Sorry, you need to enable JavaScript to visit this website.

കയറ്റുമതിയിലേക്ക്  തുറക്കുന്ന സാധ്യതകൾ

ആരോഗ്യ മേഖലയിലെന്ന പോലെ കോവിഡ്19 സാമ്പത്തിക മേഖലയിലും പ്രതിസന്ധികൾ ഇരട്ടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. കച്ചവട നഷ്ടങ്ങൾ, തൊഴിൽ നഷ്ടങ്ങൾ തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങളിലും ഈ പ്രതിസന്ധിക്ക് ഒരേ മുഖമാണ്. ജീവിതത്തിൽ മൊത്തത്തിലും സാമ്പത്തിക രംഗത്ത് പ്രത്യേകിച്ചും പുതിയ ഉടച്ചുവാർക്കലുകൾ അനിവാര്യമായി വരുമെന്ന മുന്നറിയിപ്പുകൾ ഉയർന്നു കഴിഞ്ഞു. പ്രതിസന്ധികൾക്കിടയിലും പ്രതീക്ഷകളുടെ, ചെറുതെങ്കിലും ചില തുരുത്തുകളുണ്ടാകും. അത്തരം തുരുത്തുകളെ വളർത്തിയും ഏകോപിപ്പിച്ചും അതിജീവനത്തിന്റെയും വികസനത്തിന്റെയും പുതിയ ലോകം സൃ്ഷ്ടിക്കാനാണ് വരുംനാളുകളിൽ ഏവരും സജ്ജരാകേണ്ടി വരിക.


മലബാറിലെ രണ്ടാമത്തെ വിമാനത്താവളമായ കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന പ്രതീക്ഷയുടെ തുരുത്തിനെ കോവിഡ് കാലത്ത് ഏറെ ശ്രദ്ധയോടെ തന്നെ മലയാളികൾ കാണണം. പച്ചക്കറി, പഴം തുടങ്ങിയ ഉൽപന്നങ്ങളുടെ കയറ്റുമതി ആരംഭിക്കുന്നതിനുള്ള അനുമതി കണ്ണൂർ വിമാനത്താവളത്തിന് അടുത്തു തന്നെ ലഭിച്ചേക്കും. കോവിഡ് രോഗബാധയെ തുടർന്ന് അഗോള തലത്തിലുണ്ടായ ലോക്ഡൗണിനെ തുടർന്ന് മാസങ്ങളായി നിശ്ചലമായി കിടക്കുകയാണ് കണ്ണൂർ വിമാനത്താവളവും. 
സ്വകാര്യ പങ്കാളത്തം കൂടിയുള്ള ഈ സ്ഥാപനത്തിന് നഷ്ടത്തിലേക്ക് കൂപ്പുകുത്താതിരിക്കാൻ പുതിയ വരുമാന സ്രോതസ്സുകൾ കണ്ടെത്തേണ്ടതുണ്ട്. കയറ്റുമതിക്കുള്ള അനുമതി ലഭിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധി വരെ കുറക്കാനാകും. വിമാനത്താവളത്തിന്റെ വികസനത്തിനൊപ്പം മലബാറിലെ കാർഷിക മേഖലയിൽ പുതിയൊരു തൊഴിൽ-വാണിജ്യ സാധ്യത കൂടി ഇതിലൂടെ തുറന്നു കിട്ടുന്നുണ്ട്.
കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കാർഷിക വിളകളുടെ കയറ്റുമതി അനുവദിക്കുന്നത് സംബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ ഗസറ്റ് വിജ്ഞാപനം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. സർക്കാർ അനുമതി സംബന്ധിച്ച് സുപ്രധാനമായൊരു കാര്യമാണിത്. സർക്കാർ നടപടികൾ പൂർത്തിയാകുന്നതോടെ, കരിപ്പൂർ വിമാനത്താവളത്തിലേത് പോലെ കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് കയറ്റുമതി തുടങ്ങാനാകും.


വിമാനത്താവളത്തിൽ രണ്ട് കാർഗോ കോംപ്ലക്‌സുകളുടെ നിർമാണം പുരോഗമിക്കുന്നുണ്ട്. ഇതിൽ 1200 ചതുരശ്ര മീറ്റർ വിസ്താരമുള്ള കെട്ടിടത്തിന്റെ നിർമാണം അന്തിമ ഘട്ടത്തിലാണ്. വിമാനത്താവളത്തിന്റെ വരുമാനത്തോടൊപ്പം ഉത്തര മലബാറിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കൃഷി വർധിപ്പിക്കുന്നതിനും വ്യോമമാർഗമുള്ള കയറ്റുമതി പ്രചോദനമാകും. കണ്ണൂർ, വയനാട്, കാസർകോട്, കോഴിക്കോട് ജില്ലകൾക്ക് പുറമെ  കർണാടകയിലെ കാർഷിക മേഖലകളായ കുടക്, മൈസൂർ എന്നിവിടങ്ങളിൽ നിന്നുള്ള കാർഷികോൽപന്നങ്ങളും ഈ സൗകര്യം ഉപയോഗപ്പെടുത്തി കയറ്റുമതി ചെയ്യാനാകും.
കരിപ്പൂർ വിമാനത്താവളത്തിന്റെ വരുമാനത്തിൽ നല്ലെരു പങ്ക് കാർഗോ കോംപ്ലക്‌സ് വഴിയുള്ളതാണെന്ന പാഠവും നമുക്ക് മുന്നിലുണ്ട്. കോവിഡ് കാലത്തും കരിപ്പൂരിൽ നിന്ന് പച്ചക്കറികളുടെയും പഴങ്ങളുടെയും കയറ്റുമതി മുടങ്ങാതെ നടക്കുന്നുണ്ട്.


കയറ്റുമതിക്കുള്ള സൗകര്യം ലഭിക്കുന്നതു പോലെ തന്നെ പ്രധാനമാണ് ഉൽപന്നങ്ങളുടെ ലഭ്യതയും. വൻകിട കച്ചവടക്കാരാണ് കാർഗോ സൗകര്യങ്ങൾ പ്രധാനമായും ഉപയോഗപ്പെടുത്തുന്നതെങ്കിലും ചെറുകിടക്കാർക്ക് കൂടി പ്രയോജനകരമായ രീതിയിൽ ഈ പുതിയ സൗകര്യം വളരേണ്ടതുണ്ട്. കാർഷിക മേഖലയിലെ കാഴ്ചപ്പാടുകളിൽ ഇതോടൊപ്പം മാറ്റം വരണം. പ്രാദേശിക ആവശ്യങ്ങൾക്ക് മാത്രമായുള്ള ഉൽപാദനം എന്ന കാഴ്ചപ്പാട് മാറ്റി ആഗോള തലത്തിലേക്ക് അതിനെ വളർത്താൻ മലബാറുകാർക്ക് കഴിയണം. പ്രാദേശിക വിപണിയെയും ആഗോള വിപണിയെയും പ്രത്യേകമായി കാണേണ്ടതുണ്ട്. 
വിദേശ രാജ്യങ്ങൾ, പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങൾ കേരളത്തിൽ നിന്നുള്ള പല ഇനം പച്ചക്കറികളുടെയും വലിയ ഉപഭോക്താക്കളാണ്. കരിപ്പൂരിൽ നിന്ന് ഒട്ടുമിക്ക ഗൾഫ് രാജ്യങ്ങളിലേക്കും പച്ചക്കറി കയറ്റി അയക്കുന്നുണ്ട്. എന്നാൽ ഇതിൽ ഭൂരിഭാഗവും കേരളത്തിൽ ഉൽപാദിപ്പിക്കപ്പെടുന്നതല്ല. തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളാണ് പ്രധാനമായും കരിപ്പൂരിലൂടെ പോകുന്നത്. 


കോവിഡാനന്തര കാലത്ത് മലയാളികൾക്ക് ഇറങ്ങിച്ചെല്ലാൻ സാധ്യത ഏറെയുള്ള മേഖലയാണ് പച്ചക്കറിയുടെ കയറ്റുമതി. കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിലെ കാർഗോ കോംപ്ലക്‌സുകളെ പ്രയോജനപ്പെടുത്തിയുള്ള ഒരു പുതിയ കാർഷിക സംസ്‌കാരം ഈ വിമാനത്താവളങ്ങളുടെ സമീപ ജില്ലകളിൽ വളർന്നു വരണം. ഗൾഫിൽ ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികൾക്ക് കുറഞ്ഞ ചെലവിൽ ഇടപെടാവുന്ന മേഖലയുമാണിത്. വിദേശത്ത് കൂടുതൽ ആവശ്യക്കാരും വിലയുമുള്ള ഉൽപന്നങ്ങൾ കണ്ടെത്തി അവ ഉൽപാദിപ്പിക്കുന്ന രീതിയാണ് ആവശ്യം. ഇക്കാര്യത്തിൽ കാർഷിക മേഖലകളിൽ നടക്കുന്ന പരീക്ഷണങ്ങളെ കുറിച്ചും വിജയകരമായ മോഡലുകളെ കുറിച്ചും പഠിക്കണം. ഒറ്റക്കും കൂട്ടായും സംരംഭങ്ങൾ തുടങ്ങി കാർഷിക മേഖലയിൽ കയറ്റുമതി അധിഷ്ഠിതമായ പുതിയ ചുവടുവെപ്പുകൾ ഉണ്ടാകേണ്ടതുണ്ട്.


വാണിജ്യ രംഗത്തെ പൊതുസൗകര്യങ്ങളെ ഉപയോഗപ്പെടുത്തുമ്പോഴാണ് ചെറുകിട ഉൽപാദകർക്ക് നേട്ടം കൊയ്യാനാകുന്നത്. ഉൽപാദനം കൂടുതൽ മെച്ചപ്പെട്ട ഇടപാടായി മാറുന്നതും ആഗോള തലത്തിലേക്ക് വിപണി സാധ്യതകളെ വളർത്തുന്നതിലാണ്. അന്താരാഷ്ട്ര വിപണികളിലെ ഏറ്റവും അടിത്തട്ടിലുള്ള ചലനങ്ങളെ കുറിച്ചുള്ള അറിവുകൾ പ്രവാസിയുടെ കൈമുതലാണ്. 
പ്രതിസന്ധിയുടെ നാളുകളെ പഴിക്കാതെ പുതിയ സാധ്യതകളിലേക്ക് സ്വന്തം അനുഭവ ജ്ഞാനങ്ങളെയും കഴിവുകളെയും സമന്വയിപ്പിക്കലാണ് വിജയത്തിലേക്കുള്ള വഴി.
 

Latest News