കൽപറ്റ- കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹാൻഡ്‌സ്ഫ്രീ സാനിറ്റൈസർ യന്ത്രം നിർമിച്ചുനൽകി അധ്യാപകൻ ശ്രദ്ധേയനാകുന്നു. പടിഞ്ഞാറെത്തറ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപകനും വെണ്ണിയോട് സ്വദേശിയുമായ എം.ജി. ഉണ്ണിയാണ് യന്ത്രം നിർമിച്ചു സൗജന്യമായി നൽകുന്നത്. ഇദ്ദേഹം നിർമിച്ച യന്ത്രം ജില്ലാ കലക്ടറേറ്റ്, കോട്ടത്തറ പ്രാഥമികാരോഗ്യകേന്ദ്രം, മുത്തങ്ങ മിനി ആരോഗ്യകേന്ദ്രം, കമ്പളക്കാട് പോലീസ് സ്‌റ്റേഷൻ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്നുണ്ട്. കാൽകൊണ്ടു പ്രവർത്തിപ്പിച്ച് കൈകൾ അണുവിമുക്തമാക്കാവുന്ന വിധത്തിലാണ് യന്ത്രത്തിന്റെ രൂപകൽപന.