Sorry, you need to enable JavaScript to visit this website.

കണ്ണൂർ വിമാനത്താവളത്തിൽ എത്തിയ യാത്രക്കാരിൽ രണ്ടുപേർക്ക് കോവിഡ് ലക്ഷണം

കണ്ണൂർ- കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഗള്‍ഫ് പ്രവാസികളുമായി കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ 182 യാത്രക്കാരിൽ രണ്ടുപേർക്ക് കോവിഡ് ലക്ഷണം. വിമാനത്താവളത്തിൽവച്ച് ആരോഗ്യവകുപ്പ് അധികൃതർ നടത്തിയ  പരിശോധനയിലാണ് കോവിഡിന് സമാനമായ ലക്ഷണങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഇവരെ ആംബുലൻസിൽ അഞ്ചരക്കണ്ടിയിലെ കണ്ണൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ സജ്ജീകരിച്ച കോവിഡ് ചികിൽസാ കേന്ദ്രത്തിലേക്ക് മാറ്റി.
കോവിഡ് കെയർ സെൻ്ററിലേക്ക് പോവേണ്ടിയിരുന്ന രണ്ടു പേരാണിത്. ഒരാൾ എടക്കാടിനടുത്ത കടമ്പൂർ സ്വദേശി. വടകര സ്വദേശിയാണ് മറ്റൊരാൾ.


ദുബായില്‍ നിന്നുള്ള യാത്രികരുമായി എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം രാത്രി 7.25 ഓടെയാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങിയത്. 109 പേര്‍ കണ്ണൂര്‍ ജില്ലക്കാരാണ്. കാസര്‍കോട്- 48, കോഴിക്കോട്- 12, മലപ്പുറം - 8, തൃശൂര്‍ - 1, വയനാട്-1 എന്നിങ്ങനെയാണ് മറ്റ് ജില്ലകളില്‍ നിന്നുള്ള യാത്രക്കാരുടെ കണക്ക്. മാഹി സ്വദേശികളായ 3 പേരും വിമാനത്തില്‍ ഉണ്ടായിരുന്നു. ഇവരില്‍ 102 പേരെ കൊറോണ കെയര്‍ സെന്ററുകളിലേക്ക് പ്രത്യേക വാഹനങ്ങളില്‍ അയച്ചു. ഗർഭിണികളും കുട്ടികളും ഉൾപ്പെടെ 78 പേരെ വീടുകളിലേക്ക് ക്വാറന്റൈനില്‍ വിട്ടു. കോവിഡ് വ്യാപന ഭീതിയുടെ പശ്ചാത്തലത്തില്‍ വിമാനത്തിലെത്തുന്നവരെ സ്വീകരിക്കാനും പരിശോധിക്കാനും ക്വാറന്റൈനിലേക്ക് അയക്കാനുമായി വിപുലമായ സംവിധാനമാണ് ജില്ലാ ഭരണകൂടം വിമാനത്താവളത്തില്‍ ഒരുക്കിയത്.

Latest News