മഞ്ചേരി-സോഷ്യല്‍ മീഡിയകളില്‍ പ്രധാന ചര്‍ച്ചകളിലൊന്ന് പച്ചക്കരുവുള്ള കോഴിമുട്ടയാണ്. കഴിഞ്ഞ കുറച്ചു കാലമായി മലപ്പുറം ഒതുക്കുങ്ങലിലെ വീട്ടില്‍ കോഴികള്‍ പച്ചക്കരുവുള്ള മുട്ടയിടുന്നുണ്ടെങ്കിലും അടുത്തിടെയാണ് വിഷയം ചര്‍ച്ചയായത്. ഇതോടെ കാണാനെത്തുന്നവരും ആവശ്യക്കാരും കൂടി. ഡിമാന്റ് കൂടിയതോടെ വിലയും വര്‍ധിച്ചു. പച്ചക്കരു എങ്ങനെ വരുന്നു എന്നത് ഗവേഷകര്‍ക്കും ആശ്ചര്യമുളവാക്കുന്ന വിഷയമായി. വിദഗ്ധ പരിശോധന നടത്തി രഹസ്യം കണ്ടെത്താനാണ് അവരുടെ തീരുമാനം. ഉദ്യോഗസ്ഥരുടെ സംഘം ഒതുക്കുങ്ങലിലെ അമ്പലവന്‍ കുളപ്പുരയ്ക്കല്‍ ശിഹാബുദ്ദീന്റെ വീട്ടിലെത്തി. ഭക്ഷണത്തിലെ വ്യത്യാസമാകാം ഇതിന് കാരണമെന്നാണ് നിഗമനം. സാധാരണ കോഴിമുട്ടക്ക് മഞ്ഞക്കരുവാണ് കാണാറ്. എന്നാല്‍ ശിഹാബുദ്ദീന്റെ വീട്ടിലെ വളര്‍ത്തുകോഴികളുടെ മുട്ടയ്ക്കാണ് പച്ചക്കരുവുള്ളത്. അപൂര്‍വമായ സംഭവമായതിനാല്‍ കാഴ്ചക്കാര്‍ ഏറെയാണ്. ആവശ്യക്കാരും. പലരും നേരത്തെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണത്രെ. പച്ചക്കരുവുള്ള മുട്ടകള്‍ കൂടുതല്‍ വിരിയിക്കാനാണ് ശിഹാബുദ്ദീന്റെ തീരുമാനം. ഇതിന് ആയിരം രൂപ വരെ വിലയുണ്ടെന്നാണ് സംസാരം.