Sorry, you need to enable JavaScript to visit this website.

ലോക്ക്ഡൗണില്‍ മദ്യപാനികള്‍ക്ക് ലഹരി പകരാന്‍ പ്രത്യേക അരിഷ്ടം വില്‍പ്പന; വ്യാജ പാരമ്പര്യവൈദ്യന്‍ അറസ്റ്റില്‍

വണ്ടൂര്‍- കൊറോണ ലോക്ക്ഡൗണിനിടെ മദ്യപാനികള്‍ക്ക് ലഹരി പകരുന്ന വിധത്തിലുള്ള അരിഷ്ടവും ആസവവും വില്‍പ്പന നടത്തിയ വ്യാജ പാരമ്പര്യ വൈദ്യന്‍ പിടിയില്‍. ചെറുമുണ്ട മറ്റത്ത് വീട്ടില്‍ മുഹമ്മദ് കോയ(67) ആണ് അറസ്റ്റിലായത്. നടുവത്ത് ചെറുമുണ്ടയില്‍ ശിഫ ആയുര്‍വേദിക്‌സ് എന്ന സ്ഥാപനം നടത്തുന്ന മുഹമ്മദ് കോയ മദ്യപാനികള്‍ക്ക് വന്‍തോതില്‍ അരിഷ്ടവും ആസവവും വില്‍ക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് നിലമ്പൂര്‍ എക്‌സൈസ് വകുപ്പാണ് പരിശോധന നടത്തിയത്.

ഇയാള്‍ക്ക് വെറും നാലാംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് യോഗ്യതയെന്നും പാരമ്പര്യ വൈദ്യമൊന്നും പഠിച്ചിട്ടില്ലെന്നും വ്യാജ ചികിത്സയും അനധികൃത മരുന്നുല്‍പ്പാദനവും നടത്തുന്നതായി എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ലോക്ക്ഡൗണിനെ തുടര്‍ന്ന് മദ്യശാലകള്‍ അടച്ചിട്ടതോടെ ഇയാളുടെ സ്ഥാപനത്തില്‍ ലഹരി കൂടുതലുള്ള അരിഷ്ടവും ആസവവും വാങ്ങാന്‍ മദ്യപരുടെ തിക്കുംതിരക്കുമാണ്. ഇവിടെ നിന്നും 58.5 ലിറ്റര്‍ അരിഷ്ടമാണ് പിടിച്ചെടുത്തതെന്ന് എക്‌സൈസ് എസ്‌ഐ ജി. കൃഷ്ണകുമാര്‍ അറിയിച്ചു. നേരത്തെ പ്രമേഹത്തിന് വ്യാജ മരുന്നുണ്ടാക്കി വില്‍പ്പന നടത്തിയതിന് ഇയാള്‍ക്കെതിരെ പോലിസ് നടപടിയെടുത്തിരുന്നു.
 

Latest News