Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപകരുടെ എണ്ണം മൂന്നിരട്ടി വർധിച്ചു -ധനമന്ത്രി

റിയാദ് - സൗദി ഓഹരി വിപണിയിൽ വിദേശ നിക്ഷേപകരുടെ എണ്ണം കഴിഞ്ഞ വർഷം മൂന്നിരട്ടി വർധിച്ചതായി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ വെളിപ്പെടുത്തി. ഷെയർ മാർക്കറ്റിൽ നിക്ഷേപങ്ങൾ നടത്തിയ വിദേശികളുടെ എണ്ണത്തിൽ 309 ശതമാനം വളർച്ചയാണ് കഴിഞ്ഞ വർഷം രേഖപ്പെടുത്തിയത്. സൗദി ഓഹരി വിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് യോഗ്യതയുള്ള വിദേശ നിക്ഷേപകരുടെ എണ്ണം 1853 ആയാണ് ഉയർന്നിരിക്കുന്നത്. 2018 ൽ സൗദി ഓഹരി വിപണിയിൽ നിക്ഷേപങ്ങൾ നടത്തുന്നതിന് യോഗ്യതയുള്ള വിദേശ നിക്ഷേപകരുടെ എണ്ണം 453 മാത്രമായിരുന്നു. കഴിഞ്ഞ വർഷം വിദേശ നിക്ഷേപകർ സൗദി ഓഹരി വിപണിയിൽ പതിനായിരം കോടി റിയാലിന്റെ നിക്ഷേപങ്ങൾ നടത്തി. 
കഴിഞ്ഞ വർഷാവസാനത്തോടെ കറൻസി രഹിത ഇടപാടുകൾ 36 ശതമാനമായി ഉയർന്നു. ഈ വർഷാവസാനത്തോടെ കറൻസി രഹിത ഇടപാടുകൾ 28 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിട്ടിരുന്നത്. 


ഈ ലക്ഷ്യം കഴിഞ്ഞ വർഷാവസാനത്തോടെ തന്നെ മറികടന്നു. ലോകത്ത് ഇസ്‌ലാമിക് ബാങ്കിംഗിന്റെ കേന്ദ്രമാക്കി സൗദി അറേബ്യയെ പരിവർത്തിപ്പിക്കുന്നതിന് ഏതാനും പദ്ധതികൾ നടപ്പാക്കിവരികയാണ്. 2030 ഓടെ ലോകത്തെ ഏറ്റവും വലിയ ധനകേന്ദ്രങ്ങളിൽ ഒന്നായി സൗദി അറേബ്യയെ മാറ്റുന്നതിന് ഫിനാൻഷ്യൽ ടെക്‌നിക്കൽ ബാങ്കിംഗ് മേഖലയിലെ പുരോഗതിയുമായി ഒത്തുപോകുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. 


സൗദിയിൽ പോയന്റ് ഓഫ് സെയിൽ ഉപകരണങ്ങളുടെ എണ്ണം 4,39,000 ആയി ഉയർന്നിട്ടുണ്ട്. രാജ്യത്ത് സ്മാർട്ട് പെയ്‌മെന്റ് സിസ്റ്റവും ആരംഭിച്ചിട്ടുണ്ട്. ഡിജിറ്റൽ പെയ്‌മെന്റ് സേവനം പ്രയോജനപ്പെടുത്തുന്നതിന് വ്യാപാരികളെയും കാർഡ് ഉടമകളെയും പ്രേരിപ്പിക്കുന്നതിനുള്ള പദ്ധതികളും നടപ്പാക്കുന്നുണ്ട്. കെ.വൈ.സി നടപടികൾ ഡിജിറ്റൽവൽക്കരിച്ചത് പ്രധാന നേട്ടമാണ്. 
ഡിസ്റ്റൻസ് രീതിയിൽ ഉപയോക്താക്കളുമായി ബന്ധപ്പെട്ട വിവരങ്ങളുടെ പുതുക്കലും ബാങ്ക് അക്കൗണ്ടുകൾ തുറക്കലും ആരംഭിച്ചത് വൻ വിജയമാണ്. ബാങ്കുകൾക്കിടയിൽ ഫണ്ട് ട്രാൻസ്ഫർ എളുപ്പമാക്കുന്നതിനും വേഗത്തിലാക്കുന്നതിനും പുതിയ പെയ്‌മെന്റ് സംവിധാനങ്ങളും ആരംഭിച്ചിട്ടുണ്ട്. 
സൗദി ബാങ്കിംഗ് മേഖലയിലും ഓഹരി വിപണിയിലും മറ്റു നിരവധി പരിഷ്‌കാരങ്ങളും കഴിഞ്ഞ വർഷം നടപ്പാക്കിയതായി ധനമന്ത്രി പറഞ്ഞു. 


 

Latest News