കൽപറ്റ- കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി വയനാട്ടിൽ 515 പേരേക്കൂടി നിരീക്ഷണത്തിലാക്കി. 101 പേർ നിരീക്ഷണ കാലാവധി പൂർത്തിയാക്കി. നിലവിൽ 1,666 പേരാണ് നിരീക്ഷണത്തിൽ. ഇതിൽ നാലു രോഗികൾ അടക്കം എട്ടു പേർ ആശുപത്രിയിലാണ്.
ഇതര സംസ്ഥാനങ്ങളിൽനിന്നു ഇന്നലെ വൈകുന്നേരം നാലു വരെ മുത്തങ്ങ ചെക്‌പോസ്റ്റിൽ എത്തിയതിൽ 246 പേർ ജില്ലയിൽ പ്രവേശിച്ചു. 120 വാഹനങ്ങൾ കടത്തിവിട്ടു. രജിസ്‌ട്രേഷനും പാസും ഇല്ലാതെ എത്തുന്നവർക്കു പ്രവേശനം അനുവദിക്കുന്നില്ല. വെള്ളിയാഴ്ച 393 പുരുഷൻമാരും 156 സ്ത്രീകളും 43 കുട്ടികളുമാണ് മുത്തങ്ങയിലൂടെ ജില്ലയിൽ പ്രവേശിച്ചത്. ഇതിൽ 54 പേരെ ക്വാറന്റൈൻ ചെയ്തു.
ജില്ലയിൽനിന്നുള്ള നാല് പ്രവാസികൾകൂടി തിരിച്ചെത്തി. ഇതോടെ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം 23 ആയി. വ്യാഴാഴ്ച കരിപ്പൂരിൽ എത്തിയ പ്രവാസി സംഘത്തിലുണ്ടായിരുന്ന 19 വയനാട്ടുകാരിൽ ഒരാൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലാണ്. രണ്ടു പേരെ കൽപറ്റയിലെ ഇൻസ്റ്റിറ്റിയൂഷണൽ കോവിഡ് കെയർ സെന്ററിലാക്കി. മറ്റുള്ളവർ വീടുകളിൽ നിരീക്ഷണത്തിലാണ്. വെള്ളിയാഴ്ച രാത്രി കരിപ്പൂരിൽ എത്തിയതിൽ ഗർഭിണികളായ മൂന്നു പേർ ടാക്‌സിയിൽ വീടുകളിലെത്തി. ഒരാളെ മലപ്പുറത്തെ കോവിഡ് കെയർ സെന്ററിലേക്കു മാറ്റി.
ജില്ലയിൽനിന്നു സ്വന്തം നാടുകളിലേക്കു മടങ്ങുന്നതിനു 4,311 അതിഥി തൊഴിലാളികൾ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പനമരം-147, വെങ്ങപ്പള്ളി-42, വൈത്തിരി-80, കോട്ടത്തറ-50, പുൽപള്ളി-100, മുട്ടിൽ-58, മൂപ്പൈനാട്-40, തിരുനെല്ലി-62, വെള്ളമുണ്ട-109, മുള്ളൻകൊല്ലി-32, നൂൽപ്പുഴ-17, നെൻമേനി-214, അമ്പലവയൽ-79, എടവക-233, മേപ്പാടി-132, തരിയോട്-99, പടിഞ്ഞാറത്തറ-50, കണിയാമ്പറ്റ-517, തവിഞ്ഞാൽ-242, പൊഴുതന -67, പൂതാടി-73, മീനങ്ങാടി-244, തൊണ്ടർനാട്-68, കൽപറ്റ-722, ബത്തേരി-277, മാനന്തവാടി-557 എന്നിങ്ങനെയാണ് രജിസ്റ്റർ ചെയ്തവരുടെ എണ്ണം. ഇതിൽ 2422 പേർ പശ്ചിമ ബംഗാൾ സ്വദേശികളാണ്, കർണാടക-38, തമിഴ്നാട്-113, മഹാരാഷ്ട്ര-എട്ട്, മധ്യപ്രദേശ്-19, ഒഡീഷ-171, ജാർഖണ്ഡ്-319, അസം-176, രാജസ്ഥാൻ -145, അന്ധ്രപ്രദേശ്-15, ഉത്തർപ്രദേശ്-383, ഗുജറാത്ത്-രണ്ട്, ബീഹാർ-449, ഉത്തരാഖണ്ഡ്-ആറ്, നേപ്പാൾ-14, ഛത്തീസ്ഖണ്ഡ്-23, മണിപ്പൂർ-ആറ്, മേഘാലയ-ഒന്ന്, ഹരിയാന-ഒന്ന് എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ളവരുടെ കണക്ക്. ജില്ലയിൽ മുഴുവൻ അതിഥി തൊഴിലാളികൾക്കും സാമൂഹിക അടുക്കളകളിലൂടെ ഭക്ഷണവും തദ്ദേശസ്ഥാപനങ്ങൾ മുഖേന മറ്റു അവശ്യ സേവനങ്ങളും നൽകുന്നുണ്ട്.
സംസ്ഥാനത്തെ മറ്റു പ്രദേശങ്ങളിൽനിന്നു ജില്ലയിൽ എത്തുന്നതിൽ രോഗലക്ഷണം ഇല്ലാത്തവർക്കു ക്വാറന്റൈൻ ആവശ്യമില്ലെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിച്ചു.