റിയാദ്- സൗദിയിലെ 44 നഗരങ്ങളിലെ 201 ശാഖകൾ വഴി സംസം വെള്ളം വിതരണം ചെയ്യുന്നതായി രാജ്യത്തെ ഏറ്റവും വലിയ റീട്ടെയിൽ ശൃംഖലയായ പാണ്ട കമ്പനി അറിയിച്ചു. ഒരു ഉപയോക്താവിന് അഞ്ചു ലിറ്ററിന്റെ രണ്ടു സംസം ബോട്ടിലുകൾ വീതമാണ് പരമാവധി വിതരണം ചെയ്യുന്നത്. കമ്പനിക്കു കീഴിലെ 201 ശാഖകളിലും സംസം ബോട്ടിൽ ശേഖരം വർധിപ്പിച്ചിട്ടുണ്ടെന്നും പാണ്ട കമ്പനി അറിയിച്ചു.
കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിശുദ്ധ റമദാനിൽ വിശ്വാസികൾക്ക് സംസം വെള്ളം ലഭ്യമാക്കുന്നതിന് വിപുലമായ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ഹറംകാര്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മക്കയിലെ കിംഗ് അബ്ദുല്ല സംസം പദ്ധതിയിൽനിന്ന് ഓൺലൈൻ സ്റ്റോറുമായി സഹകരിച്ച് സംസം ബോട്ടിലുകളുടെ ഡെലിവറിയും ആരംഭിച്ചിട്ടുണ്ട്. ഇതിനു പുറമെ കൂടുതൽ ചില്ലറ വ്യാപാര കമ്പനികൾ വഴിയും സംസം വിതരണത്തിന് ഹറംകാര്യ വകുപ്പ് ധാരണയിലെത്തിയിട്ടുണ്ട്. അൽഉഥൈം കമ്പനിയുമായും ലുലു മാർക്കറ്റുമായും സംസം വിതരണത്തിന് ധാരണയുണ്ടാക്കിയിട്ടുണ്ട്. ഈ രണ്ടു കമ്പനികളും ഈയാഴ്ച മുതൽ പടിപടിയായി തങ്ങളുടെ ശാഖകളിലൂടെ സംസം ബോട്ടിൽ വിതരണം ആരംഭിക്കും.
പാണ്ട റീട്ടെയിൽ കമ്പനിക്കും ഹനാക് ഓൺലൈൻ സ്റ്റോറിനും കഴിഞ്ഞയാഴ്ച ഏഴു ലക്ഷത്തിലേറെ സംസം ബോട്ടിലുകൾ കിംഗ് അബ്ദുല്ല സംസം പദ്ധതി വിതരണം ചെയ്തിട്ടുണ്ട്.
കിംഗ് അബ്ദുല്ല സംസം പദ്ധതിക്കു കീഴിൽ 20 ലക്ഷം സംസം ബോട്ടിലുകൾ സൂക്ഷിക്കാൻ വിശാലമായ ഗോഡൗൺ ഉണ്ട്. ദിവസേന രണ്ടു ലക്ഷത്തിലേറെ സംസം ബോട്ടിലുകളാണ് പദ്ധതിയിൽ തയാറാക്കുന്നത്. കൊറോണ വ്യാപനം തടയുന്നതിനുള്ള മുൻകരുതലുകളുടെ ഭാഗമായി കിംഗ് അബ്ദുല്ല സംസം പദ്ധതിക്കു കീഴിലെ മുഴുവൻ വിതരണ കേന്ദ്രങ്ങളും അടച്ചിട്ടുണ്ട്.