Sorry, you need to enable JavaScript to visit this website.

മറുനാടൻ മലയാളികളുടെ കാര്യത്തിൽ  സർക്കാരിന് താൽപര്യമില്ല- കെ.സി ജോസഫ്

കോട്ടയം- അന്യസംസ്ഥാന തൊഴിലാൡകളെ നാട്ടിലേക്കു വിടാൻ കാട്ടുന്ന താൽപര്യം മറുനാട്ടിൽ കുടുങ്ങിയ മലയാളികളെ തിരിച്ചുകൊണ്ടുവരാൻ സംസ്ഥാന സർക്കാർ കാണിക്കുന്നില്ലെന്ന് മുൻമന്ത്രി കെ.സി ജോസഫ്. അന്യ സംസ്ഥാനങ്ങളിൽനിന്നു മലയാളികളെ തിരികെ കൊണ്ടുവരുന്നതിന് ട്രെയിൻ സർവീസ് ആരംഭിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് നിയമസഭ കക്ഷി ഉപനേതാവ് കെ.സി ജോസഫ് എം.എൽ.എ ആവശ്യപ്പെട്ടു. സംസ്ഥാന ഗവൺമെന്റ് ഈ കാര്യത്തിൽ കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും കെ.സി ജോസഫ് കുറ്റപ്പെടുത്തി.        


ആയിരക്കണക്കിന് വിദ്യാർഥികളാണ് അന്യസംസ്ഥാനങ്ങളിൽ പഠിക്കാൻ പോയിട്ടുള്ളത്. നാൽപത്തഞ്ച് ദിവസമായി വിദ്യാലയങ്ങൾ അടഞ്ഞുകിടക്കുകയാണ്. അന്യസംസ്ഥാന തൊഴിലാളികളെ മടക്കിക്കൊണ്ടുപോകാൻ മറ്റ് സംസ്ഥാനങ്ങൾ കാണിക്കുന്ന താത്പര്യം എന്തുകൊണ്ടാണ് കേരള സർക്കാർ മലയാളികളുടെ കാര്യത്തിൽ കാണിക്കാത്തതെന്ന് മനസ്സിലാകുന്നില്ല. മറുനാടൻ മലയാളികളെ മടക്കിക്കൊണ്ടുവരാൻ പിണറായി സർക്കാറിന് യാതൊരു താത്പര്യവും കാണിക്കുന്നില്ലെന്നും കെ.സി ജോസഫ് പറഞ്ഞു.
അതേസമയം ബഹ്റൈനിൽനിന്നു ഇന്നലെ രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വന്ന കോട്ടയം ജില്ലക്കാരിൽ ഒൻപതു പേരെ ക്വാറന്റൈൻ കേന്ദ്രമായ കോതനല്ലൂർ തൂവാനിസ റിട്രീറ്റ് സെന്ററിൽ എത്തിച്ചു. ഇതിൽ നാലു പുരുഷൻമാരും അഞ്ചു സ്ത്രീകളും ഉൾപ്പെടുന്നു. 


പേരൂർ സ്വദേശി(31), മണർകാട് സ്വദേശി(28), കറുകച്ചാൽ സ്വദേശി(24), ഏറ്റുമാനൂർ സ്വദേശി(55), നീലൂർ സ്വദേശിനി(48), കടനാട് സ്വദേശിനി(40), മറവന്തൂരുത്ത് സ്വദേശിനി (26), ചങ്ങനാശേരി സ്വദേശിനി(24), മീനടം സ്വദേശിനി(26) എന്നിവരാണ് എത്തിയത്. വൈക്കം ഡെപ്യൂട്ടി തഹസിൽദാർ പി.കെ. രമേശനും മാഞ്ഞൂർ വില്ലേജ് ഓഫീസർ എ.ഡി. ലിൻസും ചേർന്ന് പ്രവാസികളെ സ്വീകരിച്ചു.  ഇതോടെ കോട്ടയം ജില്ലയിൽ വിദേശത്തുനിന്നെത്തി സർക്കാർ സജ്ജമാക്കിയ നിരീക്ഷണ കേന്ദ്രത്തിൽ കഴിയുന്നവരുടെ എണ്ണം 17 ആയി.  ഗർഭിണികൾ ഉൾപ്പെടെ ഇളവുകൾ അനുവദിക്കപ്പെട്ട വിഭാഗങ്ങളിലുള്ളവർ പൊതുസമ്പർക്കം ഒഴിവാക്കി വീടുകളിലാണ് കഴിയുന്നത്.  

 

Latest News