തിരുവനന്തപുരം- പ്രവാസികളെ സ്വീകരിക്കാനുള്ള തയാറെടുപ്പുകളുമായി തിരുവനന്തപുരം വിമാനത്താവളം. പ്രവാസികളെ സ്വീകരിക്കുന്നതിന് വിമാന ജീവനക്കാർക്കും എയർപോർട്ട് ഉദ്യോഗസ്ഥർക്കും ആരോഗ്യ വകുപ്പ് പരിശീലനം നൽകി. ബഹ്‌റൈനിൽ നിന്ന് കൊച്ചിയിലേക്ക് യാത്രക്കാരെ എത്തിക്കാനുളള വിമാനം തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ടു. ഞായറാഴ്ചയാണ് ദോഹയിൽ നിന്ന് തിരുവനന്തപുരത്തേക്ക് 177 പേരുടെ സംഘമെത്തുക.
പ്രവാസികളുടെ സംഘത്തെ സ്വീകരിക്കുന്നതിന് മുന്നോടിയായി ജില്ലാ ഭരണകൂടവും പോലീസും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും വിമാനത്താവളത്തിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. വന്ദേഭാരത് മിഷനായി അബുദാബിയിലേക്ക് പോകുന്ന എയർ ഇന്ത്യ വിമാനത്തിലെ ജീവനക്കാർക്ക് തിരുവനന്തപുരത്ത് യാത്രയയപ്പ് നൽകി.
ആധുനിക തെർമൽ ക്യാമറ അടക്കമുളള സജ്ജീകരണങ്ങളാണ് തിരുവനന്തപുരത്ത് എത്തുന്ന യാത്രക്കാരെ പരിശോധിക്കാൻ ഒരുക്കിയിരിക്കുന്നത്. ആരോഗ്യ വകുപ്പിന്റേയും എമിഗ്രേഷൻ അധികൃതരുടേയും പോലീസിന്റേയുമെല്ലാം പരിശോധനകൾ പൂർത്തിയാക്കി ഓരോരുത്തരും പുറത്തിറങ്ങാൻ 40 മിനിട്ട് വരെ സമയമെടുക്കും. വിമാനത്താവളത്തിൽ നിന്നും കെ.എസ്.ആർ.ടി.സി ബസുകളിൽ യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ജില്ലയിലെ ആറ് താലൂക്കുകളിലായി 17,000 ത്തോളം കിടക്കകളാണ് നിരീക്ഷണത്തിനായി തയാറാക്കിയിരിക്കുന്നത്. ഗർഭിണികൾ, മുതിർന്നവർ, കുട്ടികൾ എന്നിവർ വീടുകളിൽ തന്നെ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും.