കോഴിക്കോട്- കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സ്വന്തം വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ അനുവാദം തേടി കൂടത്തായി കേസിലെ മുഖ്യപ്രതി ജോളി .വിചാരണ തടവുകാര്‍ക്ക് വീട്ടില്‍ കഴിയാനുള്ള ആനുകൂല്യം ഈ സാഹചര്യത്തില്‍ തനിക്കും അനുവദിക്കണമെന്ന് ജോളി കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ നല്‍കിയ അപേക്ഷയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജോളിയുടെ അപേക്ഷയെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.ഏഴ് വര്‍ഷത്തില്‍ താഴെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ ചെയ്ത കേസിലെ തടവുകാര്‍ക്കാണ് ഈ ആനുകൂല്യമെന്നും ജോളിയുടേത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യങ്ങളാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.
അതുകൊണ്ട് ജോളിയെ പോലുള്ള പ്രതിയ്ക്ക് ഈ ആനുകൂല്യം നല്‍കാന്‍ പാടില്ലെന്നും പ്രോസിക്യൂഷന്‍ വാദിച്ചു. കഴിഞ്ഞ ദിവസമാണ് കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തിന് പോകാന്‍ താല്‍പ്പര്യമുള്ള പ്രതികള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാമെന്ന് ജയില്‍ അധികൃതര്‍ അറിയിച്ചത്. ഇതേതുടര്‍ന്നാണ് കൂടത്തായി കൊലപാതക പരമ്പരകളിലെ മുഖ്യപ്രതി ജോളി അപേക്ഷനല്‍കിയത്.