Sorry, you need to enable JavaScript to visit this website.

ആരോഗ്യ കേരളവും ആരും മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല 

വന്നു ഭവിച്ച കോവിഡ്19 എന്ന രോഗത്തിന്റെ ഇരുട്ടിനെ മായ്ച്ചു കളഞ്ഞ് പുതിയ പ്രഭാതം കൊണ്ടുവരുന്നത് തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും അതിന്റെ നേതാക്കളും മാത്രമായിരിക്കും എന്ന് വിശ്വസിക്കാൻ അത് പറയുന്നവർക്ക്  അവകാശമുണ്ട്. പക്ഷേ യാഥാർഥ്യം ഒരു കാരണവശാലും അതല്ല.  എല്ലാവരും ചേർന്ന് രൂപപ്പെടുത്തിയെടുത്ത മൗലികവാദത്തോളമെത്താത്ത  ശാസ്ത്രബോധം, പ്രാഥമിക ആരോഗ്യത്തിന് തുടക്കം മുതൽ നൽകിയ പ്രാധാന്യം,  ആരോഗ്യ പ്രവർത്തകരും എല്ലാ രാഷ്ട്രീയക്കാരും ഒരു രാഷ്ട്രീയവുമില്ലാത്തവരും എല്ലാം ചേർന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനമാണ് കോവിഡ്19 വിരുദ്ധ പോരാട്ടത്തിലെയും  ശക്തി എന്ന് എല്ലാവരും ഓർക്കണം.

കയറിവന്ന പടവുകൾ ആകെയങ്ങ് മറന്നു കളയുകയെന്നത് നന്ദി കെട്ടവരും അതുവഴി സ്വയം നശിക്കാൻ തീരുമാനിച്ചവരുമായ സമൂഹത്തിന്റെ മാത്രം ലക്ഷണമാണ്. കേരള ആരോഗ്യ മോഡൽ ആഘോഷിക്കുന്ന മന്ദബുദ്ധി ആവേശ കമ്മിറ്റിക്കാരുടെ പരിസരത്ത് നിന്നാണ് ഇത് പറയേണ്ടി വരുന്നത്. ഡോ. എ.ആർ. മേനോനെ പോലൊരാളെ (1886-1960) കേരളത്തിന്റെ ആദ്യത്തെ ആരോഗ്യ മന്ത്രിയായി (ഇ.എം.എസ് മന്ത്രിസഭ) ലഭിച്ചതു പോലൊരു സൗഭാഗ്യം മറ്റൊന്നുണ്ടായിരുന്നില്ല. ആരോഗ്യ മേഖലയുടെ നല്ല തുടക്കക്കാരൻ. ബ്രിട്ടനിൽ നിന്ന് വൈദ്യശാസ്ത്രത്തിൽ ഉന്നത ബിരുദം നേടിയ മേനോൻ ആരോഗ്യ രംഗത്ത് ആ കാലത്ത് പാകിയ അടിത്തറ എത്രയോ വലുതായിരിക്കും. 


കോഴിക്കോട് മെഡിക്കൽ കോളേജിന്റെ തുടക്കം ഒന്നു മാത്രം മതി അദ്ദേഹത്തെ മനസ്സിലാക്കാൻ. മേനോന്റെ പിന്മുറക്കാരായി അധികാരം വഹിച്ച ആരോഗ്യ മന്ത്രിമാരിലാരും മോശക്കാരായിരുന്നില്ലെന്ന് ആ പേരുകളിൽ ഓർമയുള്ളവരെ മാത്രം വിരൽ ഞൊടിച്ച് സ്മരിച്ചാൽ മതി. ചെറിയ പാർട്ടിയുടെ പ്രതിനിധിയായിരുന്നുവെങ്കിലും ബി. വെല്ലിംഗ്ടൺ പേരു പോലെ തന്നെ വേറിട്ട നിലപാടുകളുടെയും തോഴനായിരുന്നു. വടക്കെ മലബാറുകാരനായ എൻ.കെ. ബാലകൃഷ്ണൻ ആരോഗ്യ മന്ത്രിയായിരുന്ന കാലം പഴയ തലമുറ ഓർക്കുന്നുണ്ടാകും. തന്റെ വകുപ്പിലെ കാര്യങ്ങളെല്ലാം ബാലകൃഷ്ണന് കാണാപ്പാഠമായിരുന്നുവെന്ന് അക്കാലത്തെ പത്രസമ്മേളനങ്ങൾ തെളിവ്. 


നാട്ടിലാകെ തുടങ്ങിയതും തുടങ്ങാൻ പോകുന്നതുമായ ആരോഗ്യ രംഗത്തെ വികസന പദ്ധതികൾ അദ്ദേഹം നാടുനീളെ പത്രക്കാരോട് പറഞ്ഞു കൊണ്ടേയിരുന്നു. ഒന്നാംനിര പത്രങ്ങളിൽ അത് വാർത്തയായി. വെറുതെ വർത്തമാനം മാത്രമായിരുന്നില്ല, നാടാകെ ചെറുമട്ടിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ തുറന്നു കൊണ്ടേയിരുന്നു. ആധുനിക ചികിത്സ അന്യമായിരുന്ന മനുഷ്യരിലേക്ക് കലക്കി ഒഴിച്ചു കൊടുക്കുന്ന ചുവന്ന ലായനിയായും കുത്തിവെപ്പുകളായും അതെത്തി. ആരോഗ്യ രംഗത്തെ നവമുകുളങ്ങളുടെ നാളുകൾ. സി.പി.ഐ നേതാവായിരുന്ന കാസർകോട്ടെ ഡോ. സുബ്ബറാവുവിനെയൊന്നും ഇപ്പോഴാരും ഓർക്കുന്നു പോലുമില്ല. വൈദ്യശാസ്ത്രത്തിൽ താൻ ആർജിച്ച എത്രയെത്ര അറിവുകളായിരിക്കും ആ ഡോക്ടറും കേരള മോഡലിന് സംഭാവന ചെയ്തിട്ടുണ്ടാവുക എന്നാർക്കറിയാം. സി.പി.ഐയുടെ തന്നെ കെ.പി. പ്രഭാകരനെ പോലൊരു തലയെടുപ്പുള്ള നേതാവ് ആരോഗ്യ വകുപ്പ് ഭരിച്ചിരുന്നുവെന്ന് സി.പി.ഐക്കാരെങ്കിലും ഓർക്കാറുണ്ടെന്ന് തോന്നുന്നില്ല. കണിശക്കാരനായ ചിത്തരഞ്ജനും അതേ അവസ്ഥ തന്നെ.


എ.സി. ഷൺമുഖദാസ് എന്ന ആരോഗ്യ മന്ത്രിയുടെ പ്രസക്തി അദ്ദേഹം വൈദ്യപഠനം (ആയുർവേദം) പാതിവഴിയിൽ ഉപേക്ഷിച്ചയാളായിരുന്നുവെന്നതാണ്. അതിന്റേതായ സംഭാവനകൾ അദ്ദേഹവും നൽകിയിരിക്കും എന്നുറപ്പ്. 
തർക്കത്തിനൊടുവിൽ അദ്ദേഹത്തിന് പിന്നാലെ ആരോഗ്യ വകുപ്പിലെത്തിയ വി.സി. കബീർ മാസ്റ്ററുടെ ഗാന്ധിയൻ സാത്വികത ആരോഗ്യ വകുപ്പിനെ എത്രമാത്രം സ്വാധീനിച്ചുവെന്ന് അളന്നു നോക്കാൻ നമുക്ക് മാപിനികളൊന്നുമില്ല. കോൺഗ്രസിലെ അഴിമതി വിരുദ്ധ പോരാട്ടങ്ങളുടെ ഐക്കണായ വി.എം. സുധീരൻ ആ വകുപ്പിനെ എത്ര കണ്ട് ശുദ്ധീകരിച്ചിട്ടുണ്ടാവും. കേരളത്തിലെ എല്ലാ ആരോഗ്യ മന്ത്രിമാരുടെയും പേരെടുത്ത് പറഞ്ഞ് അവരുടെ സേവനങ്ങൾ എണ്ണിപ്പറയലൊന്നുമല്ല ലക്ഷ്യം. 


പേരു പറഞ്ഞവരും അല്ലാത്തവരുമായ ആരോഗ്യ മന്ത്രിമാരെല്ലാം അവരുടേതായ വഴികളിൽ വകുപ്പിന് സംഭാവന ചെയ്തവരായിരുന്നു. ഇവരുടെയെല്ലാം പ്രവർത്തനങ്ങളുടെ ഗുണഫലമാണ് ഇന്ന് കേരളത്തിന്റെ പൊതുജനാരോഗ്യ രംഗത്ത് കാണുന്ന നേട്ടങ്ങൾ. ഇതെല്ലാം മറന്ന് എല്ലാം ഒന്നോ രണ്ടോ വ്യക്തികളിൽ ചേർത്തുവെച്ച് പി.ആർ എഴുതുന്നവർ അപകടത്തിലാക്കുന്നത് ആരെയാണെന്ന് പറയേണ്ടതില്ലല്ലോ. പി.ആർ എഴുതാൻ സഹായിക്കുന്നവർക്ക് കിട്ടേണ്ടത് കിട്ടും. പക്ഷേ അത് സമൂഹത്തിലുണ്ടാക്കുന്ന മുറിവ് വലുതാണ്. ആരോഗ്യ രംഗത്താകെ നിഷ്‌ക്രിയത്വം വരുന്ന അവസ്ഥയിലേക്ക് വരെ കാര്യങ്ങളെത്താൻ പൂർവ കാലമെല്ലാം തമസ്‌കരിച്ചുള്ള ഇത്തരം വില കുറഞ്ഞ പി.ആർ വർക്ക് വഴിവെക്കും. ഏക പക്ഷീയമായി വീമ്പു നടിക്കാനൊന്നും ആർക്കും ഒരവകാശവും കേരളത്തിൽ ഇല്ല. ഉണ്ടെന്ന് നടിച്ച് വലിയ വലിയ വിദേശ പ്രസിദ്ധീകരണങ്ങളിൽ ഫീച്ചറെഴുതിക്കുന്നവർക്ക് പി.ആർ വർക്കിന്റ പ്രതിഫലം കിട്ടുമായിരിക്കും. ആത്യന്തിക ഫലം കേരളത്തിന്റെ നഷ്ടം മാത്രമാകും. കാരണം കേരളം ആരുടെയും ശക്തി കേന്ദ്രമൊന്നുമല്ല. എല്ലാ ആശയക്കാരുടേതുമാണ്.

 

കമ്യൂണിസ്റ്റ് ഭരണം ഇതാ വന്നെത്തി എന്ന് ചാടിക്കളിക്കുന്നവരോട് ഒരു ദിവസം നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ അത്രക്കൊന്നും ആയിട്ടില്ല കേട്ടോ എന്ന് ഓർമപ്പെടുത്തിയതോർക്കുന്നു.. വന്നു ഭവിച്ച കോവിഡ്19 എന്ന രോഗത്തിന്റെ ഇരുട്ടിനെ മായ്ച്ചു കളഞ്ഞ് പുതിയ പ്രഭാതം കൊണ്ടുവരുന്നത് തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രവും അതിന്റെ നേതാക്കളും മാത്രമായിരിക്കും എന്ന് വിശ്വസിക്കാൻ അത് പറയുന്നവർക്ക് അവകാശമുണ്ട്. പക്ഷേ യാഥാർഥ്യം ഒരു കാരണവശാലും അതല്ല. എല്ലാവരും ചേർന്ന് രൂപപ്പെടുത്തിയെടുത്ത മൗലികവാദത്തോളമെത്താത്ത ശാസ്ത്രബോധം, പ്രാഥമിക ആരോഗ്യത്തിന് തുടക്കം മുതൽ നൽകിയ പ്രാധാന്യം ആരോഗ്യ പ്രവർത്തകരും എല്ലാ രാഷ്ട്രീയക്കാരും ഒരു രാഷ്ട്രീയവുമില്ലാത്തവരും എല്ലാം ചേർന്ന ബൃഹത്തായ ജനകീയ പ്രസ്ഥാനമാണ് കോവിഡ്19 വിരുദ്ധ പോരാട്ടത്തിലെയും ശക്തി എന്ന് എല്ലാവരും ഓർക്കണം. ആരോഗ്യ രംഗവും ഒരു വെളുപ്പാൻ കാലത്ത് ആരും മഴുവെറിഞ്ഞുണ്ടാക്കിയതല്ല.
 

Latest News