നിലമ്പൂർ- കേരളവർമ പഴശ്ശിരാജ ഒളിവിൽ കഴിഞ്ഞിരുന്ന കക്കാടംപൊയിലിലെ പഴശ്ശി ഗുഹ കാടുമൂടി നശിക്കുന്നു. വനം വകുപ്പിന്റെ അധീനതയിലുള്ള ചരിത്രമുറങ്ങുന്ന ഈ ഗുഹ കാണാൻ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധി പേരാണ് എത്തുന്നത്. ഏതാനും മാസം മുമ്പ് ഈ മേഖലയിൽ മാവോയിസ്റ്റ് സാന്നിധ്യം ഉണ്ടായതിനെ തുടർന്ന് നിലവിൽ വിനോദ സഞ്ചാരികൾക്കു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.
പഴശ്ശി ഗുഹയിലേക്ക് വിനോദ സഞ്ചാരികൾക്ക് ട്രക്കിംഗ് സൗകര്യം ഏർപ്പെടുത്തുവാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണ് വനം വകുപ്പ്. 1800-1805 കാലയളവിനുള്ളിലാണ് തുരങ്ക മാർഗം വയനാട്ടിൽനിന്നു ഏറെ സുരക്ഷിതമായ നായാടംപൊയിലിലെ വലിയ പാറക്കെട്ടിനുള്ളിലെ വിശാലമായ ഗുഹയിലേക്കു എത്തിയത്.
നിരവധി പേർക്ക് ഇരിക്കാനും കിടക്കാനും കഴിയുന്ന നിരന്ന പാറ ഗുഹക്ക് മുന്നിലുണ്ട്. 50 പേരിൽ കുറയാതെ ഏതു മഴയത്തും സുരക്ഷിതമായി ഗുഹയിൽ ഇരിക്കാനും കഴിയും. 1990 വരെ സമീപത്തെ മുതുവാൻ കോളനി നിവാസികൾ എന്നും ഗുഹയും പരിസരവും വൃത്തിയാക്കി ഇട്ടിരുന്നു.
അന്ന് പഴശ്ശിരാജയും സംഘവും ഉപയോഗിച്ചിരുന്നതെന്നു കരുതുന്ന രണ്ട് തോക്കുകളും നാലു കസേരകളും മറ്റും ഇവർ സൂക്ഷിച്ചിരുന്നു. നിലവിൽ ഇവയൊന്നും അവശേഷിക്കുന്നില്ല. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ജന വിരുദ്ധ ഭരണ പരിഷ്‌കാരങ്ങൾക്കെതിരെയാണ് പഴശ്ശിരാജ ഒളിപ്പോര് തുടങ്ങിയത്. സസ്യ സങ്കേതങ്ങളിൽ വയനാടൻ ജനത ആയുധപരിശീലനം നേടി. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെയുള്ള പോരാട്ടത്തിനിടയിലാണ് നായാടംപൊയിലിലെ പാറമടയും ഒളിസങ്കേതമാക്കിയത്. മാസങ്ങളോളം പഴശ്ശി ഇവിടെ തമ്പടിച്ചിരുന്നതായും വിശ്വസിക്കപ്പെടുന്നു. പഴശ്ശിരാജ ഒളിവിൽ കഴിഞ്ഞ ഗുഹ എന്ന നിലയിൽ വേണ്ടത്ര പരിഗണന ഇനിയും ഇവിടേക്ക് എത്തിയിട്ടില്ല. വനം വകുപ്പ് മനസ് വെച്ചാൽ കനോലി പ്ലോട്ടും നിലമ്പൂർ തേക്ക് മ്യൂസിയവും പോലെ തന്നെ വലിയ ടൂറിസ്റ്റ് കേന്ദ്രമായി നായാടംപൊയിൽ പഴശ്ശിഗുഹയും മാറും. സമുദ്രനിരപ്പിൽ നിന്ന് 2200 ഓളം അടി ഉയരത്തിൽ വനത്തിനുള്ളിലാണ് പഴശ്ശി ഗുഹയുള്ളത്.