താഷ്കന്റ്-കസാഖിസ്താനില്‍ 40 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നാട്ടിലെത്തിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ വേണമെന്നാണ് ഇവരുടെ ആവശ്യം. എംബസിയില്‍ നിന്നും അറിയിപ്പുകളൊന്നും കിട്ടുന്നില്ലെന്നും വിദ്യാര്‍ത്ഥികള്‍ ന്യൂസ് ചാനലിനോട് വ്യക്തമാക്കി. കസാഖിസ്താനിലെ അല്മാട്ടിയുലുള്ള കസഖ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളാണ് കുടുങ്ങിയത്. 200 ഓളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് മലയാളി വിദ്യാര്‍ത്ഥികള്‍ വീഡിയോയില്‍ പറയുന്നത്. കസാഖിസ്താനില്‍ കോവിഡ് വ്യാപിച്ച സമയത്ത് തന്നെ നാട്ടിലേക്കു പോവാനുള്ള അനുമതി യൂണിവേഴ്സിറ്റി നല്‍കിയിരുന്നു.
അതിനു മുമ്പേ തന്നെ ഇവരുടെ ജൂനിയേഴ്സിനെ നാട്ടിലേക്കയച്ചിരുന്നു. എന്നാല്‍ ഇവര്‍ അവസാന വര്‍ഷമായതിനാല്‍ കോവിഡ് വ്യാപനം തുടരുന്ന ഘട്ടത്തിലാണ് ഇവരോട് നാട്ടിലേക്ക് മടങ്ങാന്‍ അധികൃതര്‍ ആവശ്യപ്പെട്ടത്. ഇതിനു പിന്നാലെ ഇവര്‍ നാട്ടിലേക്ക് പോവാനൊരുങ്ങിയെങ്കിലും ഇന്ത്യയില്‍ അന്താരാഷ്ട്ര വിമാന സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ തിരിച്ചെത്താനായില്ല.