കൊച്ചി-കോവിഡ്-19 രോഗത്തിന്റെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങളിൽ കുടുങ്ങികിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായി മാലിയിൽ നിന്നുള്ള ഇന്ത്യക്കാരെയും വഹിച്ചുള്ള കപ്പൽ കൊച്ചിയിൽ എത്തി. .698 യാത്രക്കാരുമായി മാലിയിൽ നിന്നും വെള്ളിയാഴ്ച രാത്രി പുറപ്പെട്ട നാവിക സേനയുടെ ഐഎൻഎസ് ജലാശ്വയാണ് കൊച്ചി തുറമുഖത്ത് എത്തിയത്. 698 പേരിൽ 595 പേർ പുരുഷന്മാരും 103 സ്ത്രീകളും ആണ്. ഇവരെക്കൂടാതെ 10 വയസിൽ താഴെയുള്ള 14 കുട്ടികളും 19 ഗർഭിണികളുമുണ്ട്. ഇതിൽ 440 പേർ മലയാളികളാണ്. 187 പേർ തമിഴ്‌നാട്ടിൽനിന്നുള്ളവരാണ്.
കോവിഡ് ലക്ഷണങ്ങൾ ഉള്ളവർക്കും കോവിഡ് ഇതര രോഗങ്ങൾ ഉള്ളവർക്കും പ്രത്യേക സംവിധാനങ്ങൾ തുറമുഖത്ത് ക്രമീകരിച്ചിട്ടുണ്ട്.മൂന്നു ക്ലസ്റ്ററുകളായാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. കൊവിഡ് ബാധിതരല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് യാത്ര ആരംഭിക്കുന്നതെങ്കിലും യാത്രക്കിടയിൽ കൊവിഡ് ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്ന ആളുകളെ കപ്പൽ തുറമുഖത്തെത്തുമ്പോൾ തന്നെ ഐസോലേഷൻ ഏരിയയിലേക്ക് മാറ്റും. സുരക്ഷ വസ്ത്രങ്ങൾ ധരിച്ച പോലിസുകാരുടെ സഹായത്തോടു കൂടി ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലേക്കും കളമശ്ശേരി മെഡിക്കൽ കോളജിലേക്കുമായിരിക്കും ഇവരെ പരിശോധനക്കും തുടർന്നുള്ള നിരീക്ഷണത്തിനുമായി എത്തിക്കുന്നത്. കോവിഡ് ഇതര രോഗങ്ങൾ ഉള്ള യാത്രക്കാരുടെ ആരോഗ്യ കാര്യങ്ങൾ പരിശോധിക്കാനുള്ള ചുമതല പോർട്ട് ട്രസ്റ്റ്ആശുപത്രിക്കാണ്. ഇവരെ നിരീക്ഷിക്കാനും വിദഗ്ധ ചികിൽസ ആവശ്യമുണ്ടെങ്കിൽ അതുറപ്പാക്കാനും ഒരു ഡോക്ടറുടെയും നഴ്സിന്റെയും സേവനം ഉറപ്പാക്കും. പ്രാഥമിക ചികിൽസക്ക് ശേഷം ആരോഗ്യം മെച്ചപ്പെടുകയാണെങ്കിൽ ഇമിഗ്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദഗ്ദ ചികിത്സ ആവശ്യമുള്ളവർക്ക് അതിനായി മറ്റ് ആശുപത്രികളിലേക്ക് മാറ്റും.യാതൊരു തരത്തിലുമുള്ള രോഗലക്ഷണമില്ലാത്തവർക്ക് സാധാരണ തരത്തിലുള്ള പരിശോധന പൂർത്തിയാക്കി അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. വിദേശത്തു നിന്നെത്തുന്ന ആളുകളുമായി ഇടപഴകുന്ന ഉദ്യോഗസ്ഥരുടെയും ആരോഗ്യ പ്രവർത്തകരുടെയും സുരക്ഷ കൂടി ഉറപ്പിച്ചാണ് പ്രവർത്തനങ്ങൾ. യാത്രക്കാരുമായി ഇടപഴകുന്ന എല്ലാവർക്കും പിപിഇ കിറ്റുകൾ ഉൾപ്പടെ ഉറപ്പാക്കിയിട്ടുണ്ട്. യാത്രക്കാരുടെ ഇമിഗ്രേഷൻ നടപടികൾ കഴിവതും വേഗത്തിൽ പൂർത്തിയാക്കി നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് ഉദ്യോഗസ്ഥരുടെ ശ്രമം.