ദുബായ്- തറാവീഹ് നമസ്‌കാരത്തിന് ഒരുമിച്ച് കൂടിയ നാല് കുടുംബാംഗങ്ങള്‍ക്ക് കൊറോണ സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യമന്ത്രാലയം.
സാമൂഹിക അകലം പാലിക്കുന്നതടക്കം മുന്‍കരുതല്‍ നടപടികളോട് നിസ്സഹകരിച്ചതാണ് രോഗവ്യാപനത്തിന് കാരണമായതെന്ന് ഗവണ്‍മെന്റ് വക്താവ് ഡോ. അംന അല്‍ദഹക് അല്‍ശംസി വ്യക്തമാക്കി. ഒരു കുടുംബം ഹോം ക്വാറന്റൈനില്‍ കഴിഞ്ഞിരുന്ന വീട്ടില്‍ നമസ്‌കരിക്കാനെത്തിയവര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചതെന്നും അവര്‍ പറഞ്ഞു.
സംഘംചേര്‍ന്ന് നമസ്‌കരിക്കുന്നതിനെ കുറിച്ച് ബന്ധപ്പെട്ട എല്ലാ ഗവണ്‍മെന്റ് വകുപ്പുകളും നിരന്തരമായി നല്‍കുന്ന മുന്നറിയിപ്പുകള്‍ ഇവര്‍ പൂര്‍ണമായി അവഗണിക്കുകയായിരുന്നു. കൂടാതെ, എമിറേറ്റ്‌സ് ഫത്‌വാ കൗണ്‍സില്‍, ജനറല്‍ അതോറിറ്റി ഓഫ് ഇസ്‌ലാമിക് അഫയേഴ്‌സ് ആന്റ് എന്‍ഡോവ്‌മെന്റ്‌സ് എന്നീ മതകാര്യവിഭാഗങ്ങളും സംഘമായി ചേര്‍ന്നുള്ള പ്രാര്‍ഥനകള്‍ ഒഴിവാക്കണമെന്ന് പൊതുജനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.
കോവിഡ് വ്യാപനം തടയുന്നതിനുള്ള ജാഗ്രതാ നിര്‍ദേശങ്ങള്‍ അക്ഷരംപ്രതി അനുസരിക്കണമെന്ന് യു.എ.ഇ ആരോഗ്യ വകുപ്പ് വക്താവ് ഡോ. ഫരീദ അല്‍ഹുസൈനി അഭ്യര്‍ഥിച്ചു. കൂടുതല്‍ ആളുകളെ പങ്കെടുപ്പിച്ച് പരിപാടികള്‍ സംഘടിപ്പിക്കുകയും അയല്‍വാസികള്‍ക്ക് ഭക്ഷണ വിതരണം ചെയ്യുകയും ചെയ്യുന്നത് രോഗ വ്യാപനത്തിന് ഹേതുവായേക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.