Sorry, you need to enable JavaScript to visit this website.

നാദിര്‍ഷായെ ചോദ്യം ചെയ്യാനായില്ല

കൊച്ചി- നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ആലുവ പോലീസ് ക്ലബ്ബിലേക്കു വിളിച്ചുവരുത്തിയ സംവിധായകന്‍ നാദിര്‍ഷായെ പോലീസിന് ചോദ്യം ചെയ്യാനായില്ല. നാദിര്‍ഷായുടെ ആരോഗ്യനില തൃപ്തികരമല്ലാത്തതിനാല്‍ ചോദ്യം ചെയ്യുന്നത് ഒഴിവാക്കുകയായിരുന്നു. ഡോക്ടര്‍മാരെത്തി നാദിര്‍ഷായെ പരിശോധിച്ചു.  ആരോഗ്യനില മെച്ചപ്പെടുമ്പോള്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.

രാവിലെ ചോദ്യം ചെയ്യലിനു മുന്‍പുതന്നെ നാദിര്‍ഷായുടെ രക്തസമ്മര്‍ദ്ദവും പ്രമേഹവും കൂടിയ അളവിലായിരുന്നു. തുടര്‍ന്നു വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം ചോദ്യംചെയ്യല്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് ആലുവ റൂറല്‍ എസ്പി എ.വി.ജോര്‍ജ് പറഞ്ഞു. ഇക്കാര്യം കോടതിയെ അറിയിക്കുമെന്നും എസ്.പി മാധ്യമങ്ങളോടു വിശദീകരിച്ചു. കഴിഞ്ഞയാഴ്ച ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നാദിര്‍ഷാ ഞായറാഴ്ചയാണു ഡിസ്ചാര്‍ജ് ആയത്.

നടിയെ ആക്രമിക്കാന്‍ ദിലീപിനുവേണ്ടി ക്വട്ടേഷന്‍ തുക കൈമാറിയതു നാദിര്‍ഷായാണെന്നു കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ എന്ന പള്‍സര്‍ സുനി മൊഴി നല്‍കിയിരുന്നു. ഇതോടെയാണു നാദിര്‍ഷായെ ചോദ്യം ചെയ്യാന്‍ പോലീസ് വിളിപ്പിച്ചത്. തുടര്‍ന്നു മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച നാദിര്‍ഷായോടു ചോദ്യം ചയ്യലിനു ഹാജരാകാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാഹചര്യമില്ലെന്ന് അന്വേഷണസംഘവും കോടതിയെ അറിയിച്ചിരുന്നു.

Latest News