റിയാദ് - റീ-എൻട്രി വിസയിൽ ഭേദഗതികൾ സാധ്യമല്ലെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഭേദഗതികൾ വരുത്തുന്നതിന് ആഗ്രഹിക്കുന്നവർ ആദ്യം നേടിയ റീ-എൻട്രി വിസ റദ്ദാക്കി പുതിയ റീ-എൻട്രി ഇഷ്യു ചെയ്യുകയാണ് വേണ്ടത്. ഇങ്ങനെ ആദ്യത്തെ റീ-എൻട്രി റദ്ദാക്കുന്നവർക്ക് നേരത്തെ അടച്ച ഫീസ് തിരികെ ലഭിക്കില്ല.
ഗതാഗത നിയമ ലംഘനങ്ങൾക്കുള്ള പിഴകൾ അടക്കാനുള്ളവർക്ക് റീ-എൻട്രി ലഭിക്കില്ല. റീ-എൻട്രിക്ക് സമീപിക്കുന്നതിനു മുമ്പായി ഉപയോക്താക്കൾ പിഴകൾ അടച്ചിരിക്കണം. റീ-എൻട്രി ലഭിക്കുന്നതിന് റെന്റ് എ കാർ സ്ഥാപനങ്ങളിൽ നിന്ന് വാടകക്കെടുത്ത കാറുകൾ തിരികെ നൽകുകയും വേണം.
ഇഖാമ പുതുക്കുന്നതിന് വൈകുന്നവർക്ക് ആദ്യ തവണ 500 റിയാലും രണ്ടാം തവണ ആയിരം റിയാലും പിഴ ചുമത്തും.
സൗദി പൗരന്മാരുടെ വിദേശികളായ ഭാര്യമാർക്കും സൗദി വനിതകളുടെ വിദേശികളായ ഭർത്താക്കന്മാർക്കും ആശ്രിത ലെവി അടക്കേണ്ടതില്ല. എന്നാൽ ഇതിന് ഇവരുടെ സ്‌പോൺസർഷിപ്പിൽ ആശ്രിതരുണ്ടാകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്.
നിയമം ലംഘിച്ചതിന് വിരലടയാളം രജിസ്റ്റർ ചെയ്ത് സൗദിയിൽനിന്ന് നാടുകടത്തുന്നവർക്ക് മൂന്നു വർഷത്തെ പ്രവേശന വിലക്കാണ് ലഭിക്കുക. മൂന്നു വർഷം പിന്നിടാതെ പുതിയ വിസയിൽ വീണ്ടും രാജ്യത്ത് പ്രവേശിക്കുന്നതിന് ഇവർക്ക് സാധിക്കില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു.