Sorry, you need to enable JavaScript to visit this website.

സൗദിയിൽ വോയ്‌സ്, വീഡീയോ കോൾ ആപ്ലിക്കേഷനുകളുടെ വിലക്ക് നീക്കും

റിയാദ് - വോയ്‌സ്, വീഡിയോ കോൾ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത നടപടി എടുത്തുകളയുന്നതിന് കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ നിർദേശം നൽകി. വ്യവസ്ഥകൾ പൂർണമായ ആപ്ലിക്കേഷനുകൾ ബ്ലോക്ക് ചെയ്ത നടപടി അടുത്ത ബുധനാഴ്ച മുതൽ എടുത്തുകളയുന്നതിനാണ് മന്ത്രിയുടെ നിർദേശം. ഇന്റർനെറ്റ് വഴി വോയ്‌സ്, വീഡിയോ കോൾ സേവനം നൽകുന്ന ആപ്ലിക്കേഷനുകൾ പ്രയോജനപ്പെടുത്തുന്നതിന് ഉപയോക്താക്കളെ അനുവദിക്കുന്നതിന് ടെലികോം കമ്പനികളുമായും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി കമ്മീഷനുമായും (സി.ഐ.ടി.സി) ഏകോപനം നടത്തിവരികയാണെന്നും മന്ത്രി പറഞ്ഞു. 
വ്യവസ്ഥകൾ പൂർണമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് വോയ്‌സ്, വീഡിയോ കോളുകൾ നടത്തുന്നതിന് മുഴുവൻ ഉപയോക്താക്കളെയും അനുവദിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ടെലികോം കമ്പനികളും സി.ഐ.ടി.സിയും അറിയിച്ചിട്ടുണ്ട്. പുതിയ നിർദേശങ്ങൾക്ക് അനുസൃതമായി സാങ്കേതികവിദ്യകൾ സജ്ജീകരിച്ച ടെലികോം കമ്പനികൾക്കും സി.ഐ.ടി.സിക്കും വകുപ്പ് മന്ത്രി നന്ദി പറഞ്ഞു. ഫെയർ യൂസേജ് പോളിസി സുതാര്യത പാലിക്കുന്നതിന് ടെലികോം കമ്പനികളെ നിർബന്ധിക്കൽ, ഉപയോക്താക്കളിൽ നിന്നുള്ള പരാതികളുടെ അടിസ്ഥാനത്തിൽ ടെലികോം കമ്പനികളെ തരംതിരിക്കുന്ന സൂചിക ആരംഭിക്കൽ, ടെലികോം കമ്പനികൾ ഉപഭോക്തൃ സംരക്ഷണ ചാർട്ടർ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തൽ തുടങ്ങി ടെലികോം മേഖലയിൽ സുതാര്യതാ നിലവാരം ഉയർത്തുന്നതിന് ഏതാനും പദ്ധതികൾ അടുത്ത കാലത്ത് മന്ത്രാലയം പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ തുടർച്ചയാണ് പുതിയ പദ്ധതി. വിഷൻ 2030 പദ്ധതിക്ക് ലക്ഷ്യങ്ങൾക്ക് അനുസൃതമായി ടെലികോം മേഖലയുടെ വികസനത്തിനും സേവന നിലവാരം മെച്ചപ്പെടുത്തുന്നതിനും നിരവധി പദ്ധതികൾ വൈകാതെ നടപ്പാക്കുമെന്നും കമ്മ്യൂണിക്കേഷൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി മന്ത്രി എൻജിനീയർ അബ്ദുല്ല അൽസവാഹ പറഞ്ഞു.

Latest News