കോവിഡ് ഭീതിയിൽ കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളിലും ലോകത്തിലെ വിവിധ രാജ്യങ്ങളിലും കഴിയുന്നത് അരക്കോടി മലയാളികളെങ്കിലുമാണ്. ജോലി, പഠനം, ചികിത്സ, കുടുംബ സന്ദർശനം തുടങ്ങി വിവിധ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അവർ മറുനാട്ടിലേക്ക് ചേക്കേറിയത്.
പൊടുന്നനെ ഉണ്ടായ കൊറോണ വ്യാപനം അവരെയെല്ലാം പ്രതിസന്ധിയിലേക്ക് തള്ളിവിട്ടു. ലോകത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മികച്ച പ്രവർത്തനം കാഴ്ച വെച്ച സംസ്ഥാനമാണ് കേരളം. അത് മലയാളിയുടെ വിദ്യാസമ്പന്നതയും ഉയർന്ന സാമൂഹിക രാഷ്ട്രീയ ബോധവും സമ്മാനിച്ച വിജയമാണ്. അതിൽ ഓരോ മലയാളിക്കും അഭിമാനിക്കാം.
എന്നാൽ നമ്മെയെല്ലാം വേദനിപ്പിക്കുന്നത് മറുനാട്ടിൽ ദുരിതം പേറുന്ന മലയാളികളുടെ അവസ്ഥയാണ്. കൊറോണ ബാധിച്ച് ലോകത്ത് വിവിധ രാജ്യങ്ങളിൽ 100 ഓളം മലയാളികൾ ഇതിനകം മരിച്ചു. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ മരിച്ച മലയാളികൾ വേറെയും. ഹൃദയാഘാതം മൂലം മരിച്ചവരും ഇതിന്റെ കൂടെ ചേർത്തു വെക്കേണ്ടവരാണ്.
കേരളത്തിലെ മരണ നിരക്ക് നന്നേ കുറവാണെങ്കിലും മറുനാട്ടിൽ മരിച്ച മലയാളികളുടെ എണ്ണം നമ്മെ വേദനിപ്പിക്കുന്നു. അത് ദിനേന കൂടുകയാണ്. മരണം കാത്ത് ഭീതിയുടെ നിഴലിൽ കഴിയുന്നവർ വേറെയും. ഇന്ത്യക്കകത്ത് മറുനാട്ടിൽ കഴിയുന്നവരെ സ്വദേശത്തേക്ക് കൊണ്ടുവരാൻ ആദ്യം കഴിയേണ്ടിയിരുന്നത് കേരളത്തിനായിരുന്നു പക്ഷേ നിരാശ മാത്രമാണ് ഇപ്പോൾ. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് ട്രെയിനുകൾ അവരുടെ പൗരന്മാരെ വഹിച്ചുകൊണ്ട് യാത്രയയച്ച കേരളത്തിലേക്ക് ഒരു ട്രെയിൻ പോലും ഇത് വരെ ചൂളം വിളിച്ചെത്തിയില്ല. മിക്കയിടങ്ങളിലും രോഗം അതിവേഗം പടരുകയാണ്.
എല്ലാവരും ഭീതിയിൽ കഴിയുകയാണ്. നോർക്കയിൽ രജിസ്റ്റർ ചെയ്യാനും അവർ സ്വന്തം വാഹനങ്ങളിൽ വരാനുമാണ് സർക്കാർ പറയുന്നത്. ഇതെന്തൊരു അനീതി? മറുനാട്ടിൽ വിയർപ്പൊഴുക്കിയ പണം കേരളത്തിലേക്കാണ് അവർ അയച്ചത്. കേരളം ഇന്ന് നേടിയ പുരോഗതിയിൽ ഇന്ത്യക്കകത്തും പുറത്തുമുള്ള മലയാളികളുടെ വിയർപ്പിന്റെ അംശം മുഴച്ചു നിൽക്കുന്നുണ്ട്. എന്തിന് രാഷ്ട്രീയക്കാരും ഭരണകൂടവും അനുഭവിക്കുന്ന സുഖസൗകര്യങ്ങൾ വരെ മറുനാടൻ മലയാളിയുടെ വിയർപ്പിന്റെ ഫലമാണ്.
സംസ്ഥാന സർക്കാർ പറയുന്ന ന്യായം മറുനാടൻ മലയാളികളെ കൊണ്ടുവരാൻ ഞങ്ങൾ റെഡിയാണ്, അവരെ അയക്കേണ്ട സംസ്ഥാനങ്ങൾ ഇത് വരെ തയാറായില്ല എന്നാണ്. കേരള മുഖ്യമന്ത്രിയുമായി നല്ല ബന്ധം പുലർത്തുന്ന ദൽഹിയിൽ നിന്നും എന്തേ ട്രെയിൻ വന്നില്ല, കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ഈ വിഷയത്തിൽ നിഷേധാത്മക നിലപാട് ആണ് എങ്കിൽ പ്രതിപക്ഷത്തിന്റെ ഇടപെടൽ തേടാൻ പാറ്റാത്തതെന്ത്.
തമിഴ്‌നാട്ടിൽ നിന്നും നിഷേധാത്മക നിലപാടാണോ. കേരള സർക്കാറിന്റെ വീഴ്ച മറച്ചുവെക്കാനുള്ള ന്യായീകരണങ്ങൾ മാത്രമാണിത്. ഇനിയും നമ്മുടെ സംസ്ഥാന സർക്കാർ ഉണർന്നു പ്രവർത്തിക്കണം. എല്ലാവരെയും വൈകാതെ നാട്ടിലേക്ക് കൊണ്ടുവരാൻ നടപടികൾ ഉണ്ടവണം. അവരിൽ പാവങ്ങളുടെ യാത്രാച്ചെലവ് സംസ്ഥാനം വഹിക്കുകയും വേണം.
ഇനി രാജ്യത്തിന് പുറത്തുള്ള ലക്ഷക്കണക്കിന് മലയാളികൾ നാട്ടിലേക്കുള്ള മടക്കം കാത്തിരിക്കാറായിട്ട് മാസം രണ്ടായി. വ്യാഴാഴ്ച മുതൽ വിമാനങ്ങൾ എത്തിത്തുടങ്ങി എന്നത് സന്തോഷകരമാണ്. എന്നാൽ മടങ്ങിവരാൻ തയാറായി നിൽക്കുന്നവരെ എല്ലാവരെയും കൊണ്ടുവരാൻ എത്ര നാളെടുക്കും? എയർ ഇന്ത്യ മാത്രം സർവീസ് നടത്തിയതു കൊണ്ട് അത് സാധ്യമവുമോ? വിദേശ രാജ്യങ്ങളിലെ ഫ്‌ളൈറ്റുകൾ സർവീസ് നടത്താൻ തയാറാണ് എന്ന് അറിയിച്ചിട്ട് ഒരു മാസത്തിൽ അധികം ആയി.
അവക്ക് ഇന്ത്യയിൽ ഇറങ്ങാൻ അനുമതി നേടിയെടുക്കാൻ ഇനിയും കഴിയാത്തതെന്ത്? മാസങ്ങളായി ജോലിയില്ലാതെ കഴിയുന്നവർ സ്വന്തം ടിക്കറ്റിൽ പോകണം എന്നു പറയാൻ മാത്രം എന്തേ നമ്മുടെ ഭരണാധികാരികളുടെ മനസ്സ് മരവിച്ചു പോയി. കേരളത്തിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാം കൈമെയ് മറന്നു സഹായിച്ച പ്രവാസികൾ പ്രതിസന്ധിയിൽ ഉലയുമ്പോൾ അവഗണിക്കുന്നത് എത്ര ക്രൂരമാണ്.
വിദേശത്തെ ഇന്ത്യൻ സ്ഥാനപതി കാര്യാലയത്തിന്റെ കീഴിൽ ഉള്ള കമ്മ്യൂണിറ്റി വെൽഫയർ ഫണ്ടും നോർക്കയും ലോക കേരള സഭയും അടക്കം പ്രവാസി ക്ഷേമത്തിന് വേണ്ടിയുള്ള സംവിധാനങ്ങൾക്ക് മാറ്റിവെച്ച ഫണ്ടും ഇപ്പോഴല്ലാതെ പിന്നെ എന്നാണ് അവർക്ക് ഉപകാരപ്പെടുക. പ്രവാസി ലോകത്തെ സന്മനസ്സുകളുടെ കരുണയിൽ ജീവിതം മുന്നോട്ട് നയിച്ചവർ ആണ് ഭൂരിപക്ഷം. പാവങ്ങളായ പ്രവാസികൾ അവർക്ക് സൗജന്യ യാത്ര ഉറപ്പ് വരുത്തേണ്ടത് സംസ്ഥാന സർക്കാറിന്റെ കടമയാണ്. ഇനിയും വൈകിയിട്ടില്ല. അതിന് വേണ്ട നടപടികൾ ഉണ്ടവണം.
കോവിഡ് പ്രതിസന്ധി കഴിഞ്ഞ് അന്താരാഷ്ട്ര യാത്രാ സൗകര്യങ്ങൾ ഇനി എന്ന് തുറക്കും എന്ന് ആർക്കും നിശ്ചയമില്ല. അതിനിടയിലാണ് വിവിധ എൻട്രൻസ് പരീക്ഷാ തീയതികൾ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ഇത് പ്രവാസി വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വലിയ ആശങ്ക സമ്മനിക്കുന്നതാണ്. വിദേശ രാജ്യങ്ങളിൽ പരീക്ഷാ കേന്ദ്രങ്ങൾ അനുവദിക്കുക മാത്രമാണ് പോംവഴി.
ഈ വിഷയത്തിൽ സർക്കാർ ശ്രദ്ധ പതിയാതെ പോയത് പ്രവാസികളോടുള്ള മനോഭാവത്തിന്റെ പ്രതിഫലനം ആയി കാണാൻ മാത്രമേ ഞങ്ങൾക്ക് കഴിയൂ. ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയെ ഇരുൾ മൂടുന്ന തീരുമാനമാണ് ഈ ദുരന്ത കാലത്ത് നാട്ടിൽ നടത്താൻ തീരുമാനിച്ച എൻട്രൻസ് പരീക്ഷകൾ. വിദേശങ്ങളിൽ പരീക്ഷാ സെന്ററുകൾ അനുവദിക്കാൻ കേന്ദ്ര സർക്കാറിൽ സമ്മർദം ചെലുത്തണം. പുതിയ അധ്യയന വർഷം ക്ലാസുകൾ ആരംഭിക്കുന്നത് അടക്കം ഉള്ള കാര്യങ്ങളിൽ പ്രവാസി സമൂഹത്തെ മറക്കരുത്. അവരെ കൂടി പരിഗണിച്ചു കൊണ്ടുള്ള തീരുമാനം മാത്രമേ ഇനി ഉണ്ടാവുകയുള്ളൂ എന്ന് ഉറപ്പ് വരുത്തണം. അന്യദേശ മലയാളികൾ അന്യരല്ലെന്ന് ലോകത്തോട് വിളിച്ചു പറയുന്ന നടപടികളാണ് കേരള സർക്കാറിന്റെ ഭാഗത്തു നിന്ന് ഉണ്ടാവേണ്ടത്.