മനാമ- സ്വന്തം രാജ്യത്തേക്ക് മടങ്ങുന്നതിനോ രേഖകള്‍ ശരിപ്പെടുത്തി ബഹ്‌റൈനില്‍ താമസിക്കുന്നതിനോ അവസരമൊരുക്കി പ്രഖ്യാപിച്ച പൊതുമാപ്പിന് ഇതുവരെ അപേക്ഷിച്ചത് 15,000 ലേറെ പ്രവാസികള്‍.
ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) വിവിധ രാജ്യങ്ങളിലെ 55,000 അനധികൃത തൊഴിലാളികളെ ലക്ഷ്യമിട്ട് കഴിഞ്ഞമാസം പ്രഖ്യാപിച്ച പൊതുമാപ്പ് കാലാവധി ഡിസംബര്‍ 31ന് അവസാനിക്കും. കോവിഡ് -19 പ്രതിരോധ നടപടികളുടെ ഭാഗമായാണ് എല്‍.എം.ആര്‍.എ ഈ സംരംഭത്തിന് തുടക്കമിട്ടത്. പൊതുമാപ്പ് പ്രഖ്യാപനത്തോട് ഇതുവരെ തങ്ങള്‍ക്ക് നല്ല പ്രതികരണമാണ് ലഭിച്ചതെന്ന് എല്‍.എം.ആര്‍.എ ചീഫ് എക്‌സിക്യൂട്ടീവ് ഉസാമ അല്‍ അബ്‌സി പറഞ്ഞു. '15,000ത്തിലധികം വിദേശികള്‍ ഇതുവരെ അപേക്ഷ നല്‍കി. വിവിധ രാജ്യക്കാരായ വിദഗ്ധരും അര്‍ധ വിദഗ്ധരുമായ തൊഴിലാളികളാണ് ഇവര്‍'- അല്‍അബ്‌സി പറഞ്ഞു. ബഹ്‌റൈന്‍ പൗരന്മാരില്‍നിന്നും തൊഴില്‍ നഷ്ടവുമായി ബന്ധപ്പെട്ട നിരവധി പരാതികള്‍ കഴിഞ്ഞ മാസം എല്‍.എം.ആര്‍.എക്ക് ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.