Sorry, you need to enable JavaScript to visit this website.

മുമ്പും നിങ്ങള്‍ അവരെ തെറി വിളിച്ചിട്ടുണ്ട്; ഗള്‍ഫുകാര്‍ക്ക് വേണ്ടി കെ.ഇ.എന്‍

കോഴിക്കോട്- പുതിയ കേരളമുണ്ടായത് നിരവധി സമരങ്ങളുടെയും ഗള്‍ഫ് പണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഒത്തുചേരലിലാണെന്നും പഴയ പ്രതിഭകളുടെ ഉണ്ണുനീലി സന്ദേശം മാത്രമല്ല പ്രവാസികളുടെ 'ദുബായ് കത്തുപാട്ടും' കൂടിയതാണ് നമ്മുടെ കേരളമെന്നും കെ.ഇ.എന്‍ കുഞ്ഞഹമ്മദ്.

ഗള്‍ഫ്കാരന്റെ പത്രാസ് പൊങ്ങച്ചം ഹുങ്ക് എന്നിങ്ങനെ മുന്‍പും പ്രവാസികള്‍ക്കെതിരെ അധ്വാനമഹത്വമറിയാത്ത ഫ്യൂഡല്‍ തറവാട്ടുകാര്‍, തെറികള്‍ പലതും ചൊരിഞ്ഞിട്ടുണ്ട്. മറുനാട്ടിലുമവര്‍ കണ്ണീര്‍ ഏറെ കുടിച്ചിട്ടുണ്ട്. ചോരയെത്രയോ ചൊരിഞ്ഞിട്ടുണ്ട്. എന്നിട്ടും അവര്‍ പതറിയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍? ഫേസ് ബുക്ക് പോസ്റ്റില്‍ കെ.ഇ.എന്‍ പ്രതികരിച്ചു.


ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

പുതിയ കേരളമുണ്ടായത് നിരവധി സമരങ്ങളുടെയും ഗള്‍ഫ് പണത്തിന്റെയും രാഷ്ട്രീയ പ്രബുദ്ധതയുടെയും ഒത്തുചേരലിലാണ്. പഴയ പ്രതിഭകളുടെ ഉണ്ണുനീലി സന്ദേശം മാത്രമല്ല പ്രവാസികളുടെ 'ദുബായ് കത്തുപാട്ടും' കൂടിയതാണ് നമ്മുടെ കേരളം. തേങ്ങാച്ചോറും മാങ്ങാപൂളും ഇഡ്ഡലിയും ഖുബ്ബൂസും കുഴിമന്തിയും അങ്ങുന്നും ഇജ്ജും നാമജപവും മുദ്രാവാക്യവും ചുരുട്ടിയ മുഷ്ടിയും ചവിട്ടു നാടകവും. എല്ലാമാണ് നമ്മുടെ മലയാളം. തമ്പുരാന്‍ വിളിക്കും, തമ്പുരാന്‍ കളിക്കും മുന്‍പില്‍, തല കുനിക്കുകയില്ല ഒരുനാളും പൊരുതുന്ന കേരളം.

പരശുരാമന്‍ മഴുവെറിഞ്ഞിട്ടല്ല, പേരറിയുന്നവരും പേരറിയാത്തവരുമായ പതിനായിര കണക്കിന് പ്രവാസികള്‍ എറിഞ്ഞുടച്ച സ്വന്തം ജീവിതത്തില്‍ നിന്നാണ് ആധുനിക കേരളമുണ്ടായത്. കടല്‍കടന്നുപോയ മലയാളം പലതും കണ്ടും കെട്ടും സഹിച്ചും കൊടുത്തും സ്വപ്നം കണ്ടും തിരിച്ചുവന്നപ്പോഴാണ് നമ്മുടെയെല്ലാവരുടേതുമായ കേരളത്തില്‍ പുതിയ കെട്ടിടങ്ങളും വാഹനങ്ങളും വീടുകളും വിദ്യാലയങ്ങളും സ്‌നേഹവുമുണ്ടായത്. ആഢ്യത്വത്തിന്റെ ആ പഴയ കിരീടവും കസവുമല്ല, പ്രവാസികള്‍ കേറ്റികുത്തിയ കള്ളിമുണ്ടില്‍ നിന്നും അറബി ഖുബ്ബൂസില്‍ നിന്നുമാണ്,അനേകരുടെ ചുണ്ടില്‍ അത്തര്‍ ചിരി നിറഞ്ഞത്. 'പ്രവാസം' മലയാളിക്കു പ്രധാനമായും ഗള്‍ഫ് പ്രവാസമാണ്. അതില്‍ അഭിമാനിക്കാനല്ലാതെ, ലജ്ജിക്കാനായൊന്നുമില്ല.

ഗള്‍ഫ്കാരന്റെ പത്രാസ് പൊങ്ങച്ചം ഹുങ്ക് എന്നിങ്ങനെ മുന്‍പും പ്രവാസികള്‍ക്കെതിരെ അധ്വാനമഹത്വമറിയാത്ത ഫ്യൂഡല്‍ തറവാട്ടുകാര്‍, തെറികള്‍ പലതും ചൊരിഞ്ഞിട്ടുണ്ട്. മറുനാട്ടിലുമവര്‍ കണ്ണീര്‍ ഏറെ കുടിച്ചിട്ടുണ്ട്. ചോരയെത്രയോ ചൊരിഞ്ഞിട്ടുണ്ട്. എന്നിട്ടും അവര്‍ പതറിയിട്ടില്ല. എന്നിട്ടല്ലേ ഇപ്പോള്‍?

മഹാമാരികള്‍ വരും പോകും; എന്നാല്‍ മനുഷ്യത്വം വരാനല്ലാതെ പോകാന്‍ പാടില്ല. മഹത്തായ ആ മനുഷ്യത്വം കൂടി കടലെടുത്തു പോയാല്‍ .ഇല്ല, അത് സംഭവിക്കുകയില്ല. സംഭവിക്കാന്‍ സമ്മതിക്കുകയില്ല.

 

Latest News