ദമാം- രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ അടച്ചതിനു ശേഷം കിഴക്കന്‍ പ്രവിശ്യയിലെ ദമാമില്‍നിന്നു കേരളത്തിലേക്കുള്ള ആദ്യ വിമാനം പറന്നുയര്‍ന്നു. ഇന്ത്യന്‍ എംബസിയില്‍നിന്നു അനുമതി ലഭിച്ച ആറ് കുട്ടികളടക്കം 174 പേരാണ് എയര്‍ ഇന്ത്യ ഓഫീസില്‍നിന്നു ടിക്കറ്റ് നേടി യാത്രയായത്. ഉച്ചക്ക് 12.45 നു ദമാമില്‍നിന്നു പുറപ്പെട്ട വിമാനം രാത്രി 8.45 നു കൊച്ചിയില്‍ ഇറങ്ങും.
കര്‍ഫ്യു ഇളവു നിലനില്‍ക്കുന്നുണ്ടെങ്കിലും യാത്രാ വിലക്ക് ഉള്ളതിനാല്‍ കിഴക്കന്‍ പ്രവിശ്യയില്‍ താമസിക്കുന്നവര്‍ക്ക് മാത്രമേ ഈ വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് അനുമതി ലഭിച്ചിട്ടുള്ളൂ. കടുത്ത രോഗികളും തുടര്‍ചികിത്സ ആവശ്യമുള്ളവരും ഗര്‍ഭിണികളും സന്ദര്‍ശക വിസയിലെത്തി കാലാവധി കഴിഞ്ഞു ഇവിടെ കുടുങ്ങിയ പ്രായമായവരുമാണ് മുന്‍ഗണനാ പട്ടികയില്‍ ഇടം നേടിയവര്‍.
രാവിലെ ഒന്‍പതു മണിക്ക് എയര്‍പോര്‍ട്ടില്‍ എത്താനുള്ള നിര്‍ദ്ദേശം ലഭിച്ചിരുന്നെങ്കിലും നിരവധി യാത്രക്കാര്‍ രാവിലെ ഏഴു മണി മുതല്‍ തന്നെ എത്തിയിരുന്നു. മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ കരുതാന്‍ നേരത്തെ നിര്‍ദ്ദേശം നല്‍കിയതിനാല്‍ രോഗികളും ഗര്‍ഭിണികളും ഇതെല്ലം തയാറാക്കി തന്നെയാണ് എയര്‍പോര്‍ട്ടില്‍ എത്തിയത്.
ബോര്‍ഡിംഗിനു മുന്‍പ് തന്നെ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ വിദഗ്ധ സംഘം പ്രാഥമിക പരിശോധന നടത്തിയാണ് യാത്രക്കാരെ ക്രമീകരിച്ചത്. വിസിറ്റിംഗ് വിസയില്‍ എത്തിയ ഒരു കുട്ടിയുടെ പാസ്‌പോര്‍ട്ട് കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് വിസ പുതുക്കാന്‍ കഴിയാതെ വരികയും ഇന്ന് യാത്ര ചെയ്യുന്നതിന് എയര്‍പോര്‍ട്ട് ജവാസാത്ത് വിഭാഗം താല്‍ക്കാലികമായി സിസ്റ്റത്തില്‍ പാസ്‌പോര്‍ട്ട് പുതുക്കി നല്‍കിയതിനെ തുടര്‍ന്ന് ഈ വിമാനത്തില്‍ തന്നെ യാത്രക്ക് അനുമതി നല്‍കുകയും ചെയ്തു. യാത്രക്കാര്‍ക്കുള്ള മാസ്‌ക്കും ഗ്ലൗസും ദമാം നോര്‍ക്ക ഹെല്‍പ് ഡസ്‌ക് വിതരണം ചെയ്തു.
ഏകദേശം എഴുപതിനായിരത്തോളം ആളുകള്‍ ഇതിനകം ഇന്ത്യന്‍ എംബസിയില്‍ നാട്ടിലേക്ക് മടങ്ങുന്നതിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കിലും 850 പേര്‍ക്ക് മാത്രമേ ആദ്യ ഘട്ടത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ സാധിക്കൂ. രോഗികള്‍, ഗര്‍ഭിണികള്‍, വിദ്യാര്‍ഥികള്‍, വിസിറ്റിംഗ് വിസ കാലാവധി തീര്‍ന്നവര്‍, തൊഴില്‍ വിസ എക്‌സിറ്റ് അടിച്ചവര്‍, വിവിധ കേസുകളില്‍ ജയിലിലകപ്പെട്ടവര്‍ തുടങ്ങി നിരവധി കേസുകളില്‍ അകപ്പെട്ട നിരവധി ആളുകള്‍ തങ്ങളുടെ ഊഴവും കാത്തിരിക്കുകയാണ്. നിലവില്‍ ഒരാഴ്ചത്തെ വിമാന യാത്രാ ഷെഡ്യൂള്‍ മാത്രമാണ് കേന്ദ്ര സര്‍ക്കാര്‍ വിദേശ രാജ്യങ്ങളില്‍ നിന്നു മടങ്ങുന്നതിനായി അനുവദിച്ചിട്ടുള്ളത്. ചില സ്വകാര്യ വ്യക്തികളും ട്രാവല്‍ ഏജന്‍സികളും ചാര്‍ട്ടേഡ് വിമാനത്തില്‍ പ്രവാസികളെ നാട്ടിലേക്ക് എത്തിക്കാന്‍ കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുന്നെങ്കിലും ഇതുവരെ അനുമതി ലഭിച്ചിട്ടില്ല.