ജിദ്ദ - കരിപ്പൂരിലേക്ക് പുറപ്പെട്ട ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി കോവിഡ് 19 പ്രോട്ടോകോൾ പ്രകാരം സുരക്ഷക്ക് ഉപയോഗിക്കേണ്ടേ പി.പി.ഇ സേഫ്റ്റി കിറ്റുകൾ വിതരണം ചെയ്തു.
നാട്ടിലേക്ക് പുറപ്പെടുന്ന പ്രിയപ്പെട്ടവർക്ക് ശുഭയാത്ര എന്ന് രേഖപ്പെടുത്തി യ ബോക്‌സിൽ മാസ്‌ക്, ഗ്ലൗസ്, ശരീരം മൊത്തം മറയ്ക്കാൻ സഹായിക്കുന്ന ഐസൊലേഷൻ ഗൗൺ, സാനിറ്റൈസർ ബോട്ടിൽ, തലയിൽ അണിയാൻ എയർ നെറ്റ്, ടിഷ്യു പേപ്പർ എന്നിവ അടങ്ങിയ പി.പി.ഇ കിറ്റുകളാണ് എയർ ഇന്ത്യ വിമാനത്തിലെ യാത്രക്കാർക്ക് ജിദ്ദ കെ.എം.സി.സി നൽകിയത്. വിമാനത്താവളത്തിലെ കൗണ്ടർ സ്റ്റാഫിനും മറ്റ് ജീവനക്കാർക്കും കെ.എം.സി. സി വളണ്ടിയർമാർ സുരക്ഷ ബോക്‌സുകൾ നൽകി. രോഗികളും ഗൾഭിണികളുമായ മുഴുവൻ യാത്രക്കാർക്കും കെ എം സിസി വളണ്ടിയർമാരുടെ സേവനം ഏറെ ഉപകാരപ്പെട്ടു. വിമാനത്താവളത്തിലെത്തിയ കോൺസൽ ജനറൽ മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് ജിദ്ദ കെ.എം.സി.സിയെ അഭിനന്ദിച്ചു. സേവന പ്രവർത്തനങ്ങൾക്ക് ജിദ്ദ കെ.എം.സി.സി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര, പി.കെ. അലി അക്ബർ, വി.പി. മുസ്തഫ, സി.കെ.എ. റസാഖ് മാസ്റ്റർ, മജീദ് പുകയൂർ, ജലീൽ ഒഴുകൂർ, നാസർ ഒളവട്ടൂർ, മുഹമ്മദ് കുട്ടി പാണ്ടിക്കാട് എന്നിവർ നേതൃത്വം നൽകി.
മക്കയിൽ നിന്നുള്ള യാത്രക്കാർക്ക് മക്ക കെ.എം.സി.സി പ്രത്യേകം ബസ് ഏർപ്പാട് ചെയ്തു നൽകി. മക്ക കെ.എം.സി.സി നേതാക്കളായ കുഞ്ഞിമോൻ കാക്കിയ, മുജീബ് പൂക്കോട്ടൂർ, കുഞ്ഞാപ്പ പൂക്കോട്ടൂർ, ഹാരിസ് പെരുവള്ളൂർ എന്നിവരുടെ നേതൃത്വത്തിലാണ് മക്കയിൽ നിന്നുള്ളവരെ വിമാന താവളത്തിലെത്തിച്ചത്.