Sorry, you need to enable JavaScript to visit this website.

എത്രയും ബഹുമാനപ്പെട്ട യൂസഫലി സാർ അറിയുവാൻ... ഷൈജു പാടി; കാരുണ്യഹസ്തവുമായി എം.എ യൂസഫലി പ്രത്യക്ഷപ്പെട്ടു

അൽഹസ- പ്രവാസികളുടെ ഹൃദയത്തിൽ വിരഹത്തിന്റെയും ഗൃഹാതുരതയുടെയും നോവും നൊമ്പരവുമായി അടയാളപ്പെടുത്തിയ 'എത്രയും ബഹുമാനപ്പെട്ട' എന്ന ദുബായ് കത്ത് പാട്ടിന്റെ  ഈണത്തിൽ എം.എ യൂസഫലിയുടെ പേര് ചേർത്ത് അൽഹസ നവോദയ മുബാറസ് റഷ്ദിയ യൂണിറ്റ് അംഗം  ഷൈജു ചാലക്കുടി പാടിയ പാട്ട് കഴിഞ്ഞ  ദിവസം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. തന്നെക്കുറിച്ചു  ഷൈജു  പാടിയ  പാട്ടു കേൾക്കാനിടയായ സാക്ഷാൽ യൂസഫലി  രണ്ടു  ദിവസം  മുമ്പാണ്  ഷൈജുവിനെ  ഫോണിൽ  വിളിച്ചു  ദീർഘനേരം  സംസാരിച്ചത്. എന്ത് സഹായമാണ്  ആവശ്യം എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായി  നിരവധി  ബുദ്ധിമുട്ടുകളുള്ള ഷൈജു അതൊന്നുമോർക്കാതെ  ലോക്ഡൗൺ  കാരണം  പട്ടിണിയായ സാധാരണ തൊഴിലാളികൾക്ക്  ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ളതായി അദ്ദേഹത്തെ അറിയിച്ചു. ലോകമാകെ  വലിയ പരീക്ഷണങ്ങൾ  നേരിടുകയാണെന്നും  പ്രതിസന്ധികളിൽ  പതറാതെ  മുന്നോട്ടു പോകണമെന്നും അദ്ദേഹം ഷൈജുവിനോട് പറഞ്ഞു.

 

സൗദിയിൽ  എത്തുമ്പോൾ  നേരിൽ  കാണണമെന്നും ഏതാവശ്യങ്ങൾക്കും  നേരിട്ട്  വിളിക്കാൻ സ്വകാര്യ നമ്പർ ഉൾപ്പെടെ  നൽകിക്കൊണ്ടാണ്  അദ്ദേഹം ഷൈജുവുമായുള്ള സംഭാഷണം അവസാനിപ്പിച്ചത്. അടുത്ത  ദിവസം  അൽഹസയിലെ  ലുലു  ഹൈപ്പർ മാർക്കറ്റിൽ നിന്നും ഷൈജുവിനെ വിളിച്ചു  ഭക്ഷണ കിറ്റുകൾ  തയ്യാറായതായി അറിയിച്ചു. ഹസയിലെ  സംഗീത പ്രേമികളുടെ  കൂട്ടായ്മയായ  വോയ്‌സ് ഓഫ് ഹസയിൽ അംഗമായ ഷൈജു കൺവീനർ നവാസ് കോന്നിയോടൊപ്പം ഹസയിലെ ലുലുവിൽനിന്നും ഭക്ഷണ കിറ്റുകൾ  ഏറ്റുവാങ്ങി താൻ  കൂടി  അംഗമായ  നവോദയയുടെ  അൽഹസ  ടാസ്‌ക്ക് ഫോഴ്‌സിനും, നോർക്ക  ഹെൽപ്പ് ഡസ്‌ക്കിനുമായി കൈമാറി. നവോദയ  ടാസ്‌ക്  ഫോഴ്‌സിന്  ലഭിച്ച കിറ്റുകളും നോർക്ക ഹെൽപ്  ഡസ്‌ക്കിനു  നൽകിയതായി കേന്ദ്ര ജോ. ട്രഷറർ  കൃഷ്ണൻ കൊയിലാണ്ടി പറഞ്ഞു.

 

ഷൈജുവിന്റെ മാതൃകാപരമായ  പ്രവർത്തനത്തെ  നവോദയ  അഭിനന്ദിച്ചു. വ്യക്തിപരമായി തനിക്കു കിട്ടിയ സമ്മാനം പട്ടിണി കിടക്കുന്ന സഹോദരങ്ങൾക്കായി നൽകിയ ഷൈജുവിന്റെ നടപടി അങ്ങേയറ്റം അഭിനന്ദനാർഹമാണെന്നു നോർക്ക ഹെൽപ്പ് ഡെസ്‌ക് കോർഡിനേറ്റർ നാസർ മദനി പറഞ്ഞു. ചാലക്കുടി  സ്വദേശിയായ  ഷൈജു  കലാഭവൻ മണിയുടെ അയൽവാസിയും  സുഹൃത്തുമാണ്. മണിയുടെ  പാട്ടുകളാണ് ഷൈജുവിന് ഏറെയിഷ്ടം. മുബാറസിൽ ജോലി  ചെയ്യുന്ന ഷൈജു വർഷങ്ങളായി  അൽഹസയിലെ കലാവേദികളിൽ നിറസാന്നിധ്യമാണ്.

 

Latest News