കൊച്ചി- ഇന്നലെ എറണാകുളത്ത് കോവിഡ് സ്ഥിരീകരിച്ചത് മെയ് 7 ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അബുദാബി-കൊച്ചി വിമാനത്തിലുണ്ടായിരുന്ന 23 വയസ്സുള്ള യുവാവിന്. മലപ്പുറം സ്വദേശിയായ ഈ യുവാവിന് നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോൾ തന്നെ രോഗലക്ഷണം കണ്ടെത്തിയിരുന്നു. തുടർന്ന് ഇദ്ദേഹത്തെ അന്ന് തന്നെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇന്നലെ 556 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 92 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു.
ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 1284 ആയി. ഇതിൽ 47 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും, 1237 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ 3 പേരെ പുതുതായി ആശുപത്രിയിൽ നിരീക്ഷണത്തിനായി പ്രവേശിപ്പിച്ചു. ജില്ലയിൽ വിവിധ ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 20 ആണ്. ഇന്നലെ ജില്ലയിൽ നിന്നും 46 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നലെ 53 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇതിൽ ഒരെണ്ണം പോസിറ്റീവും ബാക്കിയെല്ലാം നെഗറ്റീവും ആണ്. ഇനി 47 ഫലങ്ങൾ കൂടി ലഭിക്കുവാനുണ്ട്. ലോക് ഡൗണിൽ ഇളവുകൾ പ്രഖാപിച്ച സാഹചര്യത്തിൽ തുറന്ന് പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ പ്രതിരോധ പ്രവർത്തനങ്ങളുടെ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്നറിയാനായി രൂപീകരിച്ച എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് കൊച്ചി നഗരസഭ പ്രദേശത്ത് ഇന്നലെ 49 സ്ഥാപനങ്ങൾ പരിശോധിച്ചു.
മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിച്ച 3 സ്ഥാപനങ്ങൾക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തു. ജില്ലയിലെ കോവിഡ് കെയർ സെന്ററുകളായ ഗവൺമെന്റ് ആയുർവേദ കോേളജ്, തൃപ്പൂണിത്തുറ, കളമശ്ശേരി രാജഗിരി കോളേജ് ഹോസ്റ്റൽ, കാക്കനാട് രാജഗിരി കോേളജ് ഹോസ്റ്റൽ ,പാലിശ്ശേരി സിഎംഎസ് ഹോസ്റ്റൽ ,മുട്ടം സിഎംഎസ് ഹോസ്റ്റൽ, കളമശ്ശേരി ജ്യോതി ഭവൻ, മൂവാറ്റുപുഴ നെസ്റ്റ് എന്നിവിടങ്ങളിലായി 389 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. കൂടാതെ എറണാകുളത്തെ സ്വകാര്യ ഹോട്ടലിൽ 20 പേരും നിരീക്ഷണത്തിലുണ്ട്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ജില്ലയിലേക്ക് എത്തിയവർ തൊട്ടടുത്ത സർക്കാർ ആശുപത്രി / ആരോഗ്യ കേന്ദ്രത്തിലോ, ജില്ലാ കൺട്രോൾ റൂമിലേക്കോ ഉടൻതന്നെ ഫോൺ വഴി അക്കാര്യം റിപ്പോർട്ട് ചെയ്യേണ്ടതാണ്. കോവിഡ് കെയർ സെന്ററുകളിലും വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യ പ്രവർത്തകർ നൽകുന്ന നിർദേശങ്ങൾ കർശനമായും പാലിക്കേണ്ടതാണെന്നും അധികൃതർ അറിയിച്ചു.