അബഹ- കോവിഡ് ലോക്ഡൗൺ ആരംഭിച്ച ശേഷം അബഹയിൽനിന്നു ആദ്യ മൃതദേഹം നാട്ടിലേക്ക് അയച്ചു. കഴിഞ്ഞ മാർച്ച് 19നു മരിച്ച പന്തളം സ്വദേശി ഷാജി ഡേവിഡി(50)ന്റെ മൃതദേഹമാണ് പ്രത്യേക അനുമതിയോടെ റോഡുമാർഗ്ഗം അബഹയിൽ നിന്നും റിയാദിലേക്ക് അയച്ചത്. അവിടെനിന്ന് എമിറേറ്റ്‌സിന്റെ കാർഗോ വിമാനത്തിൽ ദുബായ് വഴി തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് കൊണ്ടുപോകും.
മൂന്നുമാസം മുമ്പാണ് വിസിറ്റിംഗ് വിസയിൽ ഷാജി അസീർ ആരോഗ്യവകുപ്പിൽ നഴ്‌സായി ജോലി ചെയ്യുന്ന ഭാര്യയുടെ അടുത്തുവന്നത്. താമസസ്ഥലത്തുവച്ചു സ്‌ട്രോക്ക് വന്നതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. കോവിഡ് കർഫ്യൂ മൂലം വിമാന സർവ്വീസുകൾ പൂർണ്ണമായും നിലച്ചതിനാൽ ബന്ധുക്കൾക്ക് കൂടെ യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യമുണ്ടായതിനെ തുടർന്നാണ് കാർഗോ വിമാനത്തിൽ മൃതശരീരം നാട്ടിലെത്തിക്കാൻ തിരുമാനിച്ചത്.
ജിദ്ദ കോൺസുലേറ്റിൽ നിന്നുള്ള അനുമതിപത്രം കിട്ടിയെങ്കിലും കോവിഡ് ടെസ്റ്റ് നടത്തിയതിന്റെ റിപ്പോർട്ട് സമർപ്പിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. തുടർന്ന് കോവിഡ് ടെസ്റ്റ് നടത്തിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും അസീർ ഗവർണറേറ്റിനു സമർപ്പിച്ചപ്പോഴാണ് അബഹയിൽ നിന്നും 1000 കിലോമീറ്റർ അകലെയുള്ള റിയാദ് അന്തർദേശീയ വിമാനത്താവളത്തിലേക്ക് റോഡുമാർഗം മൃതശരീരം കൊണ്ടുപോകുന്നതിനുള്ള അനുമതിപത്രം ആവശ്യപ്പെട്ടത്. തുടർന്ന് സൗദി ആഭ്യന്തര വകുപ്പിന്റെ ജനറൽ സെക്യൂരിറ്റി വിഭാഗത്തിന്റെ വെബ്‌സൈറ്റിലൂടെ റിയാദിൽ നിന്നും സ്വകാര്യ ആംബുലൻസ് വന്ന് അബഹയിൽനിന്നും തിരികെ റിയാദിലേക്ക് പോകുന്നതിനുള്ള പ്രത്യേക അനുമതി നേടുകയായിരുന്നു. ഒഐസിസി സൗദി സതേൺ റീജിയണൽ കമ്മിറ്റി പ്രസിഡണ്ടും, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ജീവകാരുണ്യ വിഭാഗം കമ്മിറ്റി അംഗവും കൂടിയായ അഷ്‌റഫ് കുറ്റിച്ചലിന്റെ നേതൃത്വത്തിൽ നിരന്തരമായുള്ള ഇടപെടലുകളിലൂടെയാണ് യാത്രാ അനുമതിയും മറ്റ് നടപടികളും പൂർത്തിയായത്.
സഹായത്തിനു ഷാജിയുടെ സഹോദരങ്ങളും ഉണ്ടായിരുന്നു. കോവിഡ് വിലക്കുകളെ അതിജീവിച്ചു ഈ പ്രദേശത്ത് നിന്നും ഇന്ത്യയിലേക്ക് പ്രത്യേകിച്ചും കേരളത്തിലേക്ക് അയക്കുന്ന ആദ്യ മൃതശരീരമാണ് ഷാജിയുടേതെന്ന് അഷ്‌റഫ് കുറ്റിച്ചൽ പറഞ്ഞു.
കേന്ദ്രസർക്കാർ ഷെഡ്യൂൾ ചെയ്ത വിമാന സർവ്വീസുകളിൽ ഷാജിയുടെ മൃതദേഹവും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും, ആറ്റിങ്ങൽ എം.പി അടൂർ പ്രകാശും റിയാദിലെ ഇന്ത്യൻ അംബാസഡർക്ക് കത്തുകൾ അയച്ചിരുന്നു.
എന്നാൽ സർക്കാർ അയക്കുന്ന വിമാനങ്ങളിൽ മൃതദേഹം കൊണ്ടുപോകാൻ സർക്കാർ ഇനിയും അനുമതി നൽകിയിട്ടില്ലെന്ന മറുപടിയാണ് ലഭിച്ചത്.