Sorry, you need to enable JavaScript to visit this website.

അകല കാലം, ചില ചിന്തകൾ 

മനുഷ്യൻ പ്രകൃത്യാ സാമൂഹ്യ ജീവിയാണെന്നാണ് അരിസ്‌റ്റോട്ടിൽ പറഞ്ഞുവെച്ചത്. ലോകത്തു വന്ന മതസംഹിതകളൊക്കെ അംഗീകരിക്കുകയും ശരിവെക്കുകയും ചെയ്ത കാഴ്ചപ്പാടാണിത്. ഏത് ഘട്ടത്തിലും സാമൂഹികത മനുഷ്യന്റെ അടിസ്ഥാന സ്വഭാവമാണ്. കൊറോണ വ്യാപന പ്രതിരോധത്തിന്റെ ഭാഗമായി സാമൂഹിക അകലം പാലിക്കണമെന്ന പ്രയോഗത്തിൽ ചില സൂക്ഷ്മതക്കുറവുണ്ടെന്നാണ് തോന്നുന്നത്. സാമൂഹിക അകലമല്ല, ശാരീരിക അകലമാണ് കൊറോണ നിയന്ത്രണ പ്രോട്ടോകോളിന്റെ ഭാഗമാവേണ്ടത്. 
സാമൂഹിക അകലമെന്നത് ഒരു സാങ്കേതിക പ്രയോഗമാകാം. എങ്കിലും സ്‌നേഹവും സൗഹാർദവും അടിസ്ഥാനപ്പെടുത്തിയ മാനവ സൗഹൃദം ഉദ്‌ഘോഷിക്കുന്ന  നമുക്ക് വാക്കിൽ പോലും നമ്മെ അകറ്റുന്ന പ്രയോഗങ്ങൾ വേണ്ട. സങ്കുചിതമായ ചിന്തകളും കാഴ്ചപ്പാടുകളും സാമൂഹികതയുടെ ഭദ്രമായ കോട്ടകളിൽ വിളളലുകളുണ്ടാക്കുവാൻ ശ്രമിക്കുന്ന സമകാലിക ലോകത്ത് ഇത്തരം പ്രയോഗങ്ങളിൽ പോലും നാം സോദ്ദേശ്യപരമായ ജാഗ്രത കൈക്കൊളേളണ്ടതുണ്ട്.   


പ്രതിസന്ധികളും പ്രയാസങ്ങളും അനുഭവിക്കുമ്പോൾ മനുഷ്യന് ഏറ്റവും വലിയ സമാധാനം നൽകുന്നത്  സാമൂഹികമായ അടുപ്പമാണ്. ഏത് ഘട്ടത്തിലും താൻ ഒറ്റക്കല്ലെന്ന തോന്നലും സമീപനങ്ങളും നൽകുന്ന  ആശ്വാസം ചെറുതല്ല. മാനവികതയും സാമൂഹികതയും ഒന്നിക്കുമ്പോൾ മനുഷ്യൻ കൂടുതൽ കരുത്തനും ഊർജസ്വലനുമാവുന്നു. ശാരീരികമായി അകന്നിരിക്കുമ്പോഴും മനസ്സുകളുടെ അടുപ്പം അനുഭവിച്ചറിയുന്ന പ്രവാസികൾക്ക് വേഗം മനസ്സിലാകുന്ന ആശയമാകുമിത്.  
കൊറോണ വൈറസിന്റെ സാമൂഹിക വ്യാപനം തടയുവാൻ ശാരീരിക അകലം പാലിക്കുകയെന്നത് വളരെ  പ്രധാനമാണ്. ശാരീരിക അകലം തുടരുമ്പോഴും മനസ്സുകൾ ചേർന്നിരിക്കട്ടെ. മനസ്സിന്റെ പൊരുത്തവും ഐക്യവും സാമൂഹിക പരിസരത്തിന് കരുത്തു പകരുമ്പോൾ മാനവികതയുടെ ഉദാത്തമായ മാതൃകകളാണ് സാക്ഷാൽക്കരിക്കപ്പെടുക. ശാന്തിയും സമാധാനവും കളിയാടുന്ന സമൂഹ സംവിധാനത്തിൽ മാനവികതയും സാാമൂഹികതയും കൂടുതൽ പുഷ്‌കലമാവുകയാണ് ചെയ്യുക. അനിവാര്യ സാഹചര്യങ്ങളിൽ ശാരീരിക അകലം ആകാമെങ്കിലും  അവിടെ സാമൂഹിക അകലത്തിന് ഒട്ടും സാധ്യതയില്ല. 


ശാസ്ത്ര സാങ്കേതിക രംഗങ്ങളിലും വ്യാവസായിക സാമ്പത്തിക മേഖലകളിലുമൊക്കെ അഭൂതപൂർവമായ വളർച്ച നേടിയ സമൂഹത്തിലെ അപക്വമതികളായ ചിലരെങ്കിലും തങ്ങൾക്ക് തങ്ങൾ തന്നെ മതിയെന്ന സങ്കുചിതമായ നിലപാടുകളെടുക്കാറുണ്ട്. ദുരന്തങ്ങളിൽ പകച്ചുപോകുന്ന ഇത്തരക്കാർ പിന്നീട് കാര്യങ്ങൾ തിരിച്ചറിഞ്ഞ് തെറ്റു തിരുത്താറാണ് പതിവ്. എന്തൊക്കെ കഴിവും സൗകര്യങ്ങളുമുണ്ടങ്കിലും പാരസ്പര്യവും സഹകരണവുമില്ലാതെ ഈ ലോകത്തെ ജീവിതം ആർക്കും അനായാസമാവില്ല.  
കൊറോണ വ്യാപനം ലോകത്ത് സൃഷ്ടിച്ച പ്രതിസന്ധി ഒരു പക്ഷേ മുൻമാതൃകയില്ലാത്തതാകാം. ലോകത്തെ ചെറുതും വലുതുമായ എല്ലാ രാജ്യങ്ങളും പ്രതിരോധ പ്രവർത്തനത്തിന്റെ സാധ്യമായ വഴികളൊക്കെ പരീക്ഷിക്കുമ്പോഴും ആശാവഹമായ മാറ്റം ഇനിയും സാധ്യമായിട്ടില്ല  എങ്കിലും നമ്മുടെ കൊച്ചു സംസ്ഥാനമായ കേരളത്തിന്റെ ജാഗ്രതയും നിയന്ത്രണ പരിപാടികളും മാതൃകയാണെന്നത് ഏതൊരു മലയാളിക്കും അഭിമാനിക്കാൻ വക നൽകുന്നതാണ്. ഗവൺമെന്റ, ഗവൺമെന്റേതര ഏജൻസികളുടെ കൂട്ടായ പരിശ്രമങ്ങളാണ് കേരള മോഡലിന്റെ സവിശേഷത. മുൻവിധികളോ സങ്കുചിത രാഷ്ട്രീയ താൽപര്യങ്ങളോ ഈ ശ്രമങ്ങളെ കളങ്കപ്പെടുത്താതിരിക്കട്ടെ.   


ആപൽഘട്ടങ്ങളിലൊക്കെ  മാനവിക സാമൂഹ്യ മൂല്യങ്ങൾ കൂടുതൽ ഊഷ്മളമാകുമെന്നതാണ് അനുഭവം. ദുരിതാശ്വാസ പ്രവർത്തനങ്ങളും പുനരധിവാസ സംരംഭങ്ങളുമൊക്കെ സാമൂഹിക ബോധത്തിന്റെ നിദർശനങ്ങളാണ്. അതുകൊണ്ടാണ് ദുരന്തങ്ങളുണ്ടാകുമ്പോഴും പ്രയാസമനുഭവിക്കുമ്പോഴുമൊക്കെ സന്നദ്ധ സംഘങ്ങളുടെ മേൽനോട്ടത്തിൽ വൈവിധ്യമാർന്ന ആശ്വാസ പ്രവർത്തനങ്ങൾ നടക്കുന്നത്. പലപ്പോഴും ഗവൺമെന്റ് തലത്തിലുള്ള ദുരന്ത നിവാരണ പ്രവർത്തനങ്ങളെ മറികടക്കുന്ന തരത്തിലുള്ള മികച്ച മാതൃകകളാണ് സേവന കൂട്ടായ്മകളും സംഘടനകളും കാഴ്ച വെക്കുന്നത്.    


ശാരീരിക അകലം പാലിക്കുമ്പോഴും മനസ്സുകളുടെ ഐക്യവും സ്‌നേഹവും സമൂഹത്തെ ഉത്തേജിപ്പിക്കും. ആശ്വാസ വാക്കുകളും പ്രവർത്തനങ്ങളും  സമൂഹത്തിലെ അവശരും ദുർബലരുമായ സഹജീവികളെ കൂടെ നിർത്തുകയും സാമൂഹികതയുടെയും മാനവികതയുടെയും വിശാലമായ മേച്ചിൽപുറങ്ങളിൽ സംരക്ഷണ വലയത്തിലാക്കുകയുമാണ് ചെയ്യുക. 
സാമൂഹിക പ്രതിബദ്ധതയാാണ് അടിവരയിടേണ്ട മറ്റൊരു പ്രധാന കാര്യം. സമൂഹത്തിന്റെ സുരക്ഷയും ആരോഗ്യ സംരക്ഷണവും ഓരോരുത്തരുടെയും നിർബന്ധ ബാധ്യതയാണ്. താൻ കാരണം മറ്റാർക്കും രോഗം പകരരുതെന്ന നിർബന്ധ ബുദ്ധിയോടെയാണ്  ഓരോരുത്തരും പെരുമാറേണ്ടത്. അതിനാവശ്യമായ മുൻകരുതലുകളും സംവിധാനങ്ങളും സ്വീകരിക്കേണ്ടതുണ്ട്. 
ആദാന പ്രദാനങ്ങളും സംവാദങ്ങളുമാണ് സമൂഹത്തിന്റെ വികാസത്തിനും പുരോഗതിക്കും നിദാനം. കാലാകാലങ്ങളിലായി കൊണ്ടും കൊടുത്തും പകർന്നും നുകർന്നുമാണ് മനുഷ്യ സമൂഹം നാഗരികതയുടെ പടവുകൾ കയറിയത്. സമൂഹത്തിലെ ഓരോ അംഗത്തിനും ഈ മുന്നേറ്റത്തിൽ വലുതോ ചെറുതോ ആയ പങ്കുണ്ട്. ആരെയും സാമൂഹികമായി അകറ്റാതെ ഇഴയടുപ്പമുള്ള ബന്ധങ്ങളാണ് സമകാലിക ലോകത്ത് ഏറെ അഭികാമ്യം.    
 

Latest News