മക്ക- മക്ക, മദീന, ഹായിൽ എന്നിവിടങ്ങളിൽ നിന്നും മനുഷ്യക്കടത്ത് സംഘങ്ങളെ സുരക്ഷാ വകുപ്പുകൾ പിടികൂടി. സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെ റിക്രൂട്ട് ചെയ്ത് യാചകവൃത്തിക്ക് ഉപയോഗിച്ച സംഘങ്ങളാണ് കുടുങ്ങിയത്.
മക്കയിൽ മനുഷ്യക്കടത്ത് സംഘത്തിൽപെട്ട വിവിധ രാജ്യക്കാരായ 298 പേരാണ് പിടിയിലായതെന്നും ഇവർക്കെതിരെ നിയമാനുസൃത നടപടികൾ സ്വീകരിച്ചതായും മക്ക പ്രവിശ്യ പോലീസ് വക്താവ് മേജർ മുഹമ്മദ് അൽഗാംദി പറഞ്ഞു.
മദീനയിൽ വിവിധ രാജ്യക്കാരായ 79 പേർ അടങ്ങിയ സംഘമാണ് പിടിയിലായത്. യാചകവൃത്തിയിലൂടെ പണം സമ്പാദിക്കുന്നതിന് മനുഷ്യക്കടത്ത് മേഖലയിൽ പ്രവർത്തിച്ചവരും ഇവർക്കു കീഴിലെ അംഗങ്ങളുമാണ് പിടിയിലായതെന്ന് മദീന പ്രവിശ്യ പോലീസ് വക്താവ് മേജർ ഹുസൈൻ അൽഖഹ്താനി പറഞ്ഞു.
വിവിധ രാജ്യക്കാരായ അമ്പത് പേരടങ്ങുന്ന മനുഷ്യക്കടത്ത് സംഘത്തെയാണ് ഹായിലിൽ നിന്ന് സുരക്ഷാ വകുപ്പുകൾ പിടികൂടിയതെന്ന് ഹായിൽ പോലീസ് വക്താവ് ലെഫ്. കേണൽ സാമി അൽശമ്മരി അറിയിച്ചു. യാചകവൃത്തിക്കു വേണ്ടി ആളുകളെ ചൂഷണം ചെയ്യുന്ന സംഘമാണ് പിടിയിലായത്.