Sorry, you need to enable JavaScript to visit this website.

യുവാവിനെ കടിച്ചു കൊന്ന കടുവയെ പിടിക്കാൻ സർവസന്നാഹങ്ങളുമായി വനംവകുപ്പ് സംഘം 

കടുവയെ പിടിക്കാനായി സർവസജ്ജമായി നിൽക്കുന്ന സേനാംഗങ്ങളും, തയാറാക്കി നിർത്തിയിരിക്കുന്ന കുങ്കിയാനയും.
  • കുങ്കിയാന എത്തി, എലിഫന്റ് സ്‌ക്വാഡ്, റാപ്പിഡ് റെസ്‌പോൺസ് ടീം റെഡി

പത്തനംതിട്ട- കോന്നിയിൽ യുവാവിനെ കടിച്ചു കൊന്ന കടുവയെ പിടിക്കാൻ സർവസന്നാഹങ്ങളുമായി വനംവകുപ്പ് സംഘം എത്തി. വയനാട്ടിൽനിന്ന് കുങ്കിയാനയെ എത്തിച്ചു. എലിഫന്റ് സ്‌ക്വാഡ്, റാപ്പിഡ് റെസ്‌പോൺസ് ടീം എന്നിവരും എത്തി.
മേഖലയിൽ ഡ്രോൺ നിരീക്ഷണം ശക്തമാക്കി. അവസാന ശ്രമമെന്ന നിലയിൽ വെടി വെക്കുന്നതിനായി തോക്കുകളും ഇവിടെ എത്തിച്ചിട്ടുണ്ട്.
കോന്നി തണ്ണിത്തോട് മേടപ്പാറയിൽ യുവാവിനെ കൊന്ന കടുവയെ പിടികൂടുന്നതിന്റെ ഭാഗമായാണ് വനംവകുപ്പ് കുങ്കിയാനയെ എത്തിച്ചത്. വയനാട് നിന്നും എത്തിയ പ്രത്യേക പരിശീലനം ലഭിച്ച കുഞ്ചു എന്ന കുങ്കിയാനക്കൊപ്പം പാപ്പാൻമരായ എൻ.മുരുകൻ, എസ്.മുരുകൻ എന്നിവരുമുണ്ട്. വയനാട് നിന്നുമുള്ള എലിഫന്റ് സ്‌ക്വാഡ്, റാപ്പിഡ് റെസ്‌പോൺസ് ടീം, ബയോളജിസ്റ്റ് എന്നിവരടങ്ങുന്ന പതിമൂന്നംഗ സംഘമാണ് സ്ഥലത്ത് എത്തിയിട്ടുള്ളത്. വനംവകുപ്പ് വെറ്ററിനറി ഡോക്ടർ അരുൺ സക്കറിയ, അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസർമാരായ കിഷോർ, ശ്യാം എന്നിവരും സ്ഥലത്തെത്തി.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷം വയനാട് നിന്നും യാത്ര തിരിച്ച കുങ്കിയാന പുലർച്ചെയോടെയാണ് മേടപ്പാറയിൽ എത്തിയത്. ഇതിനോടൊപ്പം തന്നെ കടുവയെ കുടുക്കാൻ വയനാട് നിന്ന് രണ്ട് കൂടുകളും എത്തിച്ചിട്ടുണ്ട്. പുനലൂർ ഫോറസ്റ്റ് ഡിവിഷനിലെ പുന്നല ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും ആങ്ങമൂഴി ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നുമാണ് ആദ്യം രണ്ട് കൂടുകൾ എത്തിച്ചിരുന്നത്. നാല് കൂടുകളാണ് ഇപ്പോൾ സ്ഥാപിച്ചിരിക്കുന്നത്. മുമ്പ് പതിനഞ്ചോളം കടുവകളെ പിടികൂടിയ കൂടുമായാണ് വയനാട് സംഘം എത്തിയത്. രണ്ട് കിലോ ഭാരം കൂടിനുള്ളിൽ കയറുമ്പോൾ തന്നെ കൂട് അടയുന്ന രീതിയിലാണ് ഇത് ക്രമീകരിച്ചിരിക്കുന്നത്. മുൻപ് കടുവയെ കുടുക്കുന്നതിനായി ആടിനെ ആയിരുന്നു ഇരയായി കൂട്ടിൽ കെട്ടിയിരുന്നത്. എന്നാൽ ഇപ്പോൾ ആടിന് പകരം പോത്തിനെയാണ് ഇരയാക്കിയിരിക്കുന്നത്. രണ്ട് അറകളായി  നിർമിച്ചിരിക്കുന്ന കൂട്ടിൽ സുരക്ഷിതമായ ഒരറയിലാണ് ഇരയെ ജീവനോടെ കെട്ടിയിരിക്കുന്നത്. ഇരയെ ഉപയോഗിച്ച് കടുവയെ കൂട്ടിലേക്ക് ആകർഷിച്ച് കുടുക്കുവാനാണ് പദ്ധതി. ഇരുപത്തിനാല് ക്യാമറകൾ വിവധ സ്ഥലങ്ങളായി സ്ഥാപിച്ചിട്ടുണ്ട്. ഇതിനോടൊപ്പം തന്നെ ഡ്രോൺ നിരീക്ഷണവും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡ്രോൺ നിരീക്ഷണത്തിനിടയിൽ സംഭവം നടന്ന പ്രദേശത്ത് നിന്നും കടുവയുടെ ദൃശ്യം ലഭിച്ചിരുന്നു. മയക്കുവെടി വെക്കുന്നതിന് അടക്കം തോക്കുകളും ഇവിടെ എത്തിച്ചിട്ടുണ്ട്.

വിദഗ്ധ സംഘത്തിന്റെ നിരീക്ഷണത്തിൽ ഓരോ ദിവസം കഴിയുന്തോറും കടുവയെ കുടുക്കുന്നതിനുള്ള സാധ്യത എളുപ്പമാകും. കൂട്ടിൽ കുടുങ്ങിയില്ലെങ്കിൽ കടുവ ഉള്ള സ്ഥലം നിരീക്ഷണത്തിലൂടെ കണ്ടെത്തിയതിന് ശേഷം കുങ്കിയാനയെ ഉപയോഗിച്ച് ഇതിന് അടുത്ത് എത്തിയതിന് ശേഷം മറ്റ് നടപടികൾ സ്വീകരിക്കുമെന്നും ഫോറസ്റ്റ് വെറ്ററിനറി ഓഫീസർ അരുൺ സക്കറിയ പറഞ്ഞു.
മെയ് ഏഴിനായിരുന്നു തണ്ണിത്തോട് പ്ലാന്റേഷൻ കോർപറേഷൻ സി ഡിവിഷനിലെ പുള്ളിപ്പാറയിൽ റബർ സ്ലോട്ടർ കരാർ എടുത്ത് ടാപ്പിംഗ് നടത്തി വന്നിരുന്ന ഇടുക്കി അടിമാലി കഞ്ഞിക്കുഴി സ്വദേശി വടക്കേൽ വീട്ടിൽ ബിനീഷ് മാത്യുവിനെ കടുവ ആക്രമിച്ച് കൊന്നത്. പിന്നീട് തണ്ണിത്തോട് പോലീസ്, ജനമൈത്രി പോലീസ് ഓഫീസർ ബൈജു, തണ്ണിത്തോട് ഫോറസ്റ്റ് ഉദ്യോഗസ്ഥർ എന്നിവർ കടുവയെ നേരിട്ട് കാണുകയും ഇതേ ദിവസം തണ്ണിത്തോട് ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥന്റെ ബൈക്കിന്റെ സീറ്റ് കവർ കടിച്ച് കൊണ്ടുപോവുകയും ചെയ്തിരുന്നു. പിന്നീട് മേടപ്പാറ ഈട്ടിമൂട്ടിൽ ജീവൻരാജിന്റെ വീട്ടുമുറ്റത്തും കടുവ എത്തിയിരുന്നു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്ത് സ്ഥലത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

Latest News