തിരുവനന്തപുരം- കേരളത്തില്‍ ഓണ്‍ലൈന്‍ മദ്യവില്‍പ്പനക്കുള്ള സാധ്യത തേടി ബെവ്‌കോ. ലോക്ക്ഡൗണ്‍ പിന്‍വലിച്ചു കഴിഞ്ഞാല്‍ ഓണ്‍ലൈന്‍ വഴി വിദേശ മദ്യം ആവശ്യക്കാരിലെത്തിക്കാനുള്ള സാധ്യതകളാണ് പരിശോധിക്കുന്നത്. ഇത് ടോക്കണ്‍ രീതിയിലോ വിര്‍ച്വല്‍ ക്യൂ മാതൃകയിലോ ആയിരിക്കും നടപ്പാക്കുക. ഇതിനായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഡവലപ്പ് ചെയ്യാന്‍ മികച്ച കമ്പനികളെ കണ്ടെത്താന്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്.
മുഴുവന്‍ ബീവറേജസ് ഔട്ട്‌ലെറ്റുകളുടെയും വിവരങ്ങള്‍ ഓണ്‍ലൈന്‍ ആപ്ലിക്കേഷനില്‍ ഉള്‍പ്പെടുത്തും. പിന്‍കോര്‍ഡ് പ്രകാരമാണ് ലിസ്റ്റ് ചെയ്യുക. ഒരു തവണ മദ്യം ബുക്ക് ചെയ്യുന്ന ആളിന് പിന്നീട് അഞ്ച് ദിവസം വരെ മദ്യം ബുക്ക് ചെയ്യാനാകില്ല. പ്ലേ സ്റ്റോറില്‍ ലഭ്യമാകുന്ന ആപ്പാണ് തയ്യാറാക്കുന്നത്. നിലവില്‍ 29 സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ താല്‍പ്പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും ബെവ്‌കോ അറിയിച്ചു.