റിയാദ് - ഇ-കൊമേഴ്‌സ് നിയമം ലംഘിച്ച മൂന്നു വിദേശ ഓൺലൈൻ സ്റ്റോറുകൾ വാണിജ്യ മന്ത്രാലയം ബ്ലോക്ക് ചെയ്തു.
വ്യാജ ഓഫറുകൾ പ്രഖ്യാപിച്ച് ഉൽപന്നങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ വിപണനം ചെയ്യുന്ന സ്റ്റോറുകൾക്കെതിരെ ഉപയോക്താക്കളിൽ നിന്ന് മന്ത്രാലയത്തിന് പരാതികൾ ലഭിക്കുകയായിരുന്നു. ഉപയോക്താക്കൾക്ക് ആശയവിനിമയം നടത്തുന്നതിനുള്ള വിവരങ്ങൾ ഈ സ്റ്റോറുകൾ പരസ്യപ്പെടുത്തിയിരുന്നുമില്ല.
നിയമ ലംഘനം നടത്തുന്ന ഓൺലൈൻ സ്റ്റോറുകൾക്കെതിരെ വാണിജ്യ മന്ത്രാലയം ഇ-കൊമേഴ്‌സ് നിയമം ബാധകമാക്കുന്നുണ്ട്. നിയമ ലംഘനങ്ങൾ നടത്തുന്ന ഓൺലൈൻ സ്റ്റോറുകൾ കണ്ടെത്തുന്നതിനും ഉപയോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മന്ത്രാലയം നടപടികൾ സ്വീകരിക്കുന്നു. നിയമ ലംഘനങ്ങൾ നടത്തുന്ന ഓൺലൈൻ സ്റ്റോറുകൾ ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തി ഉടനടി ബ്ലോക്ക് ചെയ്യുന്നു.
സാമൂഹിക മാധ്യമങ്ങളിലെ അജ്ഞാത അക്കൗണ്ടുകളും സൈറ്റുകളും വഴി ഉൽപന്നങ്ങൾ വാങ്ങുന്നതിനെതിരെ വാണിജ്യ മന്ത്രാലയം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി. അവകാശങ്ങൾ ഉറപ്പു വരുത്തുന്നതിന്, കൊമേഴ്‌സ്യൽ രജിസ്‌ട്രേഷനുള്ള ഓൺലൈൻ സ്റ്റോറുകളിൽ നിന്നും ആഗോള തലത്തിൽ പ്രശസ്തമായ ഓൺലൈൻ സ്റ്റോറുകളിൽ നിന്നും വാണിജ്യ മന്ത്രാലയത്തിന്റെ മഅ്‌റൂഫ് സേവനത്തിൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ സ്റ്റോറുകളിൽ നിന്നും മാത്രം ഉൽപന്നങ്ങൾ വാങ്ങണം.
ഓൺലൈൻ സ്റ്റോറുകളുടെ പ്രവർത്തനം തുടർച്ചയായി നിരീക്ഷിക്കുകയും ഇ-കൊമേഴ്‌സ് നിയമം നടപ്പാക്കുകയും ചെയ്യും.
നിയമ ലംഘനം നടത്തുന്ന ഓൺലൈൻ സ്റ്റോറുകൾക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതിന് മടിച്ചുനിൽക്കില്ലന്ന് മന്ത്രാലയം വ്യക്തമാക്കി.