കോട്ടയം - ലോക്ഡൗണിൽ പൂ വിപണി കൊഴിഞ്ഞതോടെ പച്ചിലമാലകൾ പകരമെത്തി. തോവാളയിൽനിന്നും മധുരയിൽ നിന്നുമാണ് മധ്യ കേരളത്തിൽ പൂക്കൾ അധികവും എത്തുന്നത്. എന്നാൽ ലോക്ഡൗണിൽ ഗതാഗതം നിലച്ചതോടെ പൂ വരവ് നിലച്ചു. ഇതോടെ ഭൂരിപക്ഷം പൂക്കടകളും അടയ്ക്കുകയും ചെയ്തു. വരവ് പൂക്കളില്ലെങ്കിലും അത്യാവശ്യമായുള്ള മാല വാങ്ങാനെത്തുവരെ നിരാശനാക്കാനില്ല. അതിനായി കണ്ടെത്തിയ വഴിയാണ് പച്ചില മാലകൾ. പള്ളികളിലും ക്ഷേത്രങ്ങളിലും കൂടാതെ സ്ഥിരമായി മാലവാങ്ങുന്നവർക്കും പല തരത്തിലുള്ള പച്ചിലമാലകൾ റെഡിയാക്കിയിരിക്കുകാണ് ഞീഴൂരിലെ കട. ഞീഴൂരിലെ ഫഌവർ മാർട്ടിലെ പച്ചിലമാലകളുടെ ചിത്രം സോഷ്യൽ മീഡിയിൽ വ്യാപകമായി ഷെയർ ചെയ്യുന്നുണ്ട്. ലോക്ഡൗണിനിടെ മാറ്റിവയ്ക്കാത്ത കല്യാണ പാർട്ടികളാണ് റെജിയുടെ കടയിൽ അധികം ഓർഡർ നൽകുന്നത്. ബഹുപുഷ്പ കല്യാണമാലകൾക്കു പകരമായി നാട്ടിൽ ലഭ്യമായ പച്ചിലകളും പൂക്കളും കൊണ്ടാണ് റെജി മാല തീർക്കുന്നത്.