ജിദ്ദ - ലോകകപ്പിന് യോഗ്യത നേടി ഒമ്പത് ദിവസം പിന്നിടുമ്പോഴേക്കും സൗദി ഫുട്‌ബോൾ ടീമിന്റെ പരിശീലകൻ മാറി. ഡച്ചുകാരനായ ബെർട് വാൻ മാർവിക്കിനു പകരം അർജന്റീനക്കാരനായ എഡ്വേഡൊ ബൗസ ചുമതലയേറ്റു. ജപ്പാനെ അവസാന മത്സരത്തിൽ തോൽപിച്ചാണ് സൗദി 12 വർഷത്തെ ഇടവേളക്കു ശേഷം ലോകകപ്പ് ഫൈനൽ റൗണ്ടിന് യോഗ്യത നേടിയത്. വാൻ മാർവിക്കുമായി പുതിയ കരാർ സംബന്ധിച്ച് ധാരണയിലെത്താനാവാത്തതിനാലാണ് പുതിയ പരിശീലകനെ തേടിയത്. 2015 ലാണ് വാൻ മാർവിക് സൗദി കോച്ചായി സ്ഥാനമേറ്റത്. ലോകകപ്പിനു മുമ്പ് സൗദിയിൽ താമസിക്കാൻ അദ്ദേഹം ഒരുക്കമല്ലായിരുന്നു.
മുൻ അർജന്റീനാ കോച്ചായ ബൗസ കഴിഞ്ഞ മെയ് മുതൽ യു.എ.ഇയുടെ കോച്ചായിരുന്നു. യു.എ.ഇ ഫുട്‌ബോൾ ഫെഡറേഷനും ബൗസയും സൗദി ഫെഡറേഷനും തമ്മിലുള്ള ധാരണയനുസരിച്ചാണ് കൂടുമാറ്റം.
ബൗസയുടെ പരിശീലനത്തിൽ യു.എ.ഇ ലോകകപ്പ് ബെർത്തിന്റെ പടിവാതിൽക്കലെത്തിയിരുന്നു. തായ്‌ലന്റിനെതിരായ കളിയിൽ 1-1 സമനിലയും സൗദിക്കെതിരെ 2-1 വിജയവും നേടി. എന്നാൽ അവസാന കളിയിൽ ഇറാഖിനോട് 0-1 ന് തോറ്റതോടെ യു.എ.ഇയുടെ പ്രതീക്ഷ അസ്തമിച്ചു.
അമ്പത്തൊമ്പതുകാരനായ ബൗസ ലോകകപ്പിൽ സൗദിയുടെ പരിശീലകനാവുന്ന നാലാമത്തെ ലാറ്റിനമേരിക്കക്കാരനാണ്. ജോർജെ സൊളാരി (1994), കാർലോസ് ആൽബർടൊ പെരേര (1998), മാർക്കോസ് പക്വീറ്റ (2006) എന്നിവരാണ് മറ്റുള്ളവർ.
ലാറ്റിനമേരിക്കയിലെ ഏറ്റവും പ്രധാന ക്ലബ് ടൂർണമെന്റായ കോപ ലിവർട്ടഡോറസിൽ രണ്ടു ടീമുകളെ കിരീടത്തിലേക്ക് നയിച്ചിരുന്നു ബൗസ. 2016 ഓഗസ്റ്റിൽ അർജന്റീനാ ടീമിന്റെ കോച്ചായി. എന്നാൽ ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ടീം പരുങ്ങിയതോടെ ഏപ്രിലിൽ പുറത്താക്കപ്പെട്ടു.