Sorry, you need to enable JavaScript to visit this website.

മന്ത്രി എ.സി മൊയ്തീനെ ക്വാറന്റൈൻ ചെയ്യണമെന്ന് കോൺഗ്രസ്

തൃശൂർ - കോവിഡ് രോഗികളുമായി ഇടപഴകിയ മന്ത്രി എ.സി മൊയ്തീൻ കോവിഡ് നിരീക്ഷണത്തിൽ പോകണമെന്ന് കോൺഗ്രസ്. കെ.വി അബ്ദുൾ ഖാദർ എം.എൽ.എ, തൃശൂർ ജില്ലാ കലക്ടർ ഷാനവാസ് ഉൾപ്പെടെയുള്ളവർ കോവിഡ് മാനദണ്ഡം ലംഘിച്ചെന്നും കോൺഗ്രസ് ആരോപിച്ചു. തൃശൂരിൽ കോവിഡ് സ്ഥിരീകരിച്ച രണ്ട് പ്രവാസികളുമായി ഇവർ അടുത്ത് ഇഴപഴകിയെന്ന് കാണിച്ച് തൃശൂർ ജില്ലാ മെഡിക്കൽ ഓഫീസർക്ക് കോൺഗ്രസ് പരാതി നൽകി. മന്ത്രിയടക്കമുള്ളവർ പ്രവാസികളുമായി സംസാരിക്കുന്ന വീഡിയോയും കോൺഗ്രസ് പുറത്തുവിട്ടിട്ടുണ്ട്.
വാളയാറിൽ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ആ സമയത്ത് അവിടയുണ്ടായിരുന്ന അഞ്ച് കോൺഗ്രസ് ജനപ്രതിനിധികൾ ക്വാറന്റീനിൽ പോകണമെന്ന മെഡിക്കൽ ബോർഡ് നിർദേശം വന്നതിന് പിന്നാലെയാണ് രോഗിയുമായി ഇടപഴകിയ മന്ത്രിയേയും നിരീക്ഷണത്തിലാക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടത്.
മടങ്ങിയെത്തിയ പ്രവാസികളെ സ്വീകരിക്കാൻ മന്ത്രി എ.സി.മൊയ്തീൻ, കെ.വി.അബ്ദുൾഖാദർ എം.എൽ.എ, കലക്ടർ എസ്.ഷാനവാസ് എന്നിവർ എത്തിയിരുന്നു. ഇവരെ നിരീക്ഷണത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്. 
അതേ സമയം താനടക്കമുള്ള ജനപ്രതിനിധികളെ നിരീക്ഷണത്തിലാക്കാൻ നിർദ്ദേശിച്ച സാഹചര്യം അറിയിക്കാൻ ആവശ്യപ്പെട്ട് അനിൽ അക്കര എം.എൽ.എ കലക്ടർക്ക് കത്ത് നൽകി. അതിർത്തിയിലെത്തിയവരെ കടത്തിവിടണമെന്നാവശ്യപ്പെട്ട് തൃശൂർ കലക്ടറേറ്റിന് മുന്നിലെ സമരത്തിന് ശേഷമായിരുന്നു എം.പി.മാരായ ടി.എൻ.പ്രതാപൻ, രമ്യഹരിദാസ്, അനിൽ അക്കര എം.എൽ.എ എന്നിവർ വാളയാറിൽ എത്തിയത്. ഇവിടെ വി.കെ.ശ്രീകണ്ഠൻ എം.പിയും, ഷാഫി പറമ്പിലുമെത്തിയാണ് പാസില്ലാതെ എത്തിയവരെ കടത്തിവിടാൻ ഇടപെടൽ നടത്തിയത്. കഴിഞ്ഞ ദിവസമാണ് വാളയാറിൽ പാസില്ലാതെ എത്തിയ മലപ്പുറം സ്വദേശിക്ക് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെയാണ് വിഷയം ചൂട് പിടിച്ചത്. പാലക്കാട് ജില്ലാ മെഡിക്കൽ ബോർഡ് ആണ് ജനപ്രതിനിധികളടക്കമുള്ളവർ നിരീക്ഷണത്തിലാക്കാൻ നിർദ്ദേശിച്ചത്. മടങ്ങിയെത്തിയ പ്രവാസികളിൽ രണ്ട് പേർക്ക് കോവിഡ് സ്ഥിരീകരിക്കുകയും മാനദണ്ഡങ്ങൾ ലംഘിച്ച് എ.സി.മൊയ്തീനും അബ്ദുൾഖാദറും മടങ്ങിയെത്തിയവരോട് സംസാരിച്ചതിനാൽ ഇവരെ ക്വാറൻറീനിൽ പ്രവേശിപ്പിക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ മെഡിക്കൽ ഓഫീസർക്ക്  പരാതി നൽകി. യൂത്ത് കോൺഗ്രസ് ഉന്നയിച്ച വിഷയം തന്നെയാണ് അനിൽ അക്കര കലക്ടർക്ക് നൽകിയ കത്തിലും ആവശ്യപ്പെട്ടിരിക്കുന്നത്. പ്രവാസികളെ സ്വീകരിച്ചതിനും, വാളയാർ സംഭവത്തിനും ശേഷം മന്ത്രിമാരും താനടക്കമുള്ള എം.എൽ.എമാരും പങ്കെടുത്ത യോഗം നടന്നതും അനിൽ അക്കര കത്തിൽ സൂചിപ്പിക്കുന്നു. രണ്ടും സമാന സംഭവങ്ങളാണെന്നിരിക്കെ പ്രവാസികളുമായി ഇടപഴുകിയവരെ നിരീക്ഷണത്തിലാക്കാത്തതിെൻറയും വാളയാർ സംഭവത്തിൽ തങ്ങളെ നിരീക്ഷണത്തിലാക്കുന്നതിന്റെയും മാനദണ്ഡം വിശദീകരിക്കണമെന്ന് അനിൽ ആവശ്യപ്പെട്ടു. മന്ത്രി മൊയ്തീൻ, കെ.വി.അബ്ദുൾഖാദർ, കലക്ടർ എന്നിവരുമായി സമ്പർക്കത്തിലേർപ്പെട്ടവരെയും നിരീക്ഷണത്തിലാക്കേണ്ടതുണ്ട്. അവരെ മാറ്റി നിറുത്തുന്ന സാഹചര്യം വ്യക്തമാക്കണമെന്ന് അനിൽ കലക്ടർക്ക് നൽകിയ കത്തിൽ പറയുന്നു.

Latest News