Sorry, you need to enable JavaScript to visit this website.

മറുനാടൻ മലയാളികളെ തെരുവിൽ തള്ളരുത്  

കോവിഡിനെതിരെ താരതമ്യേന മെച്ചപ്പെട്ട പ്രകടനം കേരളം കാഴ്ച വെക്കുന്നു എന്നതിൽ സംശയമില്ല. എറെക്കൂറെ കേരളീയരെല്ലാം ഈ സന്ദർഭത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ് അധികൃതരുമായി സഹകരിക്കുന്നുമുണ്ട്. അതേസമയം കഴിഞ്ഞ ചില ദിവസങ്ങളിലായി അസ്വസ്ഥജനകമായ പല സംഭാഷണങ്ങളും കേരളത്തിന്റെ പൊതുമണ്ഡലങ്ങളിൽ കേൾക്കാനിട വരുന്നു. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലും രാജ്യത്തിനു പുറത്തും തൊഴിൽ ചെയ്തു ജീവിക്കുന്ന മലയാളികളെ തിരിച്ചു കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഉദ്ദേശിക്കുന്നത്. ഇക്കാര്യത്തിൽ കേന്ദ്ര സർക്കാറും സംസ്ഥാന സർക്കാറും ചെയ്യുന്നത് മെല്ലെപ്പോക്കു നയമാണെന്നതിൽ സംശയമില്ല.


ലോകത്തെ പല രാഷ്ട്രങ്ങളും ഇന്ത്യയടക്കമുള്ള മറ്റു രാഷ്ട്രങ്ങളിൽ നിന്ന് തങ്ങളുടെ പൗരന്മാരെ കൊണ്ടുപോകാനാരംഭിച്ച് എത്രയോ ആഴ്ചകൾ കഴിഞ്ഞാണ് ഇന്ത്യ അതേക്കുറിച്ച് ആലോചിക്കുന്നത്. എന്നാലിപ്പോഴും വിരലിലെണ്ണാവുന്ന വിമാനങ്ങളും കപ്പലുകളുമാണ് രാജ്യത്തെത്തിയിരിക്കുന്നത്. വരാനുള്ള ചെലവ് വഹിക്കുന്നവരെ മാത്രമാണ് കൊണ്ടുവരുന്നത് എന്നതാണ് ഏറ്റവും ദയനീയം. പതിറ്റാണ്ടുകൾക്കു മുമ്പ് ഇറാഖ് - കുവൈത്ത് യുദ്ധകാലത്ത്, വി.പി. സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോൾ ലക്ഷക്കണക്കിനു പേരെ ചടുലമായി, സൗജന്യമായി കൊണ്ടുവന്ന ഒരു രാജ്യമാണ് ഇന്ന് പ്രവാസികളോട് ഈ അനീതി ചെയ്യുന്നത്. ലോകമെമ്പാടും തിരിച്ചെത്താനാഗ്രഹിക്കുന്ന ലക്ഷക്കണക്കിനു പേരാണ് ദയനീയമായി തങ്ങളുടെ അവസ്ഥ വിശദീകരിക്കുന്നത്.


നിർഭാഗ്യവശാൽ കേന്ദ്ര സർക്കാറിന്റെ ഈ നിലപാടിന്റെ തുടർച്ച തന്നെയാണ് മറ്റു സംസ്ഥാനങ്ങളിൽ കുടുങ്ങിക്കിടക്കുന്നവരുടെ വിഷയത്തിൽ കേരളവും ചെയ്യുന്നത്. നൂറുകണക്കിനു പേർ മാധ്യമങ്ങളിലൂടെ തങ്ങളുടെ ദയനീയ അവസ്ഥ വിശദീകരിച്ചിട്ടും കാര്യമായ ഒരു നടപടിയുമില്ല. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരെ സ്വന്തം നാട്ടിലെത്തിക്കാൻ 400 ഓളം തീവണ്ടികൾ ഓടിയിട്ടും കേരളത്തിലേക്ക് ഒന്നു പോലും എത്തിയില്ല. പല സംസ്ഥാനങ്ങളും അയൽസംസ്ഥാനങ്ങളിലേക്ക് ബസുകൾ വിടുമ്പോൾ തമിഴ്‌നാട്ടിൽ നിന്നും കർണാടകയിൽ നിന്നും പോലും ഒരാളെ പോലും കെ.എസ്.ആർ.ടി.സി ബസയച്ചു കൊണ്ടുവരാൻ സർക്കാർ തയാറായിട്ടില്ല. ദൽഹിയിൽ കേരളത്തിന്റെ കാര്യങ്ങൾ ചെയ്യാൻ വൻ വേതനം കൊടുത്ത് നിയമിച്ചിട്ടുള്ള, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ തോറ്റ എ. സമ്പത്ത് കാര്യമായൊന്നും ചെയ്യുന്നില്ല എന്ന വിമർശനം നിലനിൽക്കുന്നു. സ്വന്തം വാഹനമുള്ളവർ മാത്രം വന്നാൽ മതി എന്ന നിലപാടിലാണ് ഇപ്പോഴും സംസ്ഥാന സർക്കാർ.


സർക്കാർ ഇത്തരമൊരു നിലപാടെടുക്കുന്നതിന്റെ കാരണം കഴിഞ്ഞ ദിവസങ്ങളിൽ മന്ത്രിമാരുടെയും മറ്റു പലരുടെയും വാക്കുകളിലൂടെ പുറത്തു വരുന്നു. അതാണ് ഏറ്റവും ഞെട്ടിക്കുന്ന വസ്തുത. പുറത്തു നിന്നുള്ളവർ തിരിച്ചുവരുന്നത് കോവിഡിനെ നേരിടുന്നതിൽ ഇപ്പോൾ കേരളം നേടിയ മെച്ചപ്പെട്ട വിജയത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് പ്രത്യക്ഷമായും പരോക്ഷമായും ഇവർ പറയുന്നത്. 
കെ.എൻ. ഗണേഷിനെപോലുള്ള ബുദ്ധിജീവികൾ പോലും ഇത്തരത്തിൽ പറയുന്നതും കേട്ടു. കോവിഡിനെതിരായ യുദ്ധത്തിൽ കേരളത്തേക്കാൾ ഒട്ടും മോശമല്ലാത്ത പ്രകടനം കാഴ്ച വെക്കുന്ന ഒഡീഷയും ബിഹാറും മറ്റും തങ്ങളുടെ സംസ്ഥാനത്തിൽ നിന്നുള്ളവരെ കേരളമടക്കമുള്ള സംസ്ഥാനങ്ങളിൽ നിന്ന് തിരിച്ചു കൊണ്ടുപോകുമ്പോഴാണ് കേരളം ഈ നിലപാടെടുക്കുന്നത്.  
പച്ചയായി പറഞ്ഞാൽ മലയാളികൾ കേരളത്തിൽ മരിക്കരുത്, പുറത്തു മരിച്ചോട്ടെ എന്ന ക്രൂരമായ ചിന്തയാണ് ഇവരെ നയിക്കുന്നതെന്ന് പറയാതെ വയ്യ.  പതിറ്റാണ്ടുകളായി കേരളത്തെ സാമ്പത്തികമായ വൻ തകർച്ചയിൽ നിന്നും പട്ടിണിയിൽ നിന്നുമൊക്കെ രക്ഷിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുന്ന പ്രവാസികളോടാണ് നാമിത് ചെയ്യുന്നത്.


പലപ്പോഴും പലവിധ പ്രതിസന്ധികളെ നേരിട്ടിട്ടുണ്ടെങ്കിലും മലയാളികളുടെ പ്രവാസ ജീവിതത്തിന് ഏറ്റവും വലിയ ഭീഷണി നേരിടുന്നത് 100 വർഷം തികഞ്ഞ സമകാലിക സാഹചര്യത്തിലാണ്. ലക്ഷക്കണക്കിനു പ്രവാസികളാണ് തിരിച്ചുവരാൻ തയാറാകുന്നത്. അവരിൽ വലിയൊരു ഭാഗവും തൊഴിൽ നഷ്ടപ്പെട്ടാണ് തിരിച്ചു വരുന്നത് എന്നതാണ് ഏറ്റവും ഖേദകരം. അതിനാൽ തന്നെ ഈ തിരിച്ചുവരവ് അവരുടെ കുടുംബ ജീവിതം മുതൽ കേരളത്തിന്റെ സാമ്പത്തികാവസ്ഥയിൽ വരെ ഉണ്ടാക്കാൻ പോകുന്ന പ്രത്യാഘാതം  ചെറുതായിരിക്കില്ല എന്നുറപ്പ്. പക്ഷേ അതല്ലാതെ മറ്റൊരു മാർഗവും ഇപ്പോഴില്ല. അവർക്കു മുന്നിൽ വാതിൽ കൊട്ടിയടക്കുന്ന സമീപനം എത്രമാത്രം മനുഷ്ത്വ വിരുദ്ധമാണ്.


മലയാളികളുടെ പ്രവാസ ജീവിതം ആരംഭിച്ചത് മലേഷ്യ, സിംഗപ്പൂർ, സിലോൺ, കറാച്ചി, ബർമ, മലയ എന്നിവിടങ്ങളിലേക്കായിരുന്നു. രണ്ടാം ലോക മഹായുദ്ധം ഏൽപിച്ച സാമ്പത്തികാഘാതമാണ് മലയാളിയെ കൂട്ടംകൂട്ടമായി നാടു കടക്കാൻ പ്രേരിപ്പിച്ച പ്രധാന കാരണം. പിന്നീട് മുംബൈ, കൊൽക്കത്ത, ചെന്നൈ പോലുള്ള ഇന്ത്യയിലെ വൻ നഗരങ്ങളിലേക്ക്. എന്നാലതൊക്കെ കുറെ കുടുംബങ്ങളെ രക്ഷിച്ചു എന്നല്ലാതെ നമ്മുടെ സമ്പദ്ഘടനയിൽ കാര്യമായ മാറ്റമുണ്ടാക്കിയില്ല. അതുണ്ടായത് 1970 കളോടെ ആരംഭിച്ച ഗൾഫിലേക്കുള്ള പ്രവാസത്തോടെയായിരുന്നു. കേരളം അതിരൂക്ഷമായ പ്രതിസന്ധി നേരിടുമ്പോഴായിരുന്നു ഈ  പ്രവാസം ശക്തമായത്. തുടർന്നുള്ള പതിറ്റാണ്ടുകളിൽ ഇങ്ങോട്ടൊഴുകിയ ഗൾഫ് പണമാണ് കേരളത്തെ വൻ തകർച്ചയിൽ നിന്നു പിടിച്ചുനിർത്തിയത്. തീർച്ചയായും വളരെ മോശം പ്രണതകളും ഇക്കാലത്ത് വളർന്നിട്ടുണ്ട്. കൊട്ടാര സദൃശ്യമായ വീടുകളും വാഹനങ്ങളും മറ്റും മാന്യതയുടെ പ്രതീകമാകുന്നതിലും ആഡംബര വിവാഹങ്ങളും വിദ്യാഭ്യാസവും ചികിത്സയും മറ്റും വ്യാപകമായതിലും ഭൂമിയും പാടങ്ങളും റിയൽ എസ്റ്റേറ്റിനായി മാറിയതിലുമൊക്കെ ഈ മാറ്റത്തിന് വലിയ പങ്കുണ്ട് എന്നത് ശരി തന്നെയാണ്. എന്നാലും ഈ പ്രവാസമില്ലായിരുന്നെങ്കിൽ അവസ്ഥ മറ്റൊന്നാകുമായിരുന്നു. പിന്നീട് യൂറോപ്പിലേക്കും അമേരിക്കയിലേക്കും മറ്റുമുള്ള കുടിയേറ്റങ്ങളും വ്യാപകമായി. 
രണ്ടു ലോകമഹായുദ്ധങ്ങൾ തകർത്ത യൂറോപ്പിനു പുനർനിർമാണം അത്യാവശ്യമായിത്തീർന്നു. രോഗികളായിത്തീർന്നവരും അംഗഭംഗം വന്നവരും നിരവധിയായിരുന്നതിനാൽ ആതുര ശുശ്രൂഷാ രംഗത്ത് നിരവധി പേരെ ആവശ്യമായിത്തീർന്നു. തിരുവിതാംകൂറിലെ തിരുവല്ല, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കോട്ടയം, കോഴഞ്ചേരി, കുമ്പനാട് തുടങ്ങിയ നാടുകളിൽ നിന്നുള്ള യുവതികൾ നഴ്സിംഗ് സേവനത്തിനു വേണ്ടി അങ്ങനെയാണ് യൂറോപ്യൻ നാടുകളിലേക്ക് പ്രവഹിച്ചത്. 


പിന്നീട് ഇവരിൽ പലരും അമേരിക്കയിലെത്തി. മാലാഖമാരെന്നെല്ലാം വിശേഷിക്കപ്പെടുന്ന ഇവരാണ് ഇന്ന് ഏറ്റവും ദുരിതമനുഭവിക്കുന്നത്. ഐ.ടി കാലത്തോടെ കുടിയേറ്റത്തിന്റെ അളവും വർധിച്ചു. ഗൾഫ് നാടുകളുടെ ചാകരക്കാലത്തിനു നിയന്ത്രണം വന്നതോടെ  ഓസ്ട്രേലിയ, ന്യൂസിലൻഡ്, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്കും മലയാളി പ്രവാഹമുണ്ടായി. ഏതാനും വർഷം മുമ്പത്തെ പഠന പ്രകാരം പ്രവാസി മലയാളികളിൽ 38.7 ശതമാനം പേരും യു.എ.ഇയിലാണ്.  പ്രവാസികളിൽ 20.4 ശതമാനം പേരും മലപ്പുറം ജില്ലക്കാരാണ്.  100 വീടുകളിൽ ശരാശരി 43.8 വീടുകൾ പ്രവാസികളുള്ളവരാണ്. എന്നാൽ മലപ്പുറത്ത് 100 വീടുകളിൽ 86.3 ശതമാനമുണ്ട്. ഇടുക്കിയിൽ ഇത് 9.6 ശതമാനമാണ്. മതപരമായി നോക്കിയാൽ പ്രവാസികളിൽ 37.2 ശതമാനവും മുസ്‌ലിംകളാണ്. 12.7 ശതമാനം ഹിന്ദുക്കളും 19.5 ശതമാനം ക്രിസ്ത്യാനികളുമാണ്. ദളിതരുടേയും ആദിവാസികളുടേയും സാന്നിധ്യം വളരെ കുറവാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അതിന്റെ ചരിത്രം വേറെ.


എന്തായാലും എവിടെ പോയി ജീവിച്ചാലും ഇവരെല്ലാം മലയാളികളാണ്. ഇവിടെ ജീവിക്കുന്നവരെപ്പോലെ, അല്ലെങ്കിൽ അതിനേക്കാൾ ഈ മണ്ണിന്റെ അവകാശികൾ. അവരോടാണ് ഇത്തരത്തിലുള്ള ഒരു സമീപനം വലിയൊരു വിഭാഗം സ്വീകരിക്കുന്നത്. എത്രയും വേഗം നിലപാട് തിരുത്തി, തിരിച്ചുവരാൻ നിർബന്ധിതരായ എല്ലാവരെയും തിരിച്ചു കൊണ്ടുവരാനാണ് സർക്കാർ ശ്രിക്കേണ്ടത്. നാലു ലക്ഷത്തോളം പേർക്ക് നിരീക്ഷണമൊരുക്കാൻ സൗകര്യമുണ്ടെന്നു അവകാശപ്പെടുന്ന സർക്കാർ എന്തിനിങ്ങനെ മടിക്കുന്നു എന്നു മനസ്സിലാകുന്നില്ല. നമ്മളിലെ ഒരു വിഭാഗത്തെ കൊലയ്ക്കു കൊടുത്തല്ല മഹാമാരിക്കെതിരെ പോരാടേണ്ടത്, എല്ലാവരെയും ചേർത്തുപിടിച്ചാണ്. 

Latest News