പയ്യന്നൂർ- വ്യാജ വിവരങ്ങൾ നൽകി അന്യസംസ്ഥാന തൊഴിലാളികളെ തെരുവിലിറക്കിയ സംഭവത്തിൽ വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരടക്കം 14 പേർക്കെതിരെ കലാപശ്രമത്തിനു കേസ്. പയ്യന്നൂരിലെ കരാറുകാരനും വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാർക്കുമെതിരെയാണ് കേസ്. പയ്യന്നൂർ പോലീസാണ് കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസ്.
നാട്ടിലേക്ക് തിരികെ പോകാൻ കഴിയാത്തതിനാൽ പയ്യന്നൂരിലും രാമന്തളിയിലും അന്യസംസ്ഥാന തൊഴിലാളികൾ കഴിഞ്ഞ ദിവസം ലോക്ഡൗൺ ലംഘിച്ച് റോഡിലിറങ്ങി പ്രതിഷേധിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് കേസ്. രാമന്തളിയിലെ ഏഴിമല നാവിക അക്കാദമിയിലെ കേബിൾ കരാർ ജീവനക്കാരാണ് കഴിഞ്ഞ ദിവസം റോഡിലിറങ്ങി പ്രതിഷേധിച്ചത്.
ഇവരെ ജോലിക്കായി കൊണ്ടുവന്ന തൃശൂർ സ്വദേശി മുഹമ്മദ് ഷെയ്ഖ്, രാമന്തളി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിൻമാരും വ്യാജ സന്ദേശം പ്രചരിപ്പിച്ച അംഗങ്ങളും ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രാമന്തളി ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ പരാതിയിലാണ് നടപടി. കരാർ തൊഴിലാളികൾക്ക് അവശ്യമായ ഭക്ഷണമോ കൂലിയോ നൽകാതെ പീഡിപ്പിക്കുകയാണെന്ന് തൊഴിലാളികൾ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഇയാൾ മുങ്ങുകയും ചെയ്തു. പിന്നീട് റോഡിലിറങ്ങി പ്രതിഷേധിക്കാൻ ഫോണിലൂടെ കരാറുകാരൻ പറഞ്ഞത്രേ. അന്യസംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണം നൽകാൻ പഞ്ചായത്ത് അധികൃതർ തയാറായെങ്കിലും താൻ ഭക്ഷണം നൽകാമെന്ന് പറഞ്ഞ് കരാറുകാരൻ തടഞ്ഞിരുന്നു. എന്നാൽ പിന്നീട് ഇയാൾ ഭക്ഷണം നൽകാതായതോടെ പഞ്ചായത്ത് അധികൃതർ സമൂഹ അടുക്കളയിൽ നിന്നും ഭക്ഷണം നൽകി വരികയായിരുന്നു. ഇതിനിടെയാണ് തൊഴിലാളികളെ പ്രകോപിപ്പിച്ച് റോഡിലിറക്കിയത്. അന്യസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം പ്രചരിപ്പിച്ചതിനാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിനും അംഗങ്ങൾക്കും എതിരെ കേസെടുത്തത്. കലാപമുണ്ടാക്കാൻ ശ്രമിച്ചുവെന്ന കുറ്റത്തിനാണ് കേസ്.