തിരുവനന്തപുരം-പ്രവാസികളേയും മറ്റും സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടന്നിട്ട് മടങ്ങി വരുന്ന മലയാളികളെയും മരണത്തിന്റെ ദൂതൻമാർ വിളിക്കുന്ന സി.പി.എം സൈബർ ഗുണ്ടകളുടെ നിലപാട മനുഷ്യത്വ രഹിതവും ക്രൂരവുമാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല.
തങ്ങളുടെ നിയോജകമണ്ഡലങ്ങളിലെ ആളുകൾ വിളിച്ചപ്പോഴാണ് ഷാഫി പറമ്പിലും അനിൽ അക്കരെയും വി.കെ ശ്രീകണ്ഠനും, ടി.എൻ പ്രതാപനുമൊക്കെ വാളയാറിൽ പോയത്. അല്ലാതെ അവിടത്തെ പ്രവർത്തനങ്ങളെ തടസപ്പെടുത്താനല്ല. പ്രൈമറി കോൺടാക്റ്റ് ഉള്ളവരാണ് ക്വാറന്റൈനിൽ പോകേണ്ടത്. എം.പി മാരും എം.എൽ.എമാരും പ്രൈമറി കോൺടാക്റ്റ് ഉള്ളവരല്ല. എന്നാലും മെഡിക്കൽ ബോർഡിന്റെ തിരുമാനം അംഗീകരിക്കുന്നു.
പക്ഷെ ഇതിൽ രാഷ്ട്രീയ മുതലെടുപ്പ് ശരിയല്ല. സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിയുടെ പ്രസ്താവനക്ക് ശേഷമാണ് ഷാഫി പറമ്പിലിനും വി.കെ ശ്രീകണ്ഠനും രമ്യ ഹരിദാസിനും ടി.എൻ പ്രതാപനും എതിരെയുള്ള നടപടിയുമായി സർക്കാർ മുന്നോട്ട് വരുന്നതെന്നാണ് മനസിലായിട്ടുള്ളത്. ഇത് അംഗീകരിക്കാൻ കഴിയില്ല. സോഷ്യൽ മീഡിയയിലുടെ എം.പിമാരെയും എംഎൽ എമാരെയും ആക്ഷേപിക്കുന്നത് ശരിയില്ല. ഷാഫി പറമ്പിലിന് കോവിഡ് വന്നുവെന്ന് വരെ പ്രചരണം നടത്തിയ സി.പി.എം പ്രദേശിക നേതാവിനെതിരെ കേസെടുത്തിരിക്കുകയാണ്. സി.പി.എം പ്രാദേശിക നേതൃത്വങ്ങൾ എം.പിമാർക്കും എം.എൽ.എ മാർക്കും പ്രവാസികളായ മലയാളികൾക്കുമെതിരെ ഇത്തരം അക്ഷേപങ്ങൾ നടത്തുന്നത് തികച്ചും മനുഷ്യത്വ വിരുദ്ധമാണ്.