തിരുവനന്തപുരം- മദ്യ നയത്തിൽ സർക്കാർ മാറ്റം വരുത്തുന്നതിലൂടെ ബാറുടമകൾക്ക് ചാകരയാകും. ഇതോടെ സംസ്ഥാനത്ത് മദ്യം നിർബാധം ഒഴുകും. ബാറുകളിലും സർക്കാർ നിരക്കിൽ മദ്യം വിൽക്കാനുള്ള അനുമതി നൽകുന്നതിലൂടെ ഖജനാവിന് നഷ്ടം സംഭവിക്കുന്നത് ലക്ഷം കോടി രൂപയാണ്. ബാർ മുതലാളിമാരെ സർക്കാരിന് സഹായിക്കാനുമാകും. അതിനാലാണ് ഇതിന് പിന്നിൽ അഴിമതിയുണ്ടെന്ന് പ്രതിപക്ഷം ആരോപിക്കുന്നത്.
265 ബിവേറേജസ് ഔട്ട് ലെറ്റും 36 കൺസ്യൂമർഫെഡ് ഔട്ട് ലെറ്റുമാണ് സർക്കാർ ഉടമസ്ഥതയിലുള്ള മദ്യ ഷോപ്പുകൾ. കൂടാതെ 598 ബാറുകളും 357 ബിയർ വൈൻഷോപ്പുകളും പ്രവർത്തിക്കുന്നു. സർക്കാർ കൊണ്ടു വരാൻ ഉദ്ദേശിക്കുന്ന മദ്യനയം അനുസരിച്ച് സർക്കാർ മദ്യ ഷോപ്പുകളിലും ബാറുകളിലും ഇനി ഒരേ നിരക്കിൽ മദ്യം വിൽക്കാനാണ് നീക്കം നടക്കുന്നത്. ഇത് സർക്കാർ ഔട്ട് ലെറ്റുകളിലെ വിൽപ്പന കുറയ്ക്കാൻ ഇടയാക്കുകയും വരുമാനത്തിലും ഗണ്യമായ കുറവ് സംഭവിക്കും. ഓൺ ലൈൻ വഴി മദ്യം വിൽക്കാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇതോടെ ക്യൂ സംവിധാനം കുറയുമെങ്കിലും സർക്കാർ മദ്യ ഷോപ്പുകൾ മിക്കയവയും റോഡരികിലായതിനാൽ കൂടുതൽ പേരും ബാറുകളെയായിരിക്കും ആശ്രയിക്കുക. ഇതോടെ സർക്കാർ ഖജനാവിലേക്ക് എത്തേണ്ട തുക ബാർ മുതലാളിമാരുടെ പണപ്പെട്ടിയിലാകും.
കുറഞ്ഞ നിരക്കിലെ (സെക്കന്റ്‌സ്) മദ്യമാണ് ബാറിൽ വിൽക്കുന്നുവെന്ന ആരോപണം ശക്തമാണ്. സർക്കാർ മദ്യ ഷോപ്പുകളിൽ വിൽക്കുന്ന ഒന്നാന്തരം മദ്യവും ബാറുകളിലെ മദ്യവും ഒരേ വിലയ്ക്ക് വിൽക്കാം. കുറഞ്ഞ മദ്യം വിറ്റ് ഇതിലൂടെയും മദ്യമുതലാളിമാർക്ക് കോടികൾ സമ്പാദിക്കാം.കൂടാതെ വ്യാജ മദ്യ വിൽപ്പനയ്ക്കും ഇത് ഇടയാക്കും.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ ലക്ഷക്കണക്കിന് ലിറ്റർ മദ്യവും ബിയറുമാണ് ബാറുകളിലെ ശേഖരം. വില വർദ്ധിപ്പിച്ചതിലൂടെ ലാഭത്തിൽ അമ്പത് ശതമാനം അധികം ലഭിക്കും. സർക്കാരിന്റെ പുതിയ നയം കൂടിയാകുമ്പോൾ ലാഭം ഇരട്ടിയിലധികമാകും. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ ബാറുകളുടെ ലൈസൻസ് പുതുക്കേണ്ട മാസമായിരുന്നു. ലോക്ഡൗൺ ആയതിനാൽ ഏപ്രിൽ വരെ സമയം ദീർഘിപ്പിച്ച് നൽകി. ലൈസൻസ് ഫീസ് ബാറുടമകൾ ഇനിയും അടച്ചിട്ടില്ല. ഒരു ബാറിന് നാലു ലക്ഷം രൂപയാണ് ലൈസൻസ് ഫീസ്. ഇതിലും ഇളവുകൾ നൽകാനുള്ള നീക്കം നടക്കുന്നു.