കൊച്ചി- വാളയാര്‍ അതിര്‍ത്തിയില്‍ കുടുങ്ങിയവർക്ക് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനു ഹൈക്കോടതിയുടെ നിർദേശം. സംസ്ഥാനത്തേക്ക് പ്രവേശിക്കാന്‍ പാസില്ലാത്തവരെ അതിര്‍ത്തിയില്‍ തടയുന്ന സാഹചര്യത്തിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍. അതേസമയം പാസില്ലാതെയുള്ള പ്രവേശനം ഒരു കീഴ്വഴക്കമാക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു. ഇപ്പോള്‍ കുടുങ്ങിക്കിടക്കുന്നവരെ ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ചുവേണം കടത്തിവിടാന്‍. പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല. അതിർത്തിയിൽ എത്തുന്നവർക്ക് അടിസ്ഥാന സൗകര്യമൊരുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
കേരളത്തിലേക്ക് മടങ്ങാൻ റജിസ്ട്രേഷൻ നിർബന്ധമാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ ബോധിപ്പിച്ചു. ഇതുവരെ 1.04 ലക്ഷം പേർ പാസിന് അപേക്ഷ നൽകി. 53,000 പേർക്ക് പാസ് നൽകി. ഓരോ ദിവസവും നൽകുന്ന പാസുകളുടെ എണ്ണം നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും അടിയന്തര ആവശ്യങ്ങൾക്കും സ്ഥിരം യാത്രക്കാർക്കും സ്പോട്ട് റജിസ്ട്രേഷന്‍ സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാസില്ലാത്തവരെ കടത്തിവിട്ടാൽ സംസ്ഥാനത്തെ മുൻകരുതൽ സംവിധാനങ്ങൾ തകരുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു.