കോഴിക്കോട് - ഇതര സംസ്ഥാനങ്ങളില്‍ അകപ്പെട്ട മലയാളികളെ ഒറ്റപ്പെടുത്തി അവഗണിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ ക്രൂരത അവസാനിപ്പിക്കണമെന്ന് മുസ്്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കഷ്ടപ്പെട്ട് തിരിച്ചെത്തിയവരെ കേരള അതിര്‍ത്തികളില്‍ തടയുകയാണ്. വാക്കില്‍ കരുതലും പ്രവൃത്തിയില്‍ കുടിലതയുമാണ് സംസ്ഥാന സര്‍ക്കാര്‍ സമീപനം. കുടിയേറ്റ മലയാളികളെ അനാഥരെപോലെ വെയിലത്ത് നിര്‍ത്താതെ സാങ്കേതിക പ്രശ്നങ്ങള്‍ സര്‍ക്കാര്‍ തന്നെ പരിഹരിക്കണം.
വിവിധ സംസ്ഥാനങ്ങളില്‍ ഗര്‍ഭിണികളും കുട്ടികളും രോഗികളുമായ ആയിരങ്ങളാണ് മാസങ്ങളായി കുടുങ്ങിക്കിടക്കുന്നത്. ജോലിയും പഠനവും ചികിത്സയുമായി ബന്ധപ്പെട്ട് പുറം നാടുകളില്‍ പോയവരില്‍ ഭൂരിപക്ഷവും ഭക്ഷണത്തിനു പോലും ഗതിയില്ലാതെയാണ് അവിടങ്ങളില്‍ രണ്ടു മാസത്തോളമായി കഴിയുന്നത്. കേരളത്തില്‍ ജോലിക്ക് എത്തിയ ആയിരക്കണക്കിന് ഇത സംസ്ഥാന തൊഴിലാളികളാണ് ആഴ്ചകള്‍ക്ക് മുമ്പ് ഇവിടെനിന്നു പ്രത്യേക ട്രെയിനുകളില്‍ മടങ്ങിയത്. എന്നാല്‍, വടക്കുനിന്നു ഒരു ട്രെയിന്‍പോലും മലയാളികളെയുമായി ഇവിടെയെത്തിയില്ല. പ്രശ്നത്തിനു പരിഹാരം ഉണ്ടാക്കുന്നതിനു പകരം കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ മൂപ്പിളമ തര്‍ക്കത്തിലാണ്.
മലയാളികളുടെ സുരക്ഷിതത്വവും നാടണഞ്ഞ് ഉറ്റവരുടെ അടുത്തേക്ക് എത്താനുള്ള അവരുടെ ആഗ്രവും സര്‍ക്കാറിന്റെ പരിമിതിക്ക് അപ്പുറമാണെങ്കില്‍ അത് തുറന്നുപറയണം. ഇക്കാര്യത്തില്‍ പ്രതിപക്ഷ സംഘടനകള്‍ക്കും മുസ്്ലിംലീഗിനും പോഷക ഘടകമായ കെ.എം.സി.സികള്‍ക്കും രക്ഷാദൗത്യം പൂര്‍ണമായി കൈമാറാവുന്നതാണ്. കേരളീയരെ ദുരിതക്കയത്തില്‍ തള്ളിയിട്ട് എല്ലാം ചെയ്തെന്ന് മേനി നടിക്കുന്ന സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിലെ ജനദ്രോഹ നയത്തിന്റെ ഫോട്ടോസ്റ്റാറ്റായി അധപതിച്ചതായും കെ.പി.എ മജീദ് കുറ്റപ്പെടുത്തി.