍ ഉത്കൃഷ്ടമാണ്. മലക്കുകളും ജിബ്രീലും അവരുടെ നാഥന്റെ എല്ലാ കാര്യങ്ങളെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാവില്‍ ഇറങ്ങിവരും. പ്രഭാതോദയം വരെ അത് സമാധാനമത്രെ' (97:15). മാനവരാശിയുടെ മോചനത്തിനായും സത്യാസത്യ വിവേചനത്തിനായും അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടത് ലൈലതുല്‍ ഖദ്റിലാണ്. അല്ലാഹുവിന്റെ ജ്ഞാനരേഖയായ ലൗഹുല്‍ മഹ്ഫൂളില്‍ നേരത്തെ തന്നെയുള്ള ഖുര്‍ആനിനെ ഈ രാവിലാണ് ഒന്നാം ആകാശത്തേക്ക് അവതരിപ്പിച്ചത്. പിന്നീട് അവിടെനിന്നും 23 വര്‍ഷത്തിനിടയില്‍ മുഹമ്മദ് നബി (സ) ക്ക് സന്ദര്‍ഭാനുസരണം ഖുര്‍ആന്‍ ഇറക്കപ്പെടുകയായിരുന്നു. ഇബ്‌നു അബ്ബാസും (റ) മറ്റും പറയുന്നതായി ഇബ്‌നു കഥീര്‍ രേഖപ്പെടുത്തുന്നു: 'അല്ലാഹു ഖുര്‍ആനിനെ മുഴുവനായും ലൗഹുല്‍ മഹ്ഫൂദില്‍ നിന്നും ഒന്നാം ആകാശത്തെ ബൈതുല്‍ ഇസ്സത്തിലേക്ക് അവതരിപ്പിച്ചു. പിന്നീട് ഓരോ സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ 23 വര്‍ഷങ്ങളിലായി റസൂലി (സ)ന് അതിനെ അവതരിപ്പിക്കുകയാണുണ്ടായത്.' (97:15 ന്റെ വ്യാഖ്യാനത്തില്‍ നിന്ന്).
എന്താണ് ലൈലത്തുല്‍ ഖദ്ര്‍ അഥവാ ഖദ്റിന്റെ രാവ്? 'ഖദ്ര്‍' എന്ന അറബി പദത്തിന് വിവിധ അര്‍ത്ഥങ്ങളുണ്ട്. ഖുര്‍ആന്‍ അവതരിപ്പിക്കപ്പെടുക വഴി ആ രാവിനെ അല്ലാഹു ബഹുമാനിച്ചിരിക്കുന്നുവെന്നാണ് ഒരര്‍ത്ഥം. മലക്കുകളുടെ ആധിക്യം കാരണം ഭൂമിക്ക് ഇടുക്കം അനുഭവപ്പെടുന്നതുകൊണ്ട് ഖദ്ര്‍ എന്ന പദത്തിന്റെ അര്‍ഥം ഇടുക്കം എന്നാണെന്നാണ് മറ്റൊരഭിപ്രായം. മറ്റൊരര്‍ത്ഥം വിധിനിര്‍ണ്ണയം എന്നാണ്. 'തീര്‍ച്ചയായും നാം അതിനെ ഒരനുഗൃഹീത രാത്രിയില്‍ അവതരിപ്പിച്ചിരിക്കുന്നു. നാം മുന്നറിയിപ്പ് നല്‍കുന്നവനാകുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു' എന്ന സൂറത്തു ദുഖാനിലെ വചനം ഈ അര്‍ത്ഥമാണ് സൂചിപ്പിക്കുന്നത്.
'ആ വര്‍ഷത്തിലെ ഭക്ഷണം, ആയുസ്സ്, തീരുമാനങ്ങള്‍ മുതലായവ മലക്കുകള്‍ക്ക് കാണിക്കപ്പെടുന്ന ദിനമായതു കൊണ്ടാണ് ലൈലതുല്‍ ഖദ്ര്‍ എന്ന് നാമകരണം ചെയ്യപ്പെട്ടതെന്ന് പണ്ഡിതര്‍ പറയുന്നു. ആ രാത്രിയില്‍ യുക്തിപൂര്‍ണ്ണമായ ഓരോ കാര്യവും വേര്‍തിരിച്ചു വിവരിക്കപ്പെടുന്നു എന്നും മലക്കുകളും ജിബ്രീലും അവരുടെ രക്ഷിതാവിന്റെ എല്ലാ കാര്യത്തെ സംബന്ധിച്ചുമുള്ള ഉത്തരവുമായി ആ രാത്രിയില്‍ ഇറങ്ങിവരും എന്നും ഖുര്‍ആന്‍ പറഞ്ഞു. അതിനര്‍ത്ഥം ആ വര്‍ഷത്തിലെ കാര്യങ്ങള്‍ മലക്കുകള്‍ക്ക് കാണിക്കപ്പെടുമെന്നും അവരുടെ ചുമതലകള്‍ ഇന്നവയാണെന്ന് നിര്‍ണ്ണയിക്കപ്പെടുമെന്നും ആയിത്തീരുന്നു. ഇതെല്ലാം അല്ലാഹുവിന്റെ മുന്‍നിശ്ചയവും അറിവും വെച്ചുകൊണ്ടു തന്നെയാണ് സംഭവിക്കപ്പെടുന്നത്. ആ രാവ് ലോകാവസാനം വരെ നിലനില്‍ക്കുമെന്നും സ്വഹീഹായ ഹദീഥുകള്‍ കൊണ്ട് സ്ഥിരപ്പെട്ടിരിക്കുന്നു'. (ഇമാം നവവി -ശറഹു മുസ്ലിം).
ചുരുക്കത്തില്‍ കാര്യങ്ങള്‍ നിര്‍ണ്ണയിക്കപ്പെടുന്ന രാവ്, അല്ലാഹുവിന്റെ മഹത്തായ കാരുണ്യവും പാപമോചനവും അനുഗ്രഹങ്ങളും കൊണ്ടും വിശുദ്ധ ഖുര്‍ആനിന്റെ അവതരണം കൊണ്ടും ആദരിക്കപ്പെട്ട രാവ്, മലക്കുകളുടെ ആധിക്യം കൊണ്ട് ഭൂതലം ഇടുങ്ങുന്ന രാവ് തുടങ്ങിയ വിശേഷണങ്ങള്‍ എല്ലാം ലൈലതുല്‍ ഖദ്റിന് അനുയോജ്യമാണ്.
ലൈലതുല്‍ ഖദ്ര്‍ എന്നാണെന്ന് കൃത്യമായി പറയാന്‍ ഒരു മാര്‍ഗ്ഗവുമില്ല. അക്കാര്യം വിശദമാക്കുന്ന ഖുര്‍ആന്‍ വചനമോ സ്വീകാര്യമായ പ്രവാചക വചനമോ ഇല്ല എന്നതാണ് അതിനു കാരണം. എന്നാല്‍ അതേസമയം അതിനെ പ്രതീക്ഷിക്കാവുന്ന ദിവസങ്ങളുടെ സൂചനകള്‍ പ്രവാചകന്‍ (സ) നല്‍കിയിട്ടുണ്ട്. റമദാനിലെ അവസാനത്തെ പത്തില്‍ ഒറ്റയായി വരുന്ന രാവുകളില്‍ അതിനെ അന്വേഷിക്കുവാനാണ് പ്രവാചകന്‍ (സ) നമ്മോട് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ആഇശ (റ) യില്‍നിന്നും ഉദ്ധരിക്കുന്നു. റസൂല്‍ (സ) പറഞ്ഞു: 'നിങ്ങള്‍ റമദാനിന്റെ അവസാനത്തെ പത്തില്‍ ഒറ്റയായ രാവുകളില്‍ ലൈലതുല്‍ ഖദ്റിനെ അന്വേഷിക്കുക'. (ബുഖാരി). ഇബ്നു അബ്ബാസ് (റ) വില്‍ നിന്നും ഉദ്ധരിക്കുന്നു: 'തീര്‍ച്ചയായും നബി (സ) ഇപ്രകാരം പറഞ്ഞു: 'നിങ്ങളതിനെ റമദാന്‍ അവസാനത്തെ പത്തില്‍ തിരയുക. അതായത് ഒമ്പത് ബാക്കിയുള്ളപ്പോള്‍, ഏഴു ബാക്കിയുള്ളപ്പോള്‍, അഞ്ചു ബാക്കിയുള്ളപ്പോള്‍' (ബുഖാരി).
ഒരിക്കല്‍ നബി (സ) എന്നാണ് ലൈലതുല്‍ ഖദ്ര്‍ എന്ന് സ്വഹാബത്തിനെ പഠിപ്പിക്കാന്‍ തുനിഞ്ഞതായിരുന്നു. പക്ഷേ, പിന്നീട് ആ അറിവ് മറക്കപ്പെടുകയും ഉയര്‍ത്തപ്പെടുകയുമാണുണ്ടായത്. ഇമാം ബുഖാരി ആ സംഭവം ഉദ്ധരിക്കുന്നത് ഇപ്രകാരമാണ്: ഉബാദതുബ്നുനുസ്വാമിത് (റ) വില്‍നിന്ന്: 'ലൈലതുല്‍ ഖദ്റിനെ കുറിച്ച് ഞങ്ങളെ അറിയിക്കുവാന്‍ നബി (സ) ഒരിക്കല്‍ പുറപ്പെട്ടു. അപ്പോള്‍ മുസ്ലിംകളില്‍പെട്ട രണ്ടുപേര്‍ തമ്മില്‍ ശണ്ഠ കൂടുകയുണ്ടായി. നബി(സ) പറഞ്ഞു: ലൈലതുല്‍ ഖദ്റിനെക്കുറിച്ച് നിങ്ങളെ അറിയിക്കുവാന്‍ വേണ്ടി ഞാന്‍ പുറപ്പെട്ടു. അപ്പോള്‍ ഇന്നവനും ഇന്നവനും തമ്മില്‍ ശണ്ഠ കൂടുകയുണ്ടായി. അങ്ങനെ ആ വിജ്ഞാനം ഉയര്‍ത്തപ്പെട്ടു. ഒരു പക്ഷേ, അതു നിങ്ങള്‍ക്ക് ഗുണകരമായിരിക്കാം. അതുകൊണ്ട് നിങ്ങള്‍ അതിനെ ഒമ്പതിലും ഏഴിലും അഞ്ചിലും അന്വേഷിക്കുക'. (ബുഖാരി).
റമദാനിന്റെ അവസാനത്തെ പത്തിലെ 25, 27, 29 രാവുകളിലാണ് അതുണ്ടാവുക എന്നാണ് മേല്‍ ഉദ്ധരിച്ച ഹദീഥുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ 21, 23 രാവുകളെ സൂചിപ്പിച്ചുകൊണ്ടുള്ള ഹദീഥുകളും ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. അബൂസഈദില്‍ ഖുദ്രി (റ) വില്‍ നിന്ന് നിവേദനം: 'അദ്ദേഹം പറഞ്ഞു: റമദാനിലെ ആദ്യത്തെ പത്തില്‍ നബി (സ) ഇഅ്തികാഫ് ഇരിക്കുകയുണ്ടായി. തുടര്‍ന്ന് നടുവിലെ പത്തിലും ഇഅ്തികാഫിരുന്നു. ഒരു (ചെറിയ) തുര്‍ക്കി ഖുബ്ബയിലായിരുന്നു അദ്ദേഹം. അതിന്റെ കവാടത്തില്‍ ഒരു പായ ഉണ്ടായിരുന്നു. 'അദ്ദേഹം (അബൂസഈദ്) പറഞ്ഞു: 'അദ്ദേഹം (നബി) പായ കൈയിലെടുത്ത് ഖുബ്ബയുടെ ഒരു ഭാഗത്ത് കൊണ്ടുപോയി വെച്ചു. എന്നിട്ട് തല പുറത്തിട്ടുകൊണ്ട് ജനങ്ങളോട് സംസാരിച്ചു. ആളുകള്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് വന്നു. അപ്പോള്‍ അദ്ദേഹം പറഞ്ഞു: 'ഈ രാവിനെ (ലൈലതുല്‍ ഖദ്റിനെ) തേടിക്കൊണ്ടാണ് ഞാന്‍ ആദ്യത്തെ പത്തില്‍ ഇഅ്തികാഫ് ഇരുന്നത്. പിന്നീട് നടുവിലെ പത്തിലും ഇരുന്നു. പിന്നീട് അത് അവസാനത്തെ പത്തിലാണെന്ന് ഞാന്‍ അറിയിക്കപ്പെട്ടു. അതുകൊണ്ട് ആരെങ്കിലും എന്റെ കൂടെ ഇഅ്തികാഫ് ഇഷ്ടപ്പെടുന്നുവെങ്കില്‍ അവര്‍ ഇഅ്തികാഫ് ഇരുന്നുകൊള്ളട്ടെ.' അങ്ങനെ ജനങ്ങള്‍ അദ്ദേഹത്തിന്റെ കൂടെ ഇഅ്തികാഫ് ഇരുന്നു. അദ്ദേഹം (നബി) പറഞ്ഞു: 'എനിക്കത് ഒറ്റയായി വരുന്ന രാവായും അതിന്റെ പ്രഭാതത്തില്‍ മഴ പെയ്തു വെള്ളത്തിലും ചെളിയിലും സുജൂദ് ചെയ്യുന്നതുമായിട്ടാണ് കാണിക്കപ്പെട്ടത്.' അങ്ങനെ 21-ാം രാവായി. നബി (സ) സുബ്ഹി നമസ്‌കാരം നിര്‍വഹിക്കാന്‍ ആരംഭിച്ചു. അപ്പോള്‍ മഴ പെയ്യുകയും പള്ളി ചോര്‍ന്നൊലിക്കുകയും ചെയ്തു. വെള്ളവും കളിമണ്ണും ഞാന്‍ കണ്ടു. സുബ്ഹി നമസ്‌കാരത്തില്‍നിന്നും അദ്ദേഹം വിരമിച്ചതിനുശേഷം അദ്ദേഹം പുറത്തുവന്നു. അദ്ദേഹത്തിന്റെ നെറ്റിത്തടത്തിലും മൂക്കിന്മേലും മണ്ണും വെള്ളവും പറ്റിയിരുന്നു. ആ സംഭവം 21-ാം രാവിലായിരുന്നു' (മുസ്ലിം).
ഇമാം മുസ്ലിം തന്നെ ഇതേ സംഭവം അബ്ദുല്ലാഹിബ്നു ഉനൈസ് (റ) വില്‍നിന്ന് ഉദ്ധരിക്കുന്നുണ്ട്. പ്രസ്തുത ഹദീഥില്‍ 21-ാം രാവ് എന്നതിന് പകരം 23-ാം രാവ് എന്നാണ് വന്നിട്ടുള്ളത്. ഇതില്‍ നിന്നും ലൈലതുല്‍ ഖദ്റിനെ ഏതെങ്കിലും പ്രത്യേക ദിവസത്തിലേക്ക് ചേര്‍ത്ത് പറയാന്‍ സാധിക്കില്ലെന്ന് നമുക്ക് മനസ്സിലാക്കാം. അവസാനത്തെ പത്തിലെ ഒറ്റയായി വരുന്ന രാവുകളില്‍ അതിനെ പ്രതീക്ഷിക്കുക എന്ന പ്രവാചക നിര്‍ദ്ദേശത്തെ ഉള്‍ക്കൊള്ളുകയല്ലാതെ മറ്റൊരു നിര്‍വാഹവുമില്ല. അതുകൊണ്ടു തന്നെ അവസാന പത്തിലെ എല്ലാ രാപകലുകളിലും കൂടുതല്‍ സല്‍കര്‍മ്മങ്ങള്‍ ചെയ്യാന്‍ വിശ്വാസികള്‍ ശ്രദ്ധിക്കുക മാത്രമാണ് കരണീയം.
ആയിരം മാസങ്ങളേക്കാള്‍ ഉത്തമമായ വിധിനിര്‍ണ്ണയത്തിന്റെ ഈ അനുഗൃഹീത രാവ് ഉള്‍ക്കൊള്ളുന്ന റമദാനിന്റെ അവസാന ദിനരാത്രങ്ങളില്‍ കൈകള്‍ ആകാശത്തേക്കുയര്‍ത്തി മനസുകള്‍ നാഥനിലേക്ക് വിനയപ്പെട്ട് ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുക. ജീവിതത്തില്‍ സംഭവിച്ചുപോയ അബദ്ധങ്ങള്‍ അവനോട് ഏറ്റുപറഞ്ഞു പാപക്കറകളെ മായ്ച്ചുകളയാനുള്ള സന്ദര്‍ഭമായി ഈ പുണ്യദിനങ്ങളെ കാണുക. മഹാമാരിയടക്കമുള്ള ദുരന്തങ്ങളില്‍ നിന്നും ഫാസിസ്റ്റുകളില്‍ നിന്നും ഭീകര ചിന്തകളില്‍ നിന്നുമെല്ലാം ലോകത്തെ മോചിപ്പിക്കാന്‍ സ്രഷ്ടാവിനോട് മനം നൊന്തിരയ്ക്കുവാനുള്ള അസുലഭ സന്ദര്‍ഭമായി ഈ പുണ്യദിനങ്ങളെ നാം ഉപയോഗപ്പെടുത്തുക. അനുഗ്രഹത്തിന്റെ മലക്കുകളുടെ നിറസാന്നിധ്യം കൊണ്ട് ഭൂമിയുടെ ഉപരിതലം ധന്യമാവുമ്പോള്‍ നമ്മുടെ മനസ്സുകള്‍ക്ക് ആയിരം വര്‍ണ്ണങ്ങള്‍ നല്‍കി സ്‌നേഹവും കരുണയും പകര്‍ന്നു നല്‍കുവാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ.