റിയാദ് - സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെക്കാൻ നിരവധി സൗദി വ്യവസായികൾ തീരുമാനിച്ചതായി കൗൺസിൽ ഓഫ് സൗദി ചേംബേഴ്‌സ് പ്രസിഡന്റ് അജ്‌ലാൻ അൽഅജ്‌ലാൻ വെളിപ്പെടുത്തി.
സൗദി അറേബ്യയോടുള്ള ശത്രുതയും വിദ്വേഷവും പരസ്യമായി പ്രകടിപ്പിക്കുകയും കിട്ടുന്ന അവസരങ്ങളിലെല്ലാം സൗദി അറേബ്യക്കും സൗദി ഭരണാധികാരികൾക്കും അപകീർത്തിയുണ്ടാക്കുകയും ചെയ്യുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിയാണ് സൗദി വ്യവസായികൾ സ്വമേധയാ നിർത്തിവെച്ചത്.
മറ്റെല്ലാ പരിഗണനകൾക്കും ഉപരിയായി ദേശസ്‌നേഹത്തിന് വ്യവസായികൾ നൽകുന്ന പ്രാധാന്യത്തിനും സൗദി വ്യവസായികൾ പ്രകടിപ്പിക്കുന്ന ഉയർന്ന ഉത്തരവാദിത്തബോധത്തിനും തെളിവാണിത്. രാഷ്ട്രത്തിന്റെ ശത്രുക്കൾക്കെതിരെ ഓരോ പൗരനും ഇറക്കുമതിക്കാർക്കും ഉപയോഗിക്കാൻ കഴിയുന്ന ആയുധമാണ് ബഹിഷ്‌കരണമെന്നും അജ്‌ലാൻ അൽഅജ്‌ലാൻ പറഞ്ഞു.
സൗദി അറേബ്യക്കെതിരെ ശത്രുത വെച്ചുപുലർത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി നിർത്തിവെക്കണമെന്ന് ഇറക്കുമതി വ്യാപാരികളോട് നേരത്തേ അജ്‌ലാൻ അൽഅജ്‌ലാൻ ആവശ്യപ്പെട്ടിരുന്നു. സൗദിയിലെ വാണിജ്യ, വ്യവസായ മേഖല പ്രതിവർഷം നൂറുകണക്കിന് ബില്യൺ റിയാലിന്റെ ഉൽപന്നങ്ങളാണ് വിദേശങ്ങളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. സൗഹൃദ രാജ്യങ്ങളിൽ നിന്നും സഹോദര രാജ്യങ്ങളിൽ നിന്നും ഇറക്കുമതി ചെയ്യുന്നതാണ് കൂടുതൽ ഉചിതം. സൗദി അറേബ്യയോട് ശത്രുത വെച്ചുപുലർത്തുന്ന രാജ്യങ്ങക്കു പകരം ഇറക്കുമതിക്ക് അവലംബിക്കാവുന്ന നിരവധി ബദൽ രാജ്യങ്ങളും ഉൽപന്നങ്ങളും ലഭ്യമാണെന്നും അജ്‌ലാൻ അൽഅജ്‌ലാൻ പറഞ്ഞു.