തിരുവനന്തപുരം- വാളയാറില്‍ മലപ്പുറം സ്വദേശിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത ജനപ്രതിനിധികളടക്കം ക്വാറന്റൈനില്‍ പോകാനുള്ള നിര്‍ദേശത്തിനെതിരെ രമേശ് ചെന്നിത്തല. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത അഞ്ച് ജനപ്രതിനിധികളോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചത് രാഷ്ട്രീയ പ്രേരിതമാണ്. സിപിഐഎം ജില്ലാസെക്രട്ടറിയുടെ പ്രസ്താവനക്ക് ശേഷമാണ് നടപടിയെടുത്തിരിക്കുന്നത്. ജനപ്രതിനിധികള്‍ക്ക് എതിരായി നടക്കുന്ന പ്രചരണങ്ങള്‍ ദൗര്‍ഭാഗ്യകരമാണെന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.എംപിമാരായ വി.കെ ശ്രീകണ്ഠന്‍,രമ്യാഹരിദാസ്,ടിഎന്‍ പ്രതാപന്‍ എന്നിവരും എംഎല്‍എമാരായ ഷാഫി പറമ്പില്‍,അനില്‍അക്കര എന്നിവരോടുമാണ് ക്വാറന്റൈന്‍ നിര്‍ദേശിച്ചിരിക്കുന്നത്. അന്നേ ദിവസം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലിസുകാര്‍,മാധ്യമ പ്രവര്‍ത്തകരോടും പാലക്കാട് ജില്ലാമെഡിക്കല്‍ ബോര്‍ഡ് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഡി എം ഒ യുടെ നേതൃത്വത്തില്‍ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടും ജില്ലാ ആശുപത്രിയിലെയും ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെയും നോഡല്‍ ഓഫീസര്‍മാരും , ഡി.എസ്.ഒ, ഫിസിഷ്യന്മാരും ഉള്‍പ്പെടെ ചേര്‍ന്ന മെഡിക്കല്‍ ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. ജില്ലാ കലക്ടര്‍ ഡി.ബാലമുരളിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകനയോഗതിരുമാന പ്രകാരമാണ് മെഡിക്കല്‍ബോര്‍ഡ് യോഗം ചേര്‍ന്നത്. പ്രാഥമിക സമ്പര്‍ക്ക പട്ടിക പ്രൈമറി ഹൈറിസ്‌ക് കോണ്‍ടാക്ട് പ്രൈമറി ലോറിസ്‌ക് കോണ്ടാക്റ്റ് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്.
ചെന്നൈയില്‍ നിന്നും മെയ് ഒമ്പതിന് രാവിലെ 10 ന് വാളയാര്‍ അതിര്‍ത്തിയില്‍ വിവിധ നടപടിക്രമങ്ങള്‍ക്കായി കാത്തുനില്‍ക്കെ കുഴഞ്ഞു വീണതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ എടുത്തു പൊക്കിയ പ്രൈമറി ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ ഉള്‍പ്പെട്ട പോലീസുകാരോട് ഹോം ക്വാറന്റയ്‌നില്‍ പ്രവേശിക്കാന്‍ നിലവില്‍ നിര്‍ദ്ദേശം നല്‍കി കഴിഞ്ഞു. വാളയാര്‍ അതിര്‍ത്തിയില്‍ ഇദ്ദേഹത്തെ പരിചരിച്ച സ്റ്റാഫ് നഴ്‌സുമാരും പ്രൈമറി ഹൈ റിസ്‌ക് കോണ്ടാക്ടില്‍ ഉള്‍പ്പെടുന്നതിനാല്‍ അവരെ ഐസോലേഷനില്‍ ആക്കിയിട്ടുണ്ട്. 14 ദിവസം നിരീക്ഷണത്തില്‍ തുടരവെ ലക്ഷണങ്ങള്‍ കണ്ടാല്‍ സ്രവപരിശോധന നടത്തും. 14 ദിവസം നിരീക്ഷണത്തിന് ശേഷം ലക്ഷ്ണങ്ങളില്ലെങ്കിലും സ്രവപരിശോധന നടത്തും.