റിയാദ് - ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായ പാലക്കാട് സ്വദേശി ഹരിദാസ് വാസുവിന്റെ (56) മൃതദേഹം രണ്ടുമാസത്തിന് ശേഷം നാട്ടിലെത്തിച്ചു. കിംഗ് അബ്ദുള്ള റോഡിലുള്ള അൽ ദുഹാമി ട്രേഡിംഗ് കമ്പനിയിൽ കഴിഞ്ഞ 25 വർഷമായി ട്രൈലർ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുന്നത്തൂർമേട് മൂചിക്കൽ വാസുവിന്റെ മകനാണ്. ഭാര്യ- സുനിത. ഏക മകൾ- ഹരിത.
രാത്രിയിൽ ഭക്ഷണം കഴിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട ഹരിദാസിനെ, സുഹൃത്തുക്കൾ ചേർന്ന് കമ്പനി വാഹനത്തിൽ ആശുപത്രിയിൽ കൊണ്ടുപോകും വഴിയാണ് മരണം സംഭവിച്ചത്. മാർച്ച് ആദ്യ വാരത്തിൽ മരണമടഞ്ഞ ഹരിദാസ് വാസുവിന്റെ മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്‌കാരിക വേദി ജീവകാരുണ്യ വിഭാഗം പ്രവർത്തകർ ശ്രമങ്ങൾ തുടരുന്നതിനിടെയാണ് കോവിഡിന്റെ ഭാഗമായി സൗദിയിൽ ലോക്ഡൗൺ പ്രഖ്യാപിക്കുന്നത്. രണ്ട് മാസമായി മൃതദേഹം ശുമേസിയിൽ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു.
ലോക്ഡൗൺ സമയത്തും മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗം നസീർ മുള്ളൂർക്കര കമ്പനിയുമായും എംബസിയുമായും ബന്ധപ്പെട്ട് എല്ലാരേഖകളും ശരിപ്പെടുത്തി കേന്ദ്ര സർക്കാരിന്റെ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു. കേന്ദ്രസർക്കാർ അനുമതി വന്നതോടെ റിയാദ് കൊച്ചിൻ എമിറേറ്റ്‌സ് കാർഗോ വിമാനത്തിൽ മൃതദേഹം നാട്ടിൽ എത്തിച്ചു.