യാമ്പു- മെയ് 4 ന്പുലർച്ചെ യാമ്പുവിലെ താമസ സ്ഥലത്ത് ഹൃദയാഘാതം മൂലം മരിച്ച കോഴിക്കോട് പെരുമുഖം വലിയപറമ്പ് സ്വദേശി കീഴില്ലത്ത് അബ്ദുൽ അസീസിന്റെ (53) മൃതദേഹം ഖബറടക്കി. 15 വർഷമായി യാമ്പു സിമന്റ് കമ്പനിയിൽ ടെക്‌നീഷ്യനായി ജോലി ചെയ്യുകയായിരുന്ന അസീസിന്റെ കൂടെ താമസിക്കുന്ന സുഹൃത്തുക്കൾ അത്താഴത്തിന് വിളിക്കാൻ നോക്കിയപ്പോഴാണ് മരിച്ചതായി കണ്ടത്. യാമ്പു ജനറൽ ഹോസ്പിറ്റലിലായിരുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കാൻ കമ്പനി അധികൃതരും സി.സി.ഡബ്ല്യൂ അംഗങ്ങളായ മുസ്തഫ മൊറയൂർ, കെ.പി.എ. കരീം താമരശ്ശേരി, കുട്ടിക്ക, നവാസ് എന്നിവരും രംഗത്തുണ്ടായിരുന്നു.
കോവിഡ് രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി സാമൂഹിക സമ്പർക്കം കുറക്കാൻ അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതിനാൽ പരിമിതമായ ആളുകൾ മാത്രമാണ് യാമ്പു ടൗൺ മഖ്ബറയിൽ നടന്ന നമസ്‌കാരത്തിലും സംസ്‌കാര ചടങ്ങിലും പങ്കെടുത്തത്.
പരേതരായ കീഴില്ലത്ത് മുഹമ്മദ്- കുഞ്ഞീരിയം ദമ്പതികളുടെ മകനാണ് അബ്ദുൽ അസീസ്. ഭാര്യ: റംല. മക്കൾ: ലുബൈബ, ബുർഹാന, റബീഹ, മരുമകൻ: നാസിർ. സഹോദരങ്ങൾ: അബ്ദുൽ ഖാദർ, അബൂബക്കർ, അബ്ദുറഹ്മാൻ, ബിച്ചാലി.